Medicalകണ്ണൂര്‍: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടികള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങി. ഇതനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള കോളേജുകളിലേക്കും ഒരേസമയം കൗണ്‍സലിങ് നടത്താനാണ് നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

1997-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റഗുലേഷനും 2000-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റഗുലേഷനും ഭേദഗതി ചെയ്തതായി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പിറ്റേഷന്‍ ഫീസും മെറിറ്റ് തിരിമറിയും തടയാന്‍ പുതിയ നിര്‍ദേശത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികള്‍ക്ക് ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷനല്‍കേണ്ടതുമില്ല.

നീറ്റ് പരീക്ഷ നടപ്പാക്കിയപ്പോള്‍ കഴിയുമെങ്കില്‍ പൊതുകൗണ്‍സലിങ് നടത്തണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്താതെയായിരുന്നു ഇവ. കഴിഞ്ഞവര്‍ഷം കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊതു കൗണ്‍സലിങ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

എന്നാല്‍, തീരുമാനം റദ്ദാക്കി മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനനടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതിനല്‍കി. സമയം വൈകിയതിനാല്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുമായില്ല. ഇതോടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തന്നിഷ്ടപ്രകാരം പ്രവേശനം നല്‍കി. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണയിലാണ്.

പുതിയ നിര്‍ദേശങ്ങള്‍

  • മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലേക്കുള്ള പൊതുകൗണ്‍സലിങ് ഏപ്രില്‍ നാലിനു തുടങ്ങണം. മേയ് 31-ന് നടപടികള്‍ പൂര്‍ത്തിയാക്കണം.
  • സ്വകാര്യമേഖലയില്‍ വ്യക്തികളോ സൊസൈറ്റികളോ ട്രസ്റ്റുകളോ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും ഡീംഡ് മെഡിക്കല്‍ കോളേജുകള്‍ക്കും ന്യൂനപക്ഷപദവിയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും പുതിയചട്ടം ബാധകം.
  • എം.ബി.ബി.എസ്., എം.ഡി., എം.എസ്. തുടങ്ങി സര്‍വകലാശാലാതലത്തില്‍ നടക്കുന്ന തത്തുല്യകോഴ്‌സുകള്‍ക്കെല്ലാം ബാധകം.
  • നീറ്റിലെ മാര്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തും പൊതു അഭിമുഖം നടത്തിയാവണം എല്ലാതരം കോളേജിലേക്കും പ്രവേശനം. ഇതിനുള്ള ക്രമീകരണം ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കണം.