ന്യൂഡല്‍ഹി: ശാസ്ത്രസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതിയ സംസ്‌കാരം വളര്‍ത്താനുമുള്ള പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. പുതുസംരംഭകരുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ കര്‍മപരിപാടിയിലെ പ്രധാന സംഗതിയാണിത്. അഞ്ചുലക്ഷം സ്‌കൂളുകളില്‍നിന്ന് 10 ലക്ഷം പുതുആശയങ്ങളാണ് ലക്ഷ്യമിടുന്നത്. 

ചെറുപ്പത്തില്‍ത്തന്നെ പുതിയ ആശയങ്ങളുടെയും സംരംഭങ്ങളുടെയും ചിന്ത വളര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10 ലക്ഷം നൂതന പരീക്ഷണ, ആശയങ്ങളില്‍ ഒരുലക്ഷത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. 10,000 എണ്ണത്തിന്റെ മാതൃകയ്ക്ക് സഹായം നല്‍കും. അവയില്‍ ഏറ്റവും മികച്ച 100 എണ്ണം എല്ലാവര്‍ഷവും രാഷ്ട്രപതിഭവനില്‍ നടക്കുന്ന വാര്‍ഷികസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. 

ദേശീയതലത്തില്‍ മത്സരം, 20 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തും. ഐ.ഐ.ടി.കളില്‍ ഉന്നതനിലവാരമുള്ള ഗവേഷണത്തിന് വര്‍ഷം 250 കോടി രൂപ പ്രത്യേകം നല്‍കും.മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷണ പാര്‍ക്കിന്റെ മാതൃകയില്‍ ഗ്വാളിയോര്‍, ഹൈദരാബാദ്, കാണ്‍പുര്‍, ഖരക്പുര്‍, ഗാന്ധിനഗര്‍, ഡല്‍ഹി എന്നീ ഐ.ഐ.ടി.കളിലും ബെംഗളൂരുവിലെ ഐ.ഐ.എസ്.സി.യിലും ഗവേഷണപാര്‍ക്ക് സ്ഥാപിക്കും.