തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനു വേണ്ടി ടി.സി. വാങ്ങി പഠനം തുടരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പുനഃപ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നീറ്റ് യോഗ്യത നേടിയതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുവേണ്ടി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നും ലിക്വിഡേറ്റഡ് ഡാമേജ് അടച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു.
 
എന്നാല്‍ സുപ്രീംകോടതി സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ ട്യൂഷന്‍ ഫീസ് 11 ലക്ഷമാക്കി ഉയര്‍ത്തിയതോടെ മെഡിക്കല്‍ കോഴ്‌സിന് പ്രവേശനം നേടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ എന്‍ജിനീയറിങ് പഠനം തുടരാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
 
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ പ്രവേശനത്തിനു വേണ്ടി ടി.സി. വാങ്ങി, പഠനം തുടരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പുനഃപ്രവേശനം നല്‍കുന്നതിനും ലിക്വിഡേറ്റഡ് ഡാമേജ് ഇനത്തില്‍ ഈടാക്കിയ തുക തിരിച്ചുനല്‍കുന്നതിനും സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.