തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് അധികസമയം അനുവദിച്ച് രാത്രിയോടെയാണ് നടപടികള്‍ അവസാനിപ്പിച്ചത്. രണ്ടുദിവസമായി നടന്ന അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള മുഴുവന്‍ സീറ്റുകളിലേക്കും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് ഹൈക്കോടതി ഇളവനുദിച്ചിട്ടുണ്ട്. പ്രവേശനംനേടി ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍മതി.അലോട്ട്‌മെന്റ് നടന്ന ചൊവ്വാഴ്ചയും ഉയര്‍ന്ന ഫീസുകാരണം ചില വിദ്യാര്‍ഥികള്‍ പ്രവേശനം എടുക്കാതെ മടങ്ങി. ചില കോളേജുകള്‍ ബാങ്ക് ഗാരന്റിക്കുപകരം ആറുലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആവശ്യപ്പെട്ടത് രക്ഷിതാക്കളെ വലച്ചു.
 
കഴിഞ്ഞദിവസം പ്രവേശനം നേടിയ ചിലര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായി ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരികെ ആവശ്യപ്പെട്ടതും ഒച്ചപ്പാടിനിടയാക്കി. സര്‍ക്കാര്‍ നേരിട്ട് ഫീസ് നല്‍കുന്ന പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളും അലോട്ട്‌മെന്റ് സമയത്ത് ഫീസ് അടയ്ക്കണമെന്ന് ചില കോളേജുകള്‍ നിലപാടെടുത്തതും പ്രതിഷേധത്തിന് കാരണമായി.

മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ഇല്ലാതിരുന്ന അല്‍ അസര്‍, മൗണ്ട് സിയോന്‍, ഡി.എം. വയനാട് എന്നീ കോളേജുകളില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ കോളേജുകളെയും സ്‌പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തി. ന്യൂനപക്ഷ പദവിയുള്ള അല്‍ അസറിലെ 44 സീറ്റുകളിലേക്ക് മുസ്ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്കും മൗണ്ട് സിയോനിലെ 60 സീറ്റുകളിലേക്ക് ദ പെന്തക്കോസ്തല്‍ മിഷന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം നല്‍കും. റവന്യൂ അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ചുലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും നല്‍കണം. എന്‍.ആര്‍.ഐ. ക്വാട്ടാ സീറ്റിലേക്ക് 20 ലക്ഷത്തിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റാണ് വേണ്ടത്.