തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി നല്‍കും. ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയുക്ത ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും ഈട് വാങ്ങാതെ വ്യക്തിഗത ഗാരന്റിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കും. ഇതിനൊപ്പം സര്‍ക്കാര്‍ ഗാരന്റിയും നല്‍കും.

ബാങ്ക് ഗാരന്റി
  • കാലാവധി ആറുമാസം. സെപ്റ്റംബര്‍ അഞ്ചുമുതല്‍ കൊടുത്തു തുടങ്ങും. കോളേജ് പ്രിന്‍സിപ്പലിനായിരിക്കും ഗാരന്റി നല്‍കുക.
  • പ്രവേശനം ലഭിച്ചുവെന്ന് കോളേജ് അധികൃതരോ പരീക്ഷാ കമ്മിഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖസഹിതം ബാങ്കിന് വിദ്യാര്‍ഥി അപേക്ഷ നല്‍കണം.
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഗാരന്റി കമ്മിഷനുണ്ടാകില്ല.
  • ഫീസ് നിര്‍ണയസമിതി അഞ്ചുലക്ഷം രൂപയിലധികം ഫീസ് നിശ്ചയിക്കുകയാണെങ്കില്‍ ആ തുക വിദ്യാര്‍ഥി അടയ്ക്കുകയോ തുല്യമായ തുകയുടെ ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുകയോ ചെയ്യണം. അപേക്ഷിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാക്കും.

അനിശ്ചിതത്വം ഒഴിയുന്നില്ല; പ്രവേശനം ഇന്നും തുടരും

അനിശ്ചിതത്വം ഒഴിയാതെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ചയും തുടരും. ഫീസിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ ചില കുട്ടികള്‍ ബുധനാഴ്ചയും പ്രവേശനം വേണ്ടെന്നുവെച്ചു. ബാങ്ക് ഗാരന്റിയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടാലും ഉയര്‍ന്ന വാര്‍ഷിക ഫീസ് താങ്ങാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഇവര്‍ മടങ്ങുകയായിരുന്നു.

ബുധനാഴ്ച വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്താല്‍ സ്‌പോട്ട് അഡ്മിഷന്‍ ഏറനേരം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 12.15-നാണ് ഇത് പുനരാരംഭിച്ചത്. കൃത്യസമയത്ത് പ്രവേശനം നടത്താനാകാത്തതിനാല്‍ പ്രവേശനം രാത്രി വൈകിയും തുടര്‍ന്നു.

 
വ്യാഴാഴ്ച കേരള റാങ്കിലെ 8001 മുതല്‍ പ്രവേശനം

വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേരള റാങ്കിലെ 8001 മുതല്‍ 25,600 വരെയും (എല്ലാ വിഭാഗവും) ഉച്ചയ്ക്ക് രണ്ടിന് 25,600 മുതല്‍ മുകളിലേക്കുള്ളവര്‍ക്കും (എല്ലാ വിഭാഗവും) പങ്കെടുക്കാം. പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനായി ആരോഗ്യ സര്‍വകലാശാലയുടെ പോര്‍ട്ടല്‍ വ്യാഴാഴ്ച അധികസമയം തുറന്നുനല്‍കും.
 

ബാങ്ക് ഗാരന്റി വേണ്ടെന്ന് മൂന്ന് കോളേജുകള്‍ കൂടി

വെഞ്ഞാറമൂട് ഗോകുലം, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനത്തിന് ബാങ്ക് ഗാരന്റി വേണ്ടെന്ന് ബുധനാഴ്ച അറിയിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് പകുതി കുട്ടികള്‍ക്കാണ് ഇളവ് അനുവദിക്കുക.