കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ ജോലിചെയ്യുന്ന താത്കാലിക അധ്യാപകരിൽ പലർക്കും കോളേജ് വിദ്യാഭ്യാസവകുപ്പ് നിഷ്കർഷിച്ച ശമ്പളം നിഷേധിക്കുന്നു. മാനേജ്‌മെന്റ് നൽകുന്ന തുച്ഛമായ വേതനം വാങ്ങി അധികജോലി ചെയ്യേണ്ട സ്ഥിതിയിലാണ് അധ്യാപകർ.

കോളേജ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് നിർദേശപ്രകാരം ഒരു മണിക്കൂറിന് 350 രൂപ നൽകണം. ഒരാഴ്ച ചുരുങ്ങിയത് 16 മണിക്കൂർ പഠിപ്പിക്കണം. നെറ്റ്, പിഎച്ച്.ഡി. യോഗ്യതയുണ്ടെങ്കിൽ മണിക്കൂറിന് 500 രൂപയാണ് പ്രതിഫലം.

എന്നാൽ, മിക്ക കോളേജിലെയും അധ്യാപകർക്ക് ഈ ശമ്പളം ലഭിക്കുന്നില്ല. ചില കോളേജിലെ അധ്യാപകർക്ക് ഒരു വർഷത്തിലേറെയായി ഈ ശമ്പളം ലഭിച്ചിട്ട്. കോളേജ് അധികൃതരും ഡയറക്ടറേറ്റ് ഓഫീസിനും ഇടയിലുള്ള സാങ്കേതികപ്രശ്നങ്ങളാണ് ശമ്പളം കിട്ടാത്തതിന് കാരണമെന്ന് പറയുന്നു.

ക്ലാസെടുത്തതിന്റെ രേഖകൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലേക്ക് അതത് കോളേജ് അധികൃതരാണ് നൽകേണ്ടത്. ഇതനുസരിച്ചാണ് ശമ്പളം നൽകുക. ഇത്‌ വൈകുന്നതുകാരണം കോളേജ് മാനേജ്‌മെന്റും പി.ടി.എ.യും ചേർന്നാണ് പലപ്പോഴും പ്രതിഫലം നൽകുന്നത്. കോളേജ് അധികൃതർ നൽകുന്ന ചെറിയ വരുമാനം മാത്രമാണുള്ളതെന്നും ഒരു വർഷമായിട്ടും ശമ്പളം കിട്ടിയിട്ടില്ലെന്നും വയനാട്ടിലെ ഒരു കോളേജിൽ ജോലി ചെയ്യുന്ന അധ്യാപകർ പറഞ്ഞു. 

രേഖകൾ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അതേസമയം, പഠിപ്പിച്ചതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച കോളേജിലെ അധ്യാപകർക്കെല്ലാം ശമ്പളം നൽകിയിട്ടുണ്ടെന്ന് മലബാർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യുക്കേഷൻ അധികൃതർ പറഞ്ഞു.

ഡയറക്ടറേറ്റിൽനിന്നും കോളേജിൽനിന്നും ശമ്പളം കിട്ടാത്ത അധ്യാപകരുമുണ്ട്. 5000 രൂപ മുതൽ പ്രതിഫലം നൽകുന്ന കോളേജുകളും ഇവിടെയുണ്ട്. യോഗ്യതകൾ ഉണ്ടായിട്ടും ഒരു വർഷത്തോളം ശമ്പളം നൽകാത്തതിനെത്തുടർന്ന് ജോലി മതിയാക്കുകയായിരുന്നെന്ന് കൊല്ലത്തെ ഒരു അധ്യാപിക പറഞ്ഞു.