തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിക്കുകയും പിന്നീട് റദ്ദാവുകയും ചെയ്ത 150 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രത്യേക നിയമനിര്‍മാണത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നല്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്കിയിരുന്നു.

അതേസമയം, പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കിയ 30 വിദ്യാര്‍ഥികളും ഇപ്പോള്‍ പെരുവഴിയിലായി. പഠനം പൂര്‍ത്തിയാക്കിയെങ്കിലും ആരോഗ്യ സര്‍വകലാശാലയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതിരുന്നതിനാല്‍ പരീക്ഷ എഴുതാനായില്ല. ഈ വിദ്യാര്‍ഥികളെ കോടതികളും കൈവിട്ടതോടെ നിവേദനവുമായി കയറിയിറങ്ങുകയാണ്.

കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തിയത്. ഇതുപരിശോധിച്ച പ്രവേശന മേല്‍നോട്ട സമിതി കരുണയിലെ 30 വിദ്യാര്‍ഥികളുടെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കി.

കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കരുണയില്‍ ഒഴിവുവന്ന 30 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണര്‍ കഴിഞ്ഞവര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തി. എന്നാല്‍ അവര്‍ക്ക് പ്രവേശനം നല്‍കാന്‍ കോളേജ് തയ്യാറായില്ല. കോളജ് അധികൃതര്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതി ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവെക്കുകയും എന്‍ട്രന്‍സ് കമ്മിഷണര്‍ അലോട്ട് ചെയ്ത 30 പേര്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അതനുസരിച്ച് ഈ 30 വിദ്യാര്‍ഥികളില്‍ 23 പേര്‍ കഴിഞ്ഞദിവസം ഇതേ കോളേജില്‍ പ്രവേശനം നേടിയിരുന്നു.

അതേസമയം, കഴിഞ്ഞവര്‍ഷം കോളേജ് നേരിട്ട് പ്രവേശനം നല്കിയ 30 വിദ്യാര്‍ഥികള്‍ അവിടെ പഠനം തുടര്‍ന്നു. അവരെ പുറത്താക്കാന്‍ കോടതി ഉത്തരവില്ലായിരുന്നു. വന്‍തുക ഫീസ് നല്കി എന്‍.ആര്‍.ഐ. ക്വാട്ടായില്‍ പ്രവേശനം നേടിയവരും ഇതില്‍പ്പെടും. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ സര്‍വകലാശാലയില്‍ രജിസ്‌ട്രേഷന്‍ എടുത്തിരുന്നില്ല. ഇക്കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത് പരീക്ഷാസമയത്താണ്. കോളേജ് അധികൃതരും ഇക്കാര്യം തുടക്കം മുതല്‍ മറച്ചുവച്ചിരിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.