തൃശ്ശൂര്‍: വേനലവധി കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആശ്വസിക്കാം. നനഞ്ഞ മുടി കെട്ടിവെച്ചതിന്റെ അസ്വസ്ഥതയുമായി ക്ലാസിലിരിക്കേണ്ട. നനഞ്ഞ മുടി രണ്ടായി മെടഞ്ഞിടണമെന്ന സ്‌കൂളുകളുടെ നിര്‍ബന്ധം ഇനി വേണ്ടെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശം അംഗീകരിച്ചാണ് വകുപ്പിന്റെ തീരുമാനം.

കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.എസ്. അല്‍ഷയുടെ പരാതിയാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിനാധാരമായത്. രാവിലെ കുളിച്ച ശേഷം ഉണങ്ങാതെ മുടി പിരിച്ചു കെട്ടിയാല്‍ ദുര്‍ഗന്ധം ഉണ്ടാകുമെന്നും മുടിയുടെ വളര്‍ച്ചയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍ബന്ധിക്കുന്നത് ലിംഗവിവേചനമാണെന്ന വാദം പരിഗണിച്ചായിരുന്നു ഉത്തരവ്.

പെണ്‍കുട്ടികള്‍ എല്ലാ ദിവസവും മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്‌കൂളുകളില്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ 2016 ഓഗസ്റ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുടി വിഷയത്തില്‍ നിര്‍ബന്ധം വേണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവിട്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് ഇതെപ്പറ്റി തീരുമാനമെടുത്തിരുന്നില്ല.

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷമുണ്ടാക്കുന്ന രീതിയില്‍ മുടി രണ്ടായി പിരിച്ചു കെട്ടണമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകള്‍ക്ക് ഇരയാകുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.