ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ സീനിയർ സെക്കൻഡറി ക്ലാസുകളിലെ പാഠ്യപദ്ധതിയിൽനിന്ന് ഏഴ് അക്കാദമിക വിഷയങ്ങളും 34 തൊഴിലധിഷ്ഠിത വിഷയങ്ങളും ഒഴിവാക്കി. 2017-18 അധ്യയനവർഷത്തിൽ ഈ വിഷയങ്ങളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. 

നിലവിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസിലും ഈ വിഷയങ്ങളിൽ പഠനം തുടരാം. ഈ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായതിനാലാണ് സി.ബി.എസ്.ഇ. ബോർഡിന്റെ ഈ നടപടി.

അക്കാദമിക വിഷയങ്ങളിൽ ഫിലോസഫി, ക്രിയേറ്റീവ് റൈറ്റിങ് ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, ഹെറിറ്റേജ് ക്രാഫ്റ്റ്, ഗ്രാഫിക് ഡിസൈൻ, ഹ്യൂമൻ റൈറ്റ്‌സ് ആൻഡ്‌ ജെൻഡർ സ്റ്റഡീസ്, തിയേറ്റർ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയാണ് ഒഴിവാക്കിയത്.

പൗൾട്രി ന്യൂട്രീഷൻ ആൻഡ് ഫിസിയോളജി, പൗൾട്രി പ്രോഡക്ട്‌സ് ആൻഡ് ടെക്‌നോളജി, മിൽക്ക് മാർക്കറ്റിങ് ആൻഡ് എന്റർപ്രണർഷിപ്പ്, ഡയറി പ്രോഡക്ട് ടെക്‌നോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് അക്കൗണ്ടിങ്, മിഡ്‌വൈഫറി തുടങ്ങി 34 തൊഴിലധിഷ്ഠിത വിഷയങ്ങളാണ് ഒഴിവാക്കിയത്.

ഇതുസംബന്ധിച്ച വിശദവിവരങ്ങൾ സി.ബി.എസ്.ഇ.യുടെ വെബ്‌സൈറ്റിലുണ്ട്. ഈ വിഷയങ്ങളിൽ 2017-18 അധ്യയനവർഷത്തിലേക്ക് പ്രവേശനം നൽകരുതെന്ന് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ബോർഡ് നിർദേശം നൽകി.