CBSEതിരുവനന്തപുരം: സി.ബി.എസ്.ഇ. അടുത്തവര്‍ഷം മുതല്‍ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്.) നടപ്പാക്കുന്നു. ആറാമത്തെ വിഷയമായി ഏതെങ്കിലും തൊഴില്‍ നൈപുണ്യകോഴ്‌സ് പഠിപ്പിക്കുകയാണ് പദ്ധതി. അണ്‍എയ്ഡഡ് സ്‌കൂളുകളിലടക്കം നടപ്പാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളില്‍ കോഴ്‌സിന്റെ ലെവല്‍ നാലുവരെയുള്ള പഠനമാണ് ഉള്‍പ്പെടുത്തുക. അടുത്തവര്‍ഷം പത്താംക്ലാസിലാണ് തുടങ്ങുക. അതിനടുത്ത വര്‍ഷം ഒമ്പതു മുതല്‍ നടപ്പാക്കും. കേരളം ഇനിയും തൊഴില്‍നൈപുണ്യകോഴ്‌സുകള്‍ തുടങ്ങിയില്ല. സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ. നിലനില്‍ക്കുന്നതിനാലും പൊതുസ്‌കൂളുകളില്‍ തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ നടത്തുന്നതിനോടുള്ള എതിര്‍പ്പുമാണ് കാരണം.

എന്നാല്‍, എല്ലാ സ്‌കൂളിലും തൊഴില്‍നൈപുണ്യ കോഴ്‌സ് നടത്തണമെന്നാണ് കേന്ദ്രനിര്‍ദേശം. പഠനം കഴിയുമ്പോള്‍ ഏതെങ്കിലുമൊരു മേഖലയില്‍ തൊഴില്‍പരിചയം ഉറപ്പാക്കുകയാണ് ലക്ഷ്യം. പന്ത്രണ്ടാംക്ലാസിനുശേഷം പ്രൊഫഷണല്‍ കോഴ്‌സിന് പോകുന്നവരും തൊഴില്‍കോഴ്‌സ് പഠിച്ചിരിക്കണം.

ഒമ്പതാം ക്ലാസില്‍ ഹെല്‍പ്പര്‍ സര്‍ട്ടിഫിക്കറ്റും 12 ല്‍ സ്‌കില്‍വര്‍ക്കര്‍ സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. ഇതിന്റെ തുടര്‍ച്ചയായി യു.ജി.സി നടത്തുന്ന ബി.വോക്, എം.വോക് കോഴ്‌സുകള്‍ക്ക് ലെവല്‍ നാലിന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പല ജോലികള്‍ക്കും 70ലധികം സേവന, വ്യാവസായിക മേഖലയിലെ 1500 തൊഴിലുകളിലേക്കും ഈ കോഴ്‌സ് അടിസ്ഥാനയോഗ്യതയാവും. 

സയന്‍സ്, കണക്ക്, സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഏതെങ്കിലും വിഷയത്തിന് തോറ്റാല്‍ കുട്ടി പഠിച്ച തൊഴില്‍കോഴ്‌സ് അതിന് പകരം കണക്കാക്കി ജയിപ്പിക്കും. പ്രാക്ടിക്കലും തിയറിയുമായി 100 മാര്‍ക്കാണ് തൊഴില്‍കോഴ്‌സിനുണ്ടാകുക.

എന്‍.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് സുന്ദര്‍ലാല്‍ശര്‍മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാഠ്യപദ്ധതി തയ്യാറാക്കും. അതത് മേഖലയിലെ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകളാണ് വിദഗ്ധരുടെ സഹായത്തോടെ ഓരോതലത്തിലും കുട്ടി എന്തെല്ലാം സ്വായത്തമാക്കണമെന്ന് നിശ്ചയിക്കുക. 

നൈപുണ്യകോഴ്‌സുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്‍.എസ്.ക്യു.എഫ്. വഴിയാക്കുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ കേന്ദ്രം കര്‍ക്കശമാക്കിയതോടെ കേരളം 20 സ്‌കൂളുകളില്‍ കോഴ്‌സ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.


കോഴ്‌സുകളും വിഷയങ്ങളും

  • ചില്ലറവ്യാപാരം 
  • ഐ.ടി.  
  • വാഹന സാങ്കേതികവിദ്യ (ഓട്ടോമൊബൈല്‍ ടെക്‌നോളജി)   
  • ഫിനാന്‍സ്   
  • വിനോദസഞ്ചാരം  
  • ബ്യൂട്ടി ആന്‍ഡ് വെല്‍നസ്  
  • കൃഷി  
  • ഭക്ഷ്യോത്പാദനം  
  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്  
  • ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്  
  • മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്  
  • ആരോഗ്യപരിരക്ഷ