ന്യൂഡല്‍ഹി:  സ്‌കൂള്‍ അധികൃതര്‍ കുട്ടികളെക്കൊണ്ട് സ്വകാര്യ പ്രസാധകരുടെ വിലകൂടിയ പാഠ്യപുസ്തകങ്ങള്‍ വാങ്ങിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സിബിഎസ്ഇ. വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം ഇത്തരം പുസ്തകങ്ങള്‍ വാങ്ങിപ്പിക്കുന്നത്, സ്‌കൂളുകള്‍ മുഖേന യൂണിഫോമുകള്‍, നോട്ടുബുക്കുകള്‍, പഠനോപകരണങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് വില്‍ക്കുന്നത് അവ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും സി.ബി.എസ്.സി പുറപ്പെടുവിച്ച  നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ് തയ്യാറാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.സി.ഇ.ആര്‍.ടിയും സിബിഎസ്ഇയുമാണ്. ഇവര്‍ പുറത്തിറക്കുന്ന പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതെന്നാണ് സിബിഎസ്ഇ നിര്‍ദ്ദേശത്തില്‍ പറയുന്നത്. സിബിഎസ്ഇ നിയമപ്രകാരം സ്‌കൂളുകളില്‍ ഒരുതരത്തിലുമുള്ള വാണിജ്യപ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ ബോര്‍ഡിന് നടപടിയെടുക്കാം. ഇക്കാര്യത്തില്‍ നടപടി കര്‍ശനമാക്കാനാണ് സിബിഎസ്ഇ തീരുമാനം. 

അടുത്തിടെ ഡല്‍ഹിയില്‍ സിബിഎസ്ഇ സിലബസനുസരിച്ച് സ്വകാര്യ പ്രസാധകര്‍ തയ്യാറാക്കിയ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അച്ചടിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശവുമായി സിബിഎസ്ഇ രംഗത്ത് വന്നത്. 2016ല്‍ എന്‍.സി.ഇ.ആര്‍.ടി, സിബിഎസ്ഇ പുസ്തകങ്ങള്‍ മാത്രമേ സ്‌കൂളുകളില്‍ ഉപയോഗിക്കാവൂ എന്ന് സിബിഎസ്ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ മിക്ക സ്‌കൂളുകളും പാലിച്ചിരുന്നില്ല. 

രാജ്യത്തെമ്പാടും 18,000 സ്‌കൂളുകളാണ് സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. 2016ലെ സര്‍ക്കുലര്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുതുടങ്ങിയിട്ടുണ്ട്. വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ സ്‌കൂളുകളുടെ അംഗീകാരം എടുത്തകളയുന്നതടക്കമുള്ള നടപടികള്‍ സിബിഎസ്ഇ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.