തൃശ്ശൂര്‍: അംഗീകാരമുള്ള കോഴ്സുകള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുറഞ്ഞ ഫീസ്, വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം, ഉപരിപഠന സാധ്യതകള്‍ തുടങ്ങി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നൂറുകണക്കിന് സംശയങ്ങള്‍ക്ക് ഉത്തരമായി ഒരു വേദി. 

മാതൃഭൂമി ആസ്പയര്‍ വിദ്യാഭ്യാസ പ്രദര്‍ശനം തൃശ്ശൂര്‍ ശക്തന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. വിദ്യാഭ്യാസ പ്രദര്‍ശനം കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. വന്‍ ജനപങ്കാളിത്തമാണ് പ്രദര്‍ശനത്തിനുണ്ടായത്.

പ്രദര്‍ശനത്തിലെ സെമിനാറുകളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെയെത്തി. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള അറുപതോളം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പങ്കാളിത്തം ആസ്പയറിലുണ്ട്. 

ഇവിടെ നിന്നും വിവിധ കോഴ്സുകളുടെ വിശദാംശങ്ങള്‍, ഫീസ് ഘടന എന്നിവ നേരിട്ട് ചോദിച്ചറിയാന്‍ സാധിക്കും.ആസ്പയറില്‍ ഞായറാഴ്ച രാവിലെ 'സിവില്‍ സര്‍വ്വീസസ്', ഉച്ചകഴിഞ്ഞ് 'ആഫ്റ്റര്‍ പ്ലസ്ടു' എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.

ആസ്പയറില്‍ മെഡിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് രംഗത്തെക്കുറിച്ച്  കേരള എന്‍ട്രന്‍സ് പരീക്ഷാ മുന്‍ ജോയിന്റ് കമ്മീഷണര്‍ രാജു കൃഷ്ണന്‍ ക്ലാസ്സെടുക്കും. മെഡിക്കല്‍ എന്‍ജിനീയറിങ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും അവയുടെ പ്രവേശന രീതികളും തൊഴില്‍ സാധ്യതയുള്ള കോഴ്സുകളെപ്പറ്റി വിശദീകരിക്കും. നീറ്റിനെപ്പറ്റിയുള്ള ആശങ്കകള്‍ ദൂരീകരിക്കും.

പാരാ മെഡിക്കല്‍ മേഖല, എന്‍ജിനീയറിങ്ങിലെ തൊഴില്‍ സാധ്യതയുള്ള വിവിധ മേഖലകള്‍ എന്നിവയും ചര്‍ച്ചചെയ്യും. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും. 

ഉച്ചയ്ക്ക് ശേഷം 'മാനേജ്മെന്റ് ആന്റ് കൊമേഴ്സ്' എന്ന വിഷയത്തില്‍ മാനേജ്മെന്റ് രംഗത്തെ പ്രഗത്ഭനും തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്റര്‍ എം.ബി.എ. വിഭാഗം തലവനുമായ ഡോ. വി.എം. സേവ്യര്‍ സംസാരിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ ബിസിനസ് സ്‌കൂളുകള്‍ മാനേജ്മെന്റ് രംഗത്തെ തൊഴില്‍ സാധ്യതകള്‍, ബാങ്കിങ് സാമ്പത്തിക മേഖലകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സെമിനാറില്‍നിന്ന് ലഭിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.

മൂന്ന് ദിവസത്തെ പ്രദര്‍ശനം ചൊവ്വാഴ്ച സമാപിക്കും.വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. പൂര്‍ണമായും ശീതീകരിച്ച ഹാളില്‍ ശില്പശാലകള്‍ക്കായി പ്രത്യേകം വേദിയും കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുമുണ്ട്.

എസ്.ആര്‍.എം. യൂണിവേഴ്സിറ്റിയാണ് ആസ്പയറിന്റെ മുഖ്യ പ്രായോജകര്‍.