ർണാടക ബഗൽകോട്ടിലെ ഹോർട്ടികൾച്ചറൽ സയൻസസ് യൂണിവേഴ്‌സിറ്റി നടത്തിയ ആറാമത് ബിരുദദാന ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം ഒരു കോഴിക്കോട്ടുകാരിയായിരുന്നു. ബി.എസ്.സി. ഹോർട്ടികൾച്ചറിൽ ഒന്നാം റാങ്ക് നേടിയ ഡെൽന റോസ്. ഹോർട്ടികൾച്ചറിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റി നൽകുന്ന 18 സ്വർണമെഡലാണ് 'ഗോൾഡൻ ഗേൾ' സ്വന്തമാക്കിയത്. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു റെക്കോർഡ് ഇതാദ്യം. 
കോഴിക്കോട് കല്ലാനോട് സ്വദേശിയായ അഡ്വ. സണ്ണി തോമസിന്റെയും സ്‌കൂൾ അധ്യാപികയായ റോസമ്മ തോമസിന്റെയും മകളാണ് ഡെൽന. 

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഡെൽനയ്ക്ക് ഗവേഷണത്തോട് താൽപര്യം തോന്നിത്തുടങ്ങിയത്. ശാസ്ത്രജ്ഞ ആയാലെന്താ എന്നൊരു ആലോചന. അതിനെ കൃഷിയിലേക്ക് വഴി തിരിച്ചു വിട്ടത് കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡെൽനയുടെ ആന്റി ആയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് നടത്തുന്ന എൻട്രൻസ് എഴുതി കർണാടക ബഗൽകോട്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹോർട്ടികൾച്ചറൽ സയൻസസിൽ ഡെൽന പ്രവേശനം നേടി. യൂണിവേഴ്‌സിറ്റിയുടെ കോളാർ ക്യാമ്പസിലായിരുന്നു ഡൽനയുടെ പഠനം. 

കർഷകർ എന്നാൽ ദരിദ്രർ എന്നല്ല
കോഴ്‌സിന് ചേരുന്നതിന് മുൻപ് വരെ കൃഷി എന്നു വച്ചാൽ ദരിദ്രർ ചെയ്യുന്ന ജോലി എന്നായിരുന്നു ധാരണ. എന്നാൽ, കർഷകരൊക്കെ ദരിദ്രർ ആയിരിക്കുമെന്ന എന്റെ ധാരണ തിരുത്തപ്പെട്ടു. ഓരോ ഫീൽഡ് ട്രിപ്പും കൃഷിയെക്കുറിച്ചുള്ള പുതിയ അറിവുകൾ പകരുന്നതായിരുന്നു. 

പ്രൊഫഷണൽ കോഴ്‌സ്
ബി.എസ്.സി അഗ്രികൾച്ചർ അല്ലെങ്കിൽ ബി.എസ്സി ഹോർട്ടികൾച്ചർ എന്നത് ഒരു പ്രൊഫഷണൽ കോഴ്‌സ് തന്നെയാണ്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും അത് തേടി നടക്കാൻ താത്പര്യം ഇല്ലെങ്കിൽ ഒരു ഫാം തുടങ്ങാം. നല്ല വരുമാനം ഉണ്ടാക്കാൻ കഴിയും. 

വിജയരഹസ്യം
പുസ്തകത്തിലുള്ളത് കാണാതെ പഠിച്ചല്ല വിജയം നേടിയത്. കൃഷി മണ്ണിലല്ലേ... കൃഷിക്കാരുമായുള്ള സംവാദങ്ങളിലൂടെ കൃഷിശാസ്ത്രം മനസിലാക്കാൻ കഴിഞ്ഞു. പാഠപുസ്തകങ്ങൾക്ക് പുറത്തേക്കുള്ള വായനയിലേക്ക് എത്തിപ്പെട്ടത് അങ്ങനെയാണ്. മാർക്കിന് വേണ്ടി മാത്രമായിരുന്നില്ല വായന.  

സർവകലാശാലയെക്കുറിച്ച്
2008ൽ സ്ഥാപിക്കപ്പെട്ട സർവകലാശാലയാണ് ബഗൽകോട്ടിലെ ഹോർട്ടികൾച്ചറൽ സയൻസസ് യൂണിവേഴ്‌സിറ്റി. പുതിയ സർവകലാശാല ആയതിനാൽ ഏറ്റവും പുതിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ കർണാടകയിലെ വ്യത്യസ്ത കാലാവസ്ഥാ മേഖലകളിൽ സർവകലാശാലയക്ക് ക്യാമ്പസുകളുണ്ട്. കൃഷിപഠനത്തിന് ഇത് ഗുണം ചെയ്യും. 

അഭിരുചിക്ക് മുൻതൂക്കം നൽകുക
 അഭിരുചി തിരിച്ചറിയുക പ്രധാനമാണ്. കരിയറിൽ തിളങ്ങളമെങ്കിൽ ആദ്യം യോജിച്ച കോഴ്‌സ് തെരഞ്ഞെടുക്കണം. വിജയം പിന്നാലെ വരും. അല്ലെങ്കിൽ മടുപ്പ് തോന്നും. 

അവസരങ്ങൾ
അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ വകുപ്പുകളിൽ നിരവധി ജോലിസാധ്യതകളുണ്ട്. കൃഷി ഓഫീസർ, കൃഷി വിജ്ഞാന കേന്ദ്രം കോർഡിനേറ്റർ, അധ്യാപനം, ഗവേഷണം എന്നിങ്ങനെ വൈവിധ്യമാർന്ന ജോലികൾ സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ലഭ്യമാണ്. കൂടാതെ സ്വയംസംരംഭകരാകാനും ഇത് വഴി കഴിയും. 

ഭാവി പരിപാടികൾ
ഉത്തരാഖണ്ഡിലെ ജി.ബി.പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജിയിൽ എം.എസ്.സി പ്ലാന്റ് പാത്തോളജി വിദ്യാർഥിനിയാണ്. പിജി പഠനത്തിനു ശേഷം ഗവേഷണരംഗത്തേക്ക് തിരിയാനാണ് ആഗ്രഹം. അതിനുശേഷം സ്വന്തമായൊരു ഫാമും മനസിലുണ്ട്.