മാതൃഭാഷയുടെ രണ്ടാംപേപ്പർ സന്തോഷത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.  കുട്ടികളെ സ്വഭാഷയോട് ചേർത്തുനിർത്താൻ പരീക്ഷ സഹായകമായെന്ന്  പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ജീവിതം പടർത്തുന്ന വേരുകൾ, നിലാവുപെയ്യുന്ന നാട്ടുവഴികൾ, വാക്കുകൾ വിടരുന്ന പുലരികൾ എന്നീ മൂന്ന് യൂണിറ്റുകളിലായി പത്ത് പാഠഭാഗങ്ങളാണ് പഠിക്കാൻ ഉണ്ടായിരുന്നത്.

മൂന്ന് യൂണിറ്റുകൾക്കും പ്രവേശകപ്രവർത്തനങ്ങൾ നൽകിയിരുന്നു. മൂന്ന് കഥയും മൂന്ന് കവിതയും മൂന്ന് ലേഖനവും ഒരു നോവൽ ഭാഗവുമാണ് മൂല്യനിർണയത്തിന് പരിഗണിച്ചത്. പതിന്നാല് ചോദ്യങ്ങളിൽ ഒന്നുമുതൽ അഞ്ചുവരെയുള്ളവ വസ്തുനിഷ്ഠ മാതൃകയിലുള്ളതായിരുന്നു. രണ്ടുമാർക്കിന്റെ മൂന്ന് ചോദ്യങ്ങളാണ് നൽകിയത്.

മൂന്നാംചോദ്യം വരികളിലെ നർമം എടുത്തെഴുതാനുള്ളതാണ്. അതിന്റെ ജീവൻ പോകുന്നതുകാണുമ്പോൾ കണ്ണുനിറയാത്തത് കണ്ണിൽകൂടി വരേണ്ട വെള്ളം വായിൽ ഊറ്റുന്നതുകൊണ്ടാണ്. ശരാശരി നിലവാരമുള്ള ആർക്കും വരിയിലെ നർമം കണ്ടെത്താൻ എളുപ്പമാണ്.

നാലാംചോദ്യത്തിൽ കവി വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത് എന്ന കവിതയിലെ നീളും മലയുടെ ചങ്ങലവട്ടയിൽ... ഓണക്കോടിയുടുത്തൊരുഷസ്സേ എന്ന വരികളിലെ വാങ്മയചിത്രത്തിന്റെ ഭംഗി വിശദീകരിക്കുകയാണുവേണ്ടത്. നിലവാരം പുലർത്തുന്ന ഈ ചോദ്യം ലഘൂത്തര മാതൃകയിൽപ്പെടുത്തി രണ്ടുമാർക്ക് നൽകിയത് ഉചിതമായില്ല.  

ആറുമുതൽ പതിനൊന്നുവരെ ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് അരപ്പുറത്തിൽ ഉത്തരമെഴുതുകയാണ് വേണ്ടത്. അമ്മത്തൊട്ടിൽ എന്ന കവിതയിലെ മകന്, ജില്ലാ ആസ്പത്രിക്ക് അരികിലും വിദ്യാലയമുറ്റത്തും അമ്മയെ ഉപേക്ഷിക്കാൻ സാധിക്കാതെവന്നതിന്റെ കാരണം ഗ്രഹിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കാനുള്ള ആറാം ചോദ്യം നിലവാരമുള്ളതും ആസ്വാദനതലത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതുമായി.

കാരൂർ നീലകണ്ഠപിള്ളയുടെ കോഴിയും കിഴവിയും എന്ന കഥയിലെ പ്രസക്തഭാഗം നൽകി കഥാവിശകലനം ചെയ്യാനുള്ള ഏഴാംചോദ്യം ഉന്നതനിലവാരം പുലർത്തുന്നതാണെങ്കിലും വിശകലനക്കുറിപ്പ് തയ്യാറാക്കുകയെന്ന പ്രവർത്തനം ആവർത്തനംകൊണ്ട് മടുപ്പുളവാക്കി.

‘പൊക്കിളിൻവള്ളി അടർത്തിക്കളഞ്ഞു നിൻ ശീലം മറന്നുതുടങ്ങി ഞാൻ’ കവി വി. മധുസൂദനൻ നായരുടെ ‘അമ്മയുടെ എഴുത്തുകൾ’ എന്ന കവിതയിലെ വരികൾ നൽകിയിരിക്കുന്നു. ചോദ്യത്തിൽ, അമ്മത്തൊട്ടിൽ എന്ന കവിതയിലെ നായകന് സംഭവിച്ച മാറ്റംതന്നെ വരികളുടെ അടിസ്ഥാനത്തിൽ വിശകലനംചെയ്യാനുള്ളതാണ് എട്ടാംചോദ്യം.

പരീക്ഷാപ്രവർത്തനം എന്നനിലയിൽ വിശകലനം ആവർത്തനവിരസമെങ്കിലും കുട്ടികൾക്ക് കണ്ടെത്തി എഴുതാൻ പ്രയാസമുണ്ടാകില്ല. സുകുമാർ അഴീക്കോടിന്റെ ‘നവയാത്രകൾ’ എന്ന പുസ്തകത്തിലെ പത്രനീതിയിൽനിന്നാണ് ഒമ്പതാം ചോദ്യം. പത്രത്തെ എതിർക്കേണ്ടിവന്നാൽ, എതിർപ്പിന് പ്രചാരംവേണമെങ്കിൽ പത്രത്തെത്തന്നെ ആശ്രയിക്കണം. മാറുന്ന ഈ കാലത്ത് ഈ വാക്കുകൾക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് കണ്ടെത്തി എഴുതുകയാണ് വേണ്ടത്. 

ഇ. സന്തോഷ്‌കുമാറിന്റെ പണയം എന്ന കഥയിൽ ചാക്കുണ്ണി എന്ന തയ്യൽക്കാരൻ മകന്റെ ചികിത്സയ്ക്കായി തന്റെ ഓമനയായ റേഡിയോ ചെമ്പുമത്തായിക്ക് പണയപ്പെടുത്തുന്ന ഹൃദയസ്പർശിയായ സന്ദർഭം നൽകി. വാക്യത്തിലെ സൂചനകളെ വിലയിരുത്താനുള്ള ചോദ്യം കഥയിലെ കേന്ദ്രാശയത്തിന് ഊന്നൽനൽകിയും നിലവാരത്തോടെയും അവതരിപ്പിച്ചിരിക്കുന്നു.

കഥയിലെ കഥാപാത്രത്തിന്റെ പേര് ചാക്കുണ്ണി എന്നതിനുപകരം ചെമ്പുമത്തായി എന്ന് അടിച്ചിരുന്നുവെങ്കിൽ ചോദ്യം വ്യക്തമാകുമായിരുന്നു. പന്ത്രണ്ടുമുതൽ പതിന്നാലുവരെയുള്ള ഉപന്യാസ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഒരുപുറത്തിൽ ഉത്തരം എഴുതുകയാണ് വേണ്ടത്. ചോദ്യം പ്രസക്തവും പുതുമയുള്ളതുമാണെങ്കിലും താഴ്ന്നനിലവാരക്കാരെ അല്പം ബുദ്ധിമുട്ടിക്കും.

പതിമ്മൂന്നാമത്തെ ഉപന്യാസ ചോദ്യം കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ശ്രീനാരായണഗുരു എന്ന ലേഖനത്തിൽനിന്നാണ്. പാഠത്തിലെ കേന്ദ്രാശയം സ്വാഭിപ്രായങ്ങൾ ഉൾപ്പെടുത്തി സമകാലികപ്രസക്തിയോടെ വിശദീകരിക്കുകയാണ് വേണ്ടത്. ഉപന്യാസത്തിന്റെ ഘടന പാലിച്ച് പ്രധാനാശയങ്ങളുടെ ക്രോഡീകരണത്തോടെ ലഘുവാക്യങ്ങളിൽ ഉത്തരം എഴുതിയവർക്ക് മുഴുവൻ മാർക്കും ഉറപ്പ്.

തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവൽഭാഗം നൽകിയിരിക്കുന്നു പതിനാലാം ചോദ്യത്തിൽ. കോരനെ പട്ടിണിയിലേക്ക് തള്ളിയിട്ട സാമൂഹികഘടന വിശദീകരിക്കുകയാണ് ഉപന്യാസരചനയിലൂടെ വിദ്യാർഥികൾ ചെയ്യേണ്ടത്. പൊതുവേ ശരാശരിക്ക് മുകളിൽ നിലവാരമുള്ളതാണ് ചോദ്യങ്ങളെങ്കിലും ചില ചോദ്യങ്ങളുടെ മുനയൊടിഞ്ഞതും പ്രസക്തഭാഗങ്ങൾക്ക് ഊന്നൽ നൽകാതിരുന്നതും പോരായ്മയായി.