എസ്എസ്എല്‍സി - 2017 / ഇംഗ്ലീഷ്‌

പുതിയ പാഠപുസ്തകമാസ്പദമാക്കിയ ആദ്യപരീക്ഷയെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും സമീപിച്ചത് ആശങ്കകളോടെയായിരുന്നു. എന്നാൽ, അത്തരം ആകുലതകൾക്ക് അടിസ്ഥാനമില്ല എന്ന് അടിവരയിടുന്നതായിരുന്നു എസ്.എസ്.എൽ.സി. ഇംഗ്ലീഷ് പരീക്ഷ, ഭാഷാപഠനം വ്യവഹാരമാർഗങ്ങളിലൂടെയെന്ന സൂത്രവാക്യത്തിലൂന്നി സാമൂഹിക ജ്ഞാനനിർമിതിയുറപ്പാക്കുന്ന സ്വാഭാവിക പഠനതന്ത്രങ്ങൾക്കാണ് ഇന്ന് ക്ലാസ് മുറികൾ സാക്ഷ്യംവഹിക്കുന്നത്.

പരീക്ഷകൾ കേവലം പരീക്ഷണങ്ങളാകാതെ വിമർശനബോധവും ബഹുമുഖബുദ്ധിയുമൊക്കെ പരിശോധിക്കപ്പെടുന്ന അങ്കത്തട്ടുകളാണിന്ന്. ഈ അടിസ്ഥാനധാരണകളെ മുൻനിർത്തി വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ‘വിദ്യാർഥി സൗഹൃദ’ ചോദ്യപ്പേപ്പർ ഒരുക്കിയപ്പോഴും ഭാഷാപഠനത്തിന്റെ സമഗ്രവും സങ്കീർണവുമായ സാധ്യതകളെ പരിഗണിക്കുന്ന ചില ചോദ്യങ്ങളിലൂടെ ഭാഷയെ ഗൗരവമായി സമീപിക്കുന്ന പഠിതാക്കൾക്കും അവസരമൊരുക്കാൻ ചോദ്യകർത്താവ് പരിശ്രമിച്ചിട്ടുണ്ട്. 

ഗദ്യഭാഗത്തെ ആസ്പദമാക്കി വായനയും അവധാരണവും ലക്ഷ്യമിട്ട ഒന്നു മുതൽ അഞ്ചുവരെയുള്ള ചോദ്യങ്ങൾ രണ്ടാമത്തേതൊഴികെ വരികൾക്കിടയിൽ ഉത്തരമൊളിപ്പിച്ചവയായിരുന്നു. രണ്ടാംചോദ്യത്തിന് സാധാരണയിൽകവിഞ്ഞ ഗ്രഹണശേഷി ആവശ്യമാണ്. പദ്യഭാഗത്തുനിന്നുള്ള ആറു മുതൽ ഒമ്പതു വരെയുള്ള ചോദ്യങ്ങൾ വളരെ ലളിതമായിരുന്നു. ആസ്വാദനശേഷി അളക്കുന്നതിനുള്ള ചോദ്യങ്ങളൊന്നും ഇവിടെ ഉൾപ്പെടുത്താഞ്ഞത് ഒരുപക്ഷേ 10-ാം ചോദ്യം ആ ഗണത്തിൽപ്പെട്ടതായതുകൊണ്ടാകാം.

പ്രാസം, അലങ്കാരം എന്നിവ സംബന്ധിയായ ചോദ്യങ്ങൾ ഈ ഭാഗത്ത് പ്രതീക്ഷിച്ച കുട്ടികൾ നിരാശരായേക്കും. 11 മുതൽ 14 വരെയുള്ള അൺനോൺ പാസേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലളിതമെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഗൗരവമായ വായന അർഹിക്കുന്നവയായിരുന്നു. 

15 മുതൽ 20 വരെയുള്ളവ എളുപ്പമായിരുന്നുവെങ്കിലും മൂന്ന്‌ ഉത്തരങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയത് പരിഹരിക്കേണ്ടതായിരുന്നു. സൂചകങ്ങൾ നൽകിയുള്ള മാർത്താ സാലിനസ്സിന്റെ ‘ദ സ്കോളർഷിപ്പ് ജാക്കറ്റ്, എ.ജെ. ക്രോണിന്റെ ‘ദ ബെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഐ എവർ മെയ്ഡ്’ എന്നീപാഠങ്ങളുടെ കഥാതന്തു വിവരിക്കാനുള്ള 21-ാം ചോദ്യം പ്രതീക്ഷിച്ചതുതന്നെ.

‘ദ ഡെയ്‌ഞ്ചർ ഓഫ് എ സിംഗിൾ സൊസൈറ്റി’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട 22-ാം ചോദ്യം സമർഥരായ കുട്ടികളെപ്പോലും അലോസരപ്പെടുത്താൻ ഇടയുണ്ട്. ഈ ഒരു ചോദ്യം പല എ പ്ളസ്‌ സ്വപ്നങ്ങൾക്കുംമേൽ കരിനിഴലാകാം. ഈ പാഠത്തിൽ നിന്നാകെ ഒമ്പതുമാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നുവെന്നതും ഒഴിവാക്കാമാ യിരുന്നു.

സംഭാഷണം, ഡയറി, ലെറ്റർ എന്നിവ തയ്യാറാക്കാനുള്ള തുടർചോദ്യങ്ങൾ ശരാശരിക്കാർപോലും ആസ്വദിച്ച് എഴുതിയിരിക്കാം. നോട്ടീസ് തയ്യാറാക്കുന്നതിനുള്ള 26-ാമത്തെ ചോദ്യം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായി ക്ലാസ് മുറിയിൽ നടന്ന പ്രവർത്തനങ്ങളിൽ സംവേദനം ചെയ്യപ്പെട്ടിട്ടുള്ളതായതിനാൽ കൂടുതൽ ദിശാബോധത്തോടെ കുട്ടികൾ ഈ ചോദ്യത്തെ സമീപിക്കും.

തുടർന്ന് വ്യാകരണാധിഷ്ഠിതമായി ചോദ്യങ്ങളിലേക്ക് പ്രവേശിക്കുകയാണ്. സംഭാഷണശകലങ്ങൾ പൂരിപ്പിക്കാനുള്ള 27-ാം ചോദ്യത്തിൽ ക്വസ്റ്റ്യൻടാഗ് ആവർത്തിച്ചത് ഒഴിവാക്കാമായിരുന്നു. അവസാനസംഭാഷണ ശകലത്തിനുശേഷം ആശ്ചര്യചിഹ്നം ഉപയോഗിച്ചത് ചിലരിലെങ്കിലും അമ്പരപ്പുണ്ടാക്കി. സംഭാഷണശകലങ്ങൾ ഒരെണ്ണമൊഴികെ മറ്റെല്ലാം ചോദ്യനിർമാണമായതിൽ എന്തോ കല്ലുകടി പോലെ.

തെറ്റുതിരുത്താനുള്ള 28-ാമത്തെ ചോദ്യം കാലം, വാചകഘടന എന്നിവയിൽ മാത്രം ഒതുക്കിയതുമൂലം കൂടുതൽ ബുദ്ധിമുട്ടിക്കുകയില്ല. റിപ്പോർട്ട് ചെയ്യാനുള്ള 29-ാം ചോദ്യത്തിൽ രണ്ടുവാചകങ്ങളും സാമാന്യഭൂതകാലമായത് ആവർത്തനവിരസത ഉണ്ടാക്കി. വാക്കുകൾ കണ്ടെത്തേണ്ട 30-ാം ചോദ്യം പാഠസംബന്ധിയായതുകൊണ്ട് കുട്ടികൾക്ക് ഇത് എളുപ്പമായിരുന്നു.

ഒരുപക്ഷേ, വളരെ പരിചിതമായ ജീവിതസാഹചര്യത്തിലുപയോഗിക്കപ്പെട്ട ഫ്രെയ്‌സൽ വെർബുകളായതിനാൽ 31-ാം ചോദ്യവും ആസ്വദിച്ചെഴുതാൻ അവർക്കാകും. രവീന്ദ്രനാഥടാഗോറിന്റെ പ്രൊഫൈൽ തയ്യാറാക്കുന്നതിനുള്ള 32-ാം ചോദ്യം എല്ലാവിഭാഗം പഠിതാക്കളെയും തൃപ്തിപ്പെടുത്തുന്നതായി.

80 സ്കോർ 32 ചോദ്യങ്ങളിലായി പരന്നുകിടക്കുന്നു. ഇതിൽ 60 സ്കോറും ശരാശരിക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയത്. ബാക്കി 20 സ്കോറിൽ 10 സ്കോർ ഭാഷാപഠനത്തിന്റെ ഉന്നതശേഷികൾ പരീക്ഷിക്കപ്പെടുന്നവ. കഴിഞ്ഞ രണ്ടുപരീക്ഷകളിൽ നേടിയ ആത്മവിശ്വാസം നിലനിർത്താനും തുടർ പരീക്ഷകളെ സധൈര്യം നേരിടാനും പ്രാപ്തമാക്കുന്നതായിരുന്നു ഇംഗ്ലീഷ് പരീക്ഷ എന്ന് അടിവരയിടാം.