neetനീറ്റ് ദേശീയതലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായതോടെ, എല്ലാ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളും നീറ്റിന്റെ പരിധിയില്‍ വരുമെന്ന പ്രഖ്യാപനം വന്നതോടെ, നീറ്റ് യോഗ്യത നേടുന്നവര്‍ക്കെല്ലാം ഈ സീറ്റുകളിലേക്കൊക്കെ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും എല്ലാ സീറ്റുകളിലേക്കും എല്ലാവരെയും പരിഗണിക്കുമെന്നുമുള്ള ധാരണ പരന്നിരുന്നു. പരീക്ഷ ഒരെണ്ണമായതെന്നതല്ലാതെ, സംസ്ഥാനങ്ങള്‍ നടത്തിവന്നിരുന്ന പ്രവേശനങ്ങളെല്ലാം അവരവരുടെ വ്യവസ്ഥകള്‍ പ്രകാരമായി തുടര്‍ന്നു. 

കൂടാതെ ഒരു സംസ്ഥാനത്തെ എല്ലാ പ്രവേശനങ്ങളും സര്‍ക്കാരിലോ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയിലോ നിക്ഷിപ്തമായി. ഓരോ സ്ഥാപനവും പ്രത്യേകം അപേക്ഷ ക്ഷണിച്ചു പ്രവേശനം നടത്തുന്ന രീതിയും സര്‍ക്കാര്‍ സീറ്റിലേക്കും മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. സീറ്റിലേക്കുമുള്ള പ്രത്യേക പ്രവേശന നടപടികളും അവസാനിച്ചു. ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ സീറ്റുകളില്‍ ആ സംസ്ഥാനത്തെ നേറ്റിവിറ്റി വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്നവര്‍ക്കു മാത്രമേ അര്‍ഹതയുണ്ടായിരുന്നുള്ളൂ. 

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലും എന്‍.ആര്‍.ഐ. സീറ്റിലും മറ്റു സംസ്ഥാനക്കാര്‍ക്ക് പ്രവേശനം നല്‍കണമോ വേണ്ടയോ എന്നത് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചില സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. വിഭാഗത്തില്‍ പ്രവേശനം അനുവദിച്ചെങ്കില്‍, മറ്റു ചില സംസ്ഥാനങ്ങള്‍ (കേരളമുള്‍പ്പെടെ) എല്ലാ സീറ്റിലേക്കും ആ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിഗണിച്ചത്.

ഓരോ സംസ്ഥാനങ്ങളിലെയും പ്രവേശന നടപടികള്‍

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ രാജ്യത്തെ ആര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ എന്‍.ആര്‍.ഐ. സീറ്റുകളും ഉള്‍പ്പെട്ടിരുന്നു. ന്യൂനപക്ഷ കോളേജുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയായി 50 ശതമാനവും, ന്യൂനപക്ഷ ഇതര കോളേജില്‍ 35 ശതമാനവും രാജാ മുത്തയ്യ സ്വാശ്രയ ഡന്റല്‍ കോളേജില്‍ 15 ശതമാനവുമായിരുന്നു മാനേജ്‌മെന്റ് സീറ്റുകള്‍. സ്വാശ്രയ മെഡിക്കല്‍ ഫീസ് ഇവിടെ പൊതുവെ 12.50 ലക്ഷം രൂപയും ഡന്റല്‍ ഫീസ് ആറ് ലക്ഷവുമായിരുന്നു. എന്‍.ആര്‍.ഐ. വിഭാഗത്തില്‍ ഇത് 23.5 ലക്ഷവും, ഒന്‍പത് ലക്ഷം രൂപയുമായിരുന്നു. വിവരങ്ങള്‍ക്ക്: www.tnhealth.org, www.tnmedicalselection.org

കര്‍ണാടക

കര്‍ണാടകയില്‍ കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയാണ് പ്രവേശന നടപടികള്‍ നിയന്ത്രിച്ചത്. COMEDK ക്കിന്റെ സ്വകാര്യ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ 40 ശതമാനം സീറ്റ് അഖിലേന്ത്യാ ക്വാട്ടയായി, അഖിലേന്ത്യാതലത്തില്‍ നികത്തി. 20 ശതമാനം, എന്‍.ആര്‍.ഐ./ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ പ്രിഫറന്‍സ് വിഭാഗത്തിലായിരുന്നു. 40 ശതമാനം സീറ്റ് ഇവിടെ കര്‍ണാടകക്കാര്‍ക്കായും അനുവദിച്ചു. KRLMPCA, AMPCK കോളേജുകളില്‍, 55 ശതമാനം സീറ്റുകള്‍ പ്രൈവറ്റ് ക്വാട്ടയായി മാറ്റിവെച്ചിരുന്നു. ഇതില്‍ 66 ശതമാനം ബന്ധപ്പെട്ട Religious/Lingustic minortiy വിഭാഗക്കാര്‍ക്കും ബാക്കി 34 ശതമാനം അഖിലേന്ത്യാ തലത്തിലും നികത്തി. ഈ കോളേജുകളില്‍ 25 ശതമാനം സര്‍ക്കാര്‍ ക്വാട്ടയായും 20 ശതമാനം NRI/Other Quota യായും അനുവദിച്ചു. അഖിലേന്ത്യാതലത്തിലുള്ള എംബിബിഎസ് സീറ്റുകളുടെ ഫീസ് പൊതുവേ 6,32,500 രൂപയും ബി.ഡി.എസ് ഫീസ് പൊതുവേ 4,29,000 രൂപയുമായിരുന്നു. വിവരങ്ങള്‍ക്ക്: http://kea.kar.nic.in 

പുതുച്ചേരി

പുതുച്ചേരിയിലെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എം.ബി.ബി.എസിന് മൂന്ന് കോളേജുകളും ബി.ഡി.എസി.ന് രണ്ടു കോളേജുകളുമാണ് ഇവിടെയുള്ളത്. ഫീസ് നിരക്ക് യഥാക്രമം 12 ലക്ഷവും മൂന്ന് ലക്ഷവുമായിരുന്നു. NRI വിഭാഗത്തില്‍ ഇത് യഥാക്രമം 20 ലക്ഷവും ആറ് ലക്ഷവും ആയിരുന്നു. വെബ്‌സൈറ്റ് വിലാസം: www.centaconline.in കൗണ്‍സലിങ് ചുമതലയുണ്ടായിരുന്നത് സെന്‍ട്രലൈസ് അഡ്മിഷന്‍ കമ്മിറ്റിക്കായിരുന്നു. (CENTAC). 

ആന്ധ്ര

ആന്ധ്രയില്‍, ഡോ.എന്‍.ടി.ആര്‍. യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (വിജയവാഡ) ആണ് പ്രവേശന മേല്‍നോട്ടം വഹിച്ചത്. ഇവിടെ സ്വകാര്യ അണ്‍ എയ്ഡഡ് നോണ്‍മൈനോറിറ്റി/മൈനോറിറ്റി മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ മാനേജ്‌മെന്റ് ക്വാട്ട വിഭാഗത്തില്‍ രാജ്യത്ത് ഏതു സംസ്ഥാനത്തുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ എന്‍.ആര്‍.ഐ. സീറ്റുകളും മൈനോറിറ്റി സീറ്റ് ഉള്‍പ്പെടെയുള്ള നോണ്‍ എന്‍.ആര്‍.ഐ. സീറ്റുകളും ഉണ്ടായിരുന്നു. 14 മെഡിക്കല്‍ കോളേജിലും 12 ഡന്റല്‍ കോളേജിലും സീറ്റുകള്‍ ലഭ്യമായിരുന്നു. ഫീസ്, നോണ്‍ എന്‍.ആര്‍.ഐ. വിഭാഗത്തില്‍ എം.ബി.ബി.എസിന് 12,12,750 രൂപയും ബി.ഡി.എസിന് 4,96,125 രൂപയുമായിരുന്നു. എന്‍.ആര്‍.ഐ. വിഭാഗത്തില്‍ ഇത് യഥാക്രമം 30 ലക്ഷവും ആറ് ലക്ഷവും ആയിരുന്നു. വിവരങ്ങള്‍ക്ക്: http://ntruhs.ap.nic.in, http://pvtapmedadm.apsche.ac.in

തെലുങ്കാന

തെലുങ്കാനയില്‍ 15 മെഡിക്കല്‍ കോളേജുകളിലും 11 ഡന്റല്‍ കോളേജുകളിലും മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. സീറ്റുകള്‍ ലഭ്യമായിരുന്നു. എം.ബി.ബി.എസ് ഫീസ് നോണ്‍മൈനോറിറ്റി കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റില്‍ 23,10,000 രൂപയും എന്‍.ആര്‍.ഐ ഇതര സീറ്റില്‍ 11,55,000 രൂപയുമായിരുന്നു. ബി.ഡി.എസിന് ഇത് യഥാക്രമം 5,25,000 രൂപയും 4,20,000 രൂപയുമായിരുന്നു. മൈനോറിറ്റി കോളേജില്‍ എം.ബി.ബി.എസ് ഫീസ് യഥാക്രമം 28 ലക്ഷവും 14 ലക്ഷവുമായിട്ടാണ് നിശ്ചയിച്ചത്. പ്രവേശനം, വാറങ്കലിലെ കാലോജി നാരായണറാവു യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസായിരുന്നു നടത്തിയത്. വിവരങ്ങള്‍ക്ക്: www.knruhs.in, http://tspvtmedadm.tsche.in

ബീഹാര്‍

ബീഹാറില്‍ സ്വകാര്യ മേഖലയിലെ മൂന്ന് മെഡിക്കല്‍ കോളേജുകളിലും നാല് ഡന്റല്‍ കോളേജിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ അഖിലേന്ത്യാ തലത്തില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം നല്‍കി. ബീഹാര്‍ കംബൈന്‍ഡ് എന്‍ട്രന്‍സ് കോമ്പറ്റീറ്റീവ് എക്‌സാമിനേഷന്‍ ബോര്‍ഡ് (www.bceceboard.com) ആണ് ഇവിടെ പ്രവേശനം നടത്തിയത്. 

രാജസ്ഥാന്‍

രാജസ്ഥാനില്‍ സ്വകാര്യസ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യാതലത്തില്‍ മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ സീറ്റുകളായി നീക്കിവെച്ചിരുന്നത്. പൊതുവായ ഒരു ഫീസ് ഘടന ഇവിടെ ഇല്ലായിരുന്നു. മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ സീറ്റില്‍ 29,25,000 രൂപ വരെ ഫീസുള്ള കോളേജുകള്‍ ഇവിടെയുണ്ടായിരുന്നു. ബി.ഡി.എസിന് ഇത് നാലുലക്ഷം വരെ പോയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ രൂപീകരിച്ച UG അഡ്മിഷന്‍ ബോര്‍ഡാണ് ഇവിടെ പ്രവേശനത്തിന് നേതൃത്വം കൊടുത്തത് (www.rajugmedical2017.org, www.medicaleducation.rajasthan.gov.in, www.rushraj.org)

ഗുജറാത്ത്

ഗുജറാത്തില്‍ അഡ്മിഷന്‍ കമ്മിറ്റി ഫോര്‍ പ്രൊഫഷണല്‍ അണ്ടര്‍ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷണല്‍ കോഴ്‌സസ് (ACPUGMEC) ആണ് പ്രവേശനത്തിന് മേല്‍നോട്ടം വഹിച്ചത്. ഇവിടെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ട സീറ്റില്‍ മാത്രമേ മറ്റു സംസ്ഥാനക്കാരെ പരിഗണിച്ചിരുന്നുള്ളൂ. (വെബ്‌സൈറ്റ് : www.medadmgujarat.org).

കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ഇതിലുള്‍പ്പെടും. കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പ്രവേശനം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് കര്‍ണ്ണാടകയില്‍. അവിടെ മാനേജ്‌മെന്റ് ക്വാട്ടയിലെ എം.ബി.ബി.എസ് ഫീസ് 6,32,500 രൂപ മാത്രമായിരുന്നു. തമിഴ്‌നാട്ടില്‍, സ്വകാര്യ കോളേജിലെ ഗവ. ക്വാട്ട ഫീസ് നാല് ലക്ഷത്തിനടുത്തായിരുന്നു.

ബി.ഡി.എസി.ന് രണ്ടര ലക്ഷവും. ഇവിടെ ഗവ. കോളേജിലെ എം.ബി.ബി.എസ്, ബി.ഡി.എസ്. ഫീസ് നിരക്ക് യഥാക്രമം 4000 രൂപയും 2000 രൂപയും മാത്രമാണ്. കര്‍ണാടകയില്‍ സ്വകാര്യ കോളേജില്‍ ഗവ. ക്വാട്ടാ എം.ബി.ബി.എസ് ഫീസ് 77,000 രൂപയും ബി.ഡി.എസ്. ഫീസ് 49,500 രൂപയുമാണ്.

ഗവ. കോളേജില്‍ യഥാക്രമം 16,700 രൂപയും 14,400 രൂപയും. പുതുശ്ശേരിയില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ ഫീസ് ആദ്യം നിശ്ചയിച്ചപ്പോള്‍ 2.99 ലക്ഷത്തിനും 3.35 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. ബി.ഡി.എസി.ന് 79,000 രൂപയും. പക്ഷേ കൗണ്‍സിലിങ് നടപടികള്‍ ആരംഭിച്ചശേഷം അത് 12 ലക്ഷമായും മൂന്ന് ലക്ഷമായും ഉയര്‍ത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.

NEET അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും നടത്തിയ കൗണ്‍സലിങ്് നടപടികളില്‍ അവ്യക്തത വ്യക്തമായിരുന്നു. ആദ്യവര്‍ഷമായതിനാലാണ് ഇതു സംഭവിച്ചതെന്ന് കരുതാം. പരീക്ഷ ഒന്നുമതിയെങ്കിലും അതിനുശേഷമുള്ള പ്രവേശന സംവിധാനങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അപേക്ഷിക്കേണ്ടത്, ഒരു പ്രവേശനം നേടാന്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

ഒരു സംസ്ഥാനത്തെ പ്രവേശന ഏജന്‍സി, മറ്റു സംസ്ഥാനങ്ങളിലെ പ്രവേശന പ്രക്രിയയെപ്പറ്റിക്കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്ന ഒരു സംവിധാനം പുതിയ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതാണെന്നു കരുതുന്നു. അത്തരത്തിലുള്ള ശ്രമം സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

Read More | തയ്യാറെടുപ്പില്ലാത്ത കേരള മെഡിക്കല്‍ പ്രവേശനം

Read More |  NEET: ആദ്യവര്‍ഷം പിന്നിടുമ്പോള്‍

(അടുത്തലക്കത്തില്‍ NEET 18 തയ്യാറെടുപ്പ്)