ര്‍ഷങ്ങളായി ചര്‍ച്ച ചെയ്തിരുന്നതും ഇടയ്‌ക്കൊന്നു വന്നിട്ടുപോയതുമായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), 2017 ല്‍ പൂര്‍ണമായും രാജ്യത്ത് നടപ്പാക്കി. രാജ്യത്തെ ഏക മെഡിക്കല്‍ എന്‍ട്രന്‍സ് എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ ഇനിയും കഴിയില്ല. കാരണം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെയും (ജിപ്മര്‍) എം.ബി.ബി.എസ്. പ്രവേശനം, ഈ വര്‍ഷവും രണ്ട് പ്രത്യേക പ്രവേശന പരീക്ഷകള്‍ വഴിയായിരുന്നു. 

പ്രവേശന പരീക്ഷകള്‍ക്ക് അവസാനം

ഇവയ്ക്കു രണ്ടിനും വേണ്ടി രണ്ടു പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന്റെ പ്രസക്തി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് NEET വഴി AIIMS, JIPMER എന്നിവയിലേക്കും പ്രവേശനം നല്‍കിക്കൂടെന്ന് അവര്‍ ചോദിക്കുന്നു. ന്യായമായ ചോദ്യമാണ്. എന്തായാലും രാജ്യത്ത് മുന്‍വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന, മുകളില്‍ സൂചിപ്പിച്ച രണ്ടു പ്രവേശന പരീക്ഷകള്‍ ഒഴികെയുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകളെല്ലാം, ചിത്രത്തില്‍ നിന്നും മാഞ്ഞത്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. 

ഓരോ സ്ഥാപനവും പ്രത്യേകിച്ച് കല്പിത സര്‍വകലാശാലകള്‍ പ്രത്യേകം നടത്തിയ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി. ഇതുവഴി വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവായിക്കിട്ടി. ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നല്‍കാന്‍ മാത്രം പതിനായിരങ്ങളാണ് ഓരോ വിദ്യാര്‍ത്ഥിയും ചിലവാക്കേണ്ടിവന്നിരുന്നത്. അതിലുപരി, നിരവധി പ്രവേശന പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ടിവരിക വഴി ഉണ്ടാകുന്ന മാനസിക പിരിമുറുക്കമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ഒഴിവായിക്കിട്ടി. ഒരേ ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ പരീക്ഷകള്‍ നടത്തി മുന്നോട്ടു പോകേണ്ട സ്ഥിതി വിശേഷം ഇല്ലാതായി.

പൊതുകൗണ്‍സിലിംഗ്
 
പൊതുകൗണ്‍സിലിംഗ് വന്നതാണ് അതിലേറെ ആശ്വാസം നല്‍കിയത്. അഖിലേന്ത്യാ ക്വാട്ടയില്‍ സര്‍ക്കാര്‍/മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലുള്ള 15 ശതമാനം സീറ്റുകളിലേക്കും കല്പിത സര്‍വകലാശാലാ സീറ്റുകളിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റി, ഓണ്‍ലൈനായി സീറ്റ് അലോട്ടുമെന്റ് നടത്തി. രണ്ട് അലോട്ട്‌മെന്റ് പ്രക്രിയകളിലും, സീറ്റുകളുടെ ലഭ്യത, ഫീസ് ഘടന എന്നിവ മനസ്സിലാക്കിക്കൊണ്ട്, ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള അവസരം NEET യോഗ്യത നേടിയ എല്ലാവര്‍ക്കും ലഭിച്ചത്.  ഏവരും സ്വാഗതം ചെയ്തു. 

കല്പിത സര്‍വകലാശാലകളില്‍ ഉയര്‍ന്ന ഫീസ്

മിതമായ ഫീസില്‍ പഠിക്കുവാനുള്ള അവസരമാണ് അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലുണ്ടായിരുന്നത്.  പക്ഷേ 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയുള്ള കല്പിത സര്‍വകലാശാലകളിലെ MBBS ന്റെ  ഫീസ് നിരക്ക്, പലര്‍ക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. അഖിലേന്ത്യാ ക്വാട്ട വിഭാഗത്തില്‍ 4,033 സീറ്റുകളുണ്ടായിരുന്നെങ്കില്‍, കല്പിത സര്‍വകലാശാലകളില്‍ ഇത് 9,475 ആയിരുന്നു. എം.ബി.ബി.എസ്./ബി.ഡി.എസ്. എന്നിവയുടെ മൊത്തം സീറ്റുകളായിരുന്നു ഇവ. കല്പിത സര്‍വകലാശാല കൗണ്‍സിലിംഗില്‍ കേന്ദ്രസര്‍ക്കാരിന്റെ ചില സ്ഥാപനങ്ങള്‍, ഉള്‍പ്പെടുത്തിയിരുന്നു. ഇവയില്‍ താരതമ്യേന കുറഞ്ഞ ഫീസായിരുന്നു. കുറഞ്ഞ ഫീസായിരുന്നെങ്കിലും അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ടില്‍ അലോട്ടുമെന്റ് ലഭിച്ചവരില്‍, 2,660 പേര്‍ സീറ്റ് സ്വീകരിച്ചില്ല. 

അതായത് ഏതാണ്ട് 66 ശതമാനം പേര്‍ സീറ്റ് സ്വീകരിച്ചില്ല. ഇത് ആശങ്ക ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്. ചേരാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും ഓപ്ഷനുകള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം, അലോട്ട്‌മെന്റ് ലഭിച്ചാലും ചേര്‍ന്നില്ലെങ്കില്‍ സാമ്പത്തിക നഷ്ടമൊന്നുമില്ലാത്ത സാഹചര്യം, സംസ്ഥാന കൗണ്‍സിലിംഗില്‍ കൂടുതല്‍ അടുത്തുള്ള സീറ്റു കിട്ടാനുള്ള സാധ്യത എന്നിവയൊക്കെ ഈ ഒരു താല്പര്യക്കുറവിന് കാരണമായിരിക്കാം. അഖിലേന്ത്യാ ക്വാട്ടയില്‍ രണ്ടു അലോട്ട്‌മെന്റ് മാത്രമാണുണ്ടായിരുന്നത്. 

എന്തായാലും രണ്ടാം റൗണ്ടുകഴിഞ്ഞ് അഖിലേന്ത്യാ ക്വാട്ടയില്‍ ചേരാത്ത എത്ര പേരുണ്ടെന്നുള്ളതു സംബന്ധിച്ച ഒരു കണക്കും മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അന്വേഷണത്തില്‍ എംബിബിഎസിനു മാത്രം 1000 ല്‍ പരം സീറ്റുകള്‍ രണ്ടാം റൗണ്ടിനു ശേഷവും ഒഴിഞ്ഞുകിടന്നിരുന്നു എന്ന് മനസ്സിലാകുന്നു. ഈ ഒഴിവുള്ള സീറ്റുകള്‍ സംസ്ഥാന ക്വാട്ടയിലേക്കാണ് പോയത്. 

കല്പിത സര്‍വകലാശാലകളോട് വിദ്യാര്‍ത്ഥികള്‍ പൊതുവേ മുഖംതിരിച്ചു നിന്നത് അവിടെയുള്ള ഫീസ് ഘടനയായിരുന്നിരിക്കാം. ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ അവിടെ 8278 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഏതാണ്ട് 87 ശതമാനം. രണ്ടാം റൗണ്ടിനുശേഷവും ഈ വിഭാഗത്തില്‍ ധാരാളം ഒഴിവുകളുണ്ടായിരുന്നു. മോപ് അപ് റൗണ്ട് വഴി കുറെ സീറ്റുകള്‍ നികത്തി. കല്പിത സര്‍വകലാശാലകളിലെ ഫീസ് നിയന്ത്രിക്കേണ്ടതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം​

മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലേക്കും ഓപ്ഷന്‍ സ്വീകരിച്ച്, റാങ്ക് പട്ടിക തയ്യാറാക്കി. രണ്ടാംഘട്ട പ്രവേശനം AFMC യാണ് നടത്തിയത്. ESI മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ESI Insured Persons സംവരണ സീറ്റുകളിലെ ഓപ്ഷന്‍ സ്വീകരിക്കലും അലോട്ടുമെന്റും മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റിയാണ് നടത്തിയത്.

ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് പൊതുവേ ഏവര്‍ക്കും സൗകര്യപ്രദമാണെങ്കിലും ഗൗരവബുദ്ധിയോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതിനെ സമീപിക്കുന്നുണ്ടോ എന്ന് ഒഴിവുകളുടെ കണക്കു കാണുമ്പോള്‍ സംശയമുദിക്കുന്നു. നേരിട്ടുവന്നു പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പ്രാദേശിക തലത്തില്‍ സംവിധാനങ്ങളൊരുക്കി വിദ്യാര്‍ത്ഥി നേരിട്ടുവന്നു സീറ്റ് സ്വീകരിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതു സഹായിക്കും. 

കല്പിത സര്‍വകലാശാലകളിലെ ഫീസിനെക്കുറിച്ച് ഏവര്‍ക്കും ഒരു ധാരണ കിട്ടി. കൂടാതെ അവിടത്തെ പ്രവേശന പ്രക്രിയയ്ക്ക് സുതാര്യത വന്നു. പലപ്പോഴും അലോട്ടുമെന്റ് വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ഈ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. AIIMS, JIPMER എന്നിവയിലെ പ്രവേശനവും NEET അടിസ്ഥാനത്തിലാക്കാനും അവിടെയും അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ താല്പര്യം കാട്ടുമെന്നു പ്രതീക്ഷിക്കാം.


(തുടരും - കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മെഡിക്കല്‍ പ്രവേശനം)