Agricultural robotകൃഷിയിടം പാകപ്പെടുത്തിയാൽ മാത്രം മതി. കുഴിയെടുത്ത് വിത്ത് വിതച്ച് മണ്ണിട്ട് വെള്ളം നനയ്ക്കാൻ റോബോട്ട് വരും. തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ അവസാന വർഷ ബി.ടെക്. വിദ്യാർഥികളാണ് റോബോട്ടിനെ കൃഷിക്കാരനാക്കുന്നത്.

ഹെക്ടർ കണക്കിന്  സ്ഥലത്തു കൃഷി ചെയ്യുന്ന കർഷകർക്കായാണ് വിദ്യാർഥികൾ ‘ഫാം ഫ്രൻഡ്‌ ’ എന്ന റോബോട്ടിനെ വികസിപ്പിച്ചത്. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ നീളവും വീതിയും റോബോട്ടിൽ രേഖപ്പെടുത്താവുന്നതാണ്. ഇതനുസരിച്ചു കൃത്യമായ അകലത്തിൽ കുഴികളെടുത്ത് ഓരോന്നിലും വിത്തുകളിട്ട് റോബോട്ട് മൂടും. ഇതിനുശേഷം വെള്ളം ഒഴിക്കുകയും ചെയ്യും. വെള്ളവും വിത്തും  ശേഖരിക്കാവുന്ന പോക്കറ്റ് അഥവാ അറകൾ റോബോട്ടിനുണ്ടാകും.

മണ്ണിലെ അമ്ലത്വം  പരിശോധിച്ച് ആവശ്യമായ  ജൈവ വളം ഇടുന്നതിനുള്ള  സംവിധാനവും ഇവയ്ക്കുണ്ട്. ഒപ്പം വിത്തിട്ട ശേഷം മണ്ണിൽ  ജലാംശം കുറഞ്ഞാൽ വെള്ളം നനക്കാനുള്ള സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഉപയോഗിക്കാവുന്ന വിധമാണ് റോബോട്ടിനെ രൂപപ്പെടുത്തിയിട്ടുള്ളത്. അവസാനവർഷ വിദ്യാർഥികളായ പി.ബി. സൂരജ് കൃഷ്ണ, വി.ഡി. വിഷ്ണുദത്ത്, ഉണ്ണിമായ  വത്സൻ, മിലിനദ് ബി. വളപ്പിൽ, ജിഷ്ണു വാസുദേവൻ എന്നിവരാണ് റോബോട്ട്  വികസിപ്പിച്ചിരിക്കുന്നത്. 

ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ മേരി പി.വർഗീസ്  മേൽനോട്ടം വഹിച്ചു. പ്രോജക്ടിന് പതിനായിരം രൂപയാണ് വിദ്യാർഥികൾക്ക് ചെലവ് വന്നത്. കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇന്നവേറ്റിവ് പ്രോജക്ടിനുള്ള ധനസഹായം ഇവർക്കുണ്ടായിരുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ  ആവശ്യമായ മാറ്റങ്ങൾ  യന്ത്രത്തിൽ വരുത്താനും വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.