കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് ഇനി ഒരാഴ്ച മാത്രം. പഠിച്ചൊരുങ്ങുന്നതിനൊപ്പം പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. മുന്നൊരുക്കം ഉണ്ടെങ്കില്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ കൈപ്പിടിയിലൊതുക്കാം. 

1. അഡ്മിറ്റ് കാര്‍ഡ് മറക്കല്ലേ: പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ്, പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കളര്‍ പ്രിന്റൗട്ടാണ് എടുക്കേണ്ടത്. അപേക്ഷാ നമ്പറും പാസ്‌വേഡും നല്‍കി വേണം ഡൗണ്‍ലോഡ് ചെയ്യാന്‍. 

2. അപേക്ഷാ നമ്പര്‍ മറന്നു പോയോ? അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍പ്രിന്റാണ് പരീക്ഷാര്‍ത്ഥി എടുക്കേണ്ടത്. അപേക്ഷാനമ്പര്‍ മറന്നുപോയിട്ടുണ്ടെങ്കില്‍, വെബ്‌സൈറ്റിലെ 'Find Application Number' എന്ന ലിങ്കില്‍, പേരും, മൊബൈല്‍ നമ്പറും നല്‍കി അപേക്ഷാ നമ്പര്‍ കണ്ടുപിടിക്കാം. 

3. പരീക്ഷാഹാളിലേക്ക്: രാവിലെ 9.30ന് പരീക്ഷാ ഹാളിലേക്കു പ്രവേശിക്കാം. അഡ്മിറ്റ് കാര്‍ഡും, നീല/കറുത്ത മഷിയുള്ള ബോള്‍പോയന്റ് പേനയും പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാം. ഉത്തരക്കടലാസ് വെച്ചെഴുതാന്‍, ഒരു കാര്‍ഡ് ബോര്‍ഡോ ക്ലിപ്പ് ബോര്‍ഡോ എടുക്കാവുന്നതാണ്. 

4. ഉത്തരക്കാടലാസ് ലഭിക്കുമ്പോള്‍: OMR ഉത്തരക്കടലാസ് ലഭിക്കുമ്പോള്‍ അതില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍, ബോള്‍ പോയന്റ് പേന ഉപയോഗിച്ച് പൂരിപ്പിക്കണം. 

5. ചോദ്യലഘുപുസ്തകം: നാല് വേര്‍ഷനുകളിലായിരിക്കും ലഘുപുസ്തകം ഉണ്ടാവുക. വിദ്യാര്‍ത്ഥിയുടെ റോള്‍നമ്പറുമായി ബന്ധപ്പെടുത്തിയ വേര്‍ഷന്‍ കോഡുള്ള ലഘുപുസ്തകമാണ് വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ടത്. 9.55ന് ചോദ്യലഘുപുസ്തകം വിതരണം ചെയ്യും. ഒന്നാം പേപ്പറില്‍ (Physics & Chemitsry) A1, A2, A3, A4 എന്നീ നാലു വേര്‍ഷന്‍ കോഡുകളും രണ്ടാം പേപ്പറില്‍ (മാത്തമാറ്റിക്‌സ്) B1, B2, B3, B4 എന്നീ നാലു വേര്‍ഷന്‍ കോഡുകളുമാണ് ഉപയോഗിക്കുക. ഒറ്റ അക്കത്തിലുള്ള നമ്പറില്‍ അവസാനിക്കുന്ന റോള്‍ നമ്പര്‍ ഉള്ള പരീക്ഷാര്‍ത്ഥിക്ക്, (1, 3, 5, 7, 9 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന റോള്‍ നമ്പര്‍ ഉള്ളവര്‍ക്ക്) A1/A3 വേര്‍ഷന്‍ കോഡുള്ള ചോദ്യ ലഘുപുസ്തകമാണ് ഒന്നാം പേപ്പറിന് ലഭിക്കേണ്ടത്. രണ്ടാം പേപ്പറിന് ഇത് B1/B3 ആയിരിക്കും. ഇരട്ട അക്കത്തിലാണ് (2, 4, 6, 8, 0 എന്നീ അക്കങ്ങളില്‍) റോള്‍ നമ്പര്‍ അവസാനിക്കുന്നതെങ്കില്‍ ഇത് യഥാക്രമം A2/A4, B2/B4 ആയിരിക്കും . 

6. വേര്‍ഷന്‍ കോഡ് കൃത്യമാണെന്ന് ഉറപ്പിക്കുക: പരീക്ഷാര്‍ത്ഥിക്കു ലഭിക്കേണ്ട വേര്‍ഷന്‍ കോഡ് ഏതെന്ന്, അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. ചോദ്യ ലഘുപുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്ന കോഡ് അതുതന്നെയെന്ന് ഉറപ്പാക്കണം. അങ്ങനെയല്ലെങ്കില്‍, ആ വിവരം ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന്, ശരിയായ വേര്‍ഷന്‍ കോഡുള്ള ചോദ്യലഘുപുസ്തകം മാറ്റിവാങ്ങണം. ചോദ്യ ലഘുപുസ്തകത്തിലെ വേര്‍ഷന്‍ കോഡ്, OMR ഉത്തരക്കടലാസില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ചതുരത്തില്‍ രേഖപ്പെടുത്തുകയും, അതിനനുസൃതമായ വൃത്തം കറുപ്പിക്കേണ്ടതുമാണ്. 

7. പരീക്ഷ 10 മണിക്ക്: 10 മണിക്ക് പരീക്ഷ തുടങ്ങുമ്പോള്‍, ലഘുപുസ്തകത്തിന്റെ സീല്‍ പൊട്ടിച്ച് ഉത്തരങ്ങള്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങാം. അതിനുമുമ്പ് പുസ്തകത്തില്‍ എല്ലാ പേജിലും അച്ചടിയുണ്ടെന്നും, 120 ചോദ്യങ്ങളും അതിലുണ്ടെന്നും ഉറപ്പാക്കണം. ഇല്ലെങ്കില്‍ ലഘു പുസ്തകം മാറ്റിവാങ്ങണം. പരീക്ഷാഹാളിലേക്കുള്ള പ്രവേശനം 10.30ന് അവസാനിക്കും. ഈ സൗജന്യം കഴിവതും ഉപയോഗിക്കാതിരിക്കുക. 9.30ന് തന്നെ ഹാളിലെത്തിയാല്‍ മാത്രമേ, ഇന്‍വിജിലേറ്റര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ. മാത്രമല്ല, 30 മിനിട്ട് നഷ്ടപ്പെടുകയും ചെയ്യും. അതായത് 120 ചോദ്യങ്ങള്‍ക്ക് 120 മിനിറ്റില്‍ ഉത്തരം നല്‍കണം. ഈ സാഹചര്യം ഒഴിവാക്കുക. 12.30ന് പരീക്ഷ കഴിഞ്ഞശേഷമേ ഹാള്‍ വിട്ടുപോകാന്‍ കഴിയൂ. പോകുമ്പോള്‍, ഉത്തരക്കടലാസിന്റെ പകര്‍പ്പും, ചോദ്യലഘുപുസ്തകവും പരീക്ഷാര്‍ത്ഥിക്കുകൊണ്ടുപോകാം.

8. പരാതികളുണ്ടെങ്കില്‍: പരീക്ഷാ നടത്തിപ്പിനെപ്പറ്റി പരാതിയുള്ള പക്ഷം, പരീക്ഷ കഴിഞ്ഞ് ഉടന്‍ തന്നെ പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് ആവശ്യമായ വിവരങ്ങള്‍ സഹിതം നല്‍കണം. 

9. ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ടാല്‍: ഏതെങ്കിലും ചോദ്യം, മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പക്ഷം അതിനുള്ള മാര്‍ക്ക്, മൂല്യനിര്‍ണ്ണയത്തിനു വിധേയമാക്കുന്ന ചോദ്യങ്ങള്‍ക്ക് ആനുപാതികമായി, ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കും.

10. ഉത്തരസൂചിക വെബ്‌സൈറ്റില്‍: രണ്ടുപേപ്പറുകളും കഴിഞ്ഞശേഷം ഉത്തരസൂചിക, വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഉത്തരസൂചികയിന്മേല്‍ പരാതിയുള്ളപക്ഷം, അത് രേഖാമൂലം, തന്റെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ സഹിതം, ഉത്തര സൂചിക പ്രസിദ്ധീകരിച്ച് 5 ദിവസത്തിനകം പരാതിയുള്ള ഒരു ചോദ്യത്തിന് 100 രൂപ വീതം ഫീസടച്ച് (തിരുവനന്തപുരത്ത് മാറാവുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍) DD ആയി CEE യ്ക്ക് നല്‍കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് വിദഗദ്ധ സമിതി കാണുന്നപക്ഷം, അടച്ച തുക വിദ്യാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിന്മേല്‍ ഉത്തരസൂചികയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതും, ആ മാറ്റങ്ങള്‍ ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നതുമാണ്.