ന്‍ട്രന്‍സ് പരീക്ഷകളെത്തി. ഏപ്രില്‍ 24, 25 തീയതികളില്‍ കീം, മേയ് ഏഴിന് നീറ്റ് പരീക്ഷകളാണ്. കുട്ടികളുടെ മാനസികസമ്മര്‍ദം ഏറ്റവും മുറുകിയിരിക്കുന്ന സമയം. അല്പം ശ്രദ്ധിച്ചാല്‍ പരീക്ഷക്കാലത്തെ മാനസികപിരിമുറുക്കം കുറയ്ക്കാം. അതുവഴി മികച്ചവിജയം കൈപ്പിടിയിലൊതുക്കാം.

വിദ്യാര്‍ഥികളോട്

  • ആവര്‍ത്തിച്ച് ഉറപ്പിക്കുക: പരീക്ഷത്തലേന്ന് ഉറക്കമിളച്ച് പഠിച്ചെഴുതേണ്ടതല്ല എന്‍ട്രന്‍സ് പരീക്ഷകള്‍. അതിന് ചിട്ടയായ പഠനം ആവശ്യമാണ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാവണം പഠനം. പഠിച്ചത് ആവര്‍ത്തിച്ച് ഉറപ്പിക്കുക. അവസാനനിമിഷം പുതിയവിഷയങ്ങള്‍ പഠിക്കാന്‍ മെനക്കെടേണ്ട.
  • റിസള്‍ട്ട്: പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ത്തന്നെ റിസള്‍ട്ട് എന്താകുമെന്നാലോചിച്ച് തലപുണ്ണാക്കരുത്. നന്നായി പരീക്ഷയെഴുതുന്നതില്‍മാത്രംമതി ശ്രദ്ധ.
  • ഉറക്കം: എത്ര കഠിനമായ പഠനക്രമമാണ് പിന്തുടരുന്നതെങ്കിലും മതിയായ ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം. കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങിയിരിക്കണം. ഉന്മേഷം വീണ്ടെടുക്കാന്‍ ഇത് അത്യാവശ്യമാണ്.
  • ഇടവേള: മണിക്കൂറുകളോളം തുടര്‍ച്ചയായി പഠിക്കണമെന്നില്ല. ഒരുമണിക്കൂര്‍ പഠിച്ചാല്‍ 10 മിനിറ്റ് ഇടവേളയെടുക്കാം. വെറുതെ കണ്ണടച്ചിരിക്കുകയോ നല്ലൊരു പാട്ടുകേള്‍ക്കുകയോ കൂട്ടുകാരോട് സംസാരിക്കുകയോ ചെയ്യാം ഈസമയം. ശേഷം  പഠനം തുടങ്ങാം.
  • ഭക്ഷണം: പരീക്ഷാ തയ്യാറെടുപ്പിനിടയില്‍ ഭക്ഷണം ഒരുകാരണവശാലും ഒഴിവാക്കരുത്. ഇടവേളകളില്‍ പഴങ്ങള്‍ കഴിക്കാം. ഇടയ്ക്ക് വെള്ളം കുടിക്കാനും മറക്കരുത്. 
  • പരീക്ഷാ ഹാളില്‍: ഹാളില്‍ കയറിയശേഷം ടെന്‍ഷന്‍ വേണ്ട. അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യമെഴുതുക. ബുദ്ധിമുട്ടായി തോന്നുന്നവ പിന്നീടാവാം.

രക്ഷിതാക്കളോട്

പരീക്ഷക്കാലത്ത് കുട്ടികളെപ്പോലെ മാതാപിതാക്കളില്‍ ടെന്‍ഷനുണ്ടാവും. അത് കുട്ടികളിലേക്ക് പകരരുത്. 

  • സമ്മര്‍ദംവേണ്ട: പരീക്ഷയുടെപേരില്‍ കുട്ടികളില്‍ സമ്മര്‍ദം കൂട്ടുന്ന രീതിയിലുള്ള ഇടപെടലുകള്‍ വേണ്ട. 24 മണിക്കൂറും കുട്ടി പഠിക്കണമെന്ന വാശിയുമരുത്.
  • കുട്ടിയെ പിന്തുണയ്ക്കുക: മാതാപിതാക്കളുടെ പിന്തുണ പരീക്ഷക്കാലത്ത് വിലപ്പെട്ടതാണ്. തയ്യാറെടുപ്പ് നടത്തുന്ന കുട്ടിയെ പിന്തുണയ്ക്കുക. നിനക്ക് കഴിയുമെന്ന് പ്രോത്സാഹിപ്പിക്കുക.
  • താരതമ്യംവേണ്ട: അടുത്ത വീട്ടിലെ അല്ലെങ്കില്‍ സ്‌കൂളിലെ മറ്റ് കുട്ടികളെ കണ്ടുപഠിക്കെന്ന പല്ലവി ഒഴിവാക്കാം. അത് കുട്ടികളില്‍ പിരിമുറുക്കമുണ്ടാക്കും.
  • വിമര്‍ശനം ഒഴിവാക്കാം: എപ്പോഴും പഠിത്തം, എന്നിട്ടും മാര്‍ക്കില്ലതാനും എന്നിങ്ങനെ വെറുതെ കുട്ടികളെ വിമര്‍ശിക്കരുത്. അവര്‍ക്ക് കഴിയുന്നത് അവര്‍ ചെയ്യുമെന്ന് പ്രതീക്ഷപുലര്‍ത്തുക. കുട്ടികളെ വിശ്വാസത്തിലെടുക്കുക.


(തയ്യാറാക്കിയത്: ടി.ജെ. കൃഷ്ണപ്രിയ, വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ചന്ദ്രമുഖി,സീനിയര്‍ സൈക്യാട്രിസ്റ്റ്, ആസ്റ്റര്‍മിംസ്, കോഴിക്കോട്)