ല്യാണം കഴിഞ്ഞു. കുടുംബമായി; അത്യാവശ്യത്തിന് ജോലിയുമായി. ഇനിയെന്ത് പഠനം എന്നു വിചാരിക്കുന്നവര്‍ നിര്‍ബന്ധമായും അനുപമ നിരൂപിനെ മാതൃകയാക്കണം. കൈയെത്തിപ്പിടിക്കാവുന്ന ആഗ്രഹങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണമെന്നാണ് അനുപമ കാണിച്ചുതരുന്നത്. ഗേറ്റ് 2017 ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാംറാങ്കാണ് അനുപമ നേടിയിരിക്കുന്നത്

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 2015 ലാണ് ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദംകഴിഞ്ഞ ഉടന്‍ കാസര്‍കോട് സ്വദേശി സിവില്‍ എന്‍ജിനീയര്‍ അശ്വിനുമായുള്ള വിവാഹം നടന്നു. എന്നാല്‍, കരിയറിനോട് 'ഗുഡ്‌ബൈ' പറയാതെ ഫ്രീലാന്‍സായി ആര്‍ക്കിടെക്ചര്‍ ജോലിയും ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ എഴുത്തും തുടരുകയായിരുന്നു അനുപമ. 

തുടര്‍പഠനത്തിനുപോകാതെ ജോലിചെയ്തത് കരിയര്‍ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുനല്‍കിയെന്ന് അനുപമ. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം യാഥാര്‍ഥ്യബോധം ലഭിക്കാന്‍ ഫ്രീലാന്‍സ് ജോലി സഹായിച്ചു. തിരുവനന്തപുരത്തെ 'ജടായു' പ്രോജക്ടിനുവേണ്ടിയാണ് എഴുതിയത്. അതും പുതിയ ഉള്‍ക്കാഴ്ചനല്‍കാന്‍ സഹായകമായി. ഇതോടെയാണ് അര്‍ബന്‍ പ്ലാനിങ്  വലിയ നഗരങ്ങളുടെ ആസൂത്രണം എന്ന താത്പര്യം വരുന്നത്. 

അര്‍ബന്‍ പ്ലാനിങ് മികച്ച കോഴ്‌സുകള്‍ ഐ.ഐ.ടി. ഗൊരഖ്പുര്‍, ഐ.ഐ.ടി. റൂര്‍ക്കി, എന്‍.ഐ.ടി. കോഴിക്കോട് എന്നിവിടങ്ങളിലേ ഉള്ളൂ. അതോടെയാണ് ഐ.ഐ.ടി. പ്രവേശനം നേടണമെന്നുറപ്പിച്ച് പരിശീലനം തുടങ്ങിയത്.

നാലു മണിക്കൂര്‍ പഠനം; നവമാധ്യമങ്ങള്‍ സഹായി
ഭര്‍ത്താവിനൊപ്പം ബെംഗളൂരുവില്‍ താമസമായതോടെ കുടുംബത്തിന്റെ ചുമതലകള്‍കൂടിയായി. ഭര്‍ത്താവ് ഓഫീസില്‍ പോയശേഷം തന്റെ ഫ്രീലാന്‍സ് ജോലിയും കഴിഞ്ഞുള്ള സമയമാണ് പഠനത്തിനുപയോഗിച്ചത്. ദിവസവും നാലു മണിക്കൂറെങ്കിലും പഠിക്കുമെന്ന് ഉറപ്പാക്കി. ബിരുദപുസ്തകങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. ബി.കെ. ദാസിന്റെ gate architecture planning എന്ന പുസ്തകവും ഉപയോഗിച്ചു. ഇതില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഗേറ്റ് ചോദ്യപ്പേപ്പറുകള്‍ ഉണ്ടായിരുന്നു. അത് കൃത്യമായ സമയംവെച്ച് എഴുതിനോക്കിയതോടെ തയ്യാറെടുപ്പില്‍ വലിയഘട്ടം കഴിഞ്ഞു. ചോദ്യങ്ങളുടെ ശൈലി മനസ്സിലാക്കാനും സമയക്രമീകരണത്തിനും ചോദ്യപ്പേപ്പറുകള്‍ എഴുതിനോക്കുകതന്നെവേണം.

പഠനകൂട്ടായ്മ
ഫെയ്‌സ്ബുക്ക്, ബ്ലോഗുകള്‍ തുടങ്ങിയവയിലെ ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പുകളും പഠനകൂട്ടായ്മകളും പിന്തുടര്‍ന്നു. ഫെയ്‌സ്ബുക്ക് പേജുകളായ gate architecture, planning 2018, architecture gate solution എന്നിവ സഹായിക്കും. ഇതെല്ലാം അഖിലേന്ത്യാടിസ്ഥാനത്തില്‍ ഗേറ്റിനായി തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മകളാണ്. മുന്‍വര്‍ഷത്തെ റാങ്ക് ജേതാക്കളും ഈ കൂട്ടത്തിലുണ്ട്. അവരുടെ നിര്‍ദേശങ്ങളും ലഭിക്കും. http://gatepreparchitecture.blogspot.in എന്ന ബ്ലോഗും നിരന്തരം പിന്തുടര്‍ന്നു.

വിപുലമായ സിലബസ്
ഗേറ്റ് പരീക്ഷയ്ക്കുള്ള സിലബസ് വിപുലമാണ്. ചെറുപ്പം മുതലേ മനപ്പാഠമാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് വായിച്ചുനോക്കുന്ന രീതിയാണ് പിന്തുടര്‍ന്നത്. കൂടാതെ കണക്കുകള്‍ ചെയ്തുനോക്കി. ഗേറ്റ് പരീക്ഷയില്‍ കണക്കിന് മാത്രമാണ് നെഗറ്റീവ് മാര്‍ക്കില്ലാത്തത്. അതിനാല്‍ കണക്കില്‍ പരമാവധി സ്‌കോര്‍ നേടാനായിരുന്നു ലക്ഷ്യം.

ഐ.ഐ.ടി.യിലേക്കുതന്നെ
ഐ.ഐ.ടി.യില്‍ തന്നെ പ്രവേശനം നേടാനാണ് അനുപമയുടെ തീരുമാനം. ഐ.ഐ.ടി.കളില്‍ ഗവേഷണവും കൂടിച്ചേര്‍ന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളാണുള്ളത്. ഗവേഷണം നടത്തണമെന്നാണ് അഭിലാഷം. പക്ഷേ, ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ ഉടനെ വേണമോ എന്ന് തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ വീണ്ടുമൊരു ഇടവേളയ്ക്കുശേഷമായിരിക്കും ഗവേഷണം. ഐ.ഐ.ടി.യില്‍ കോഴ്‌സിന് ചേര്‍ന്നതിനുശേഷം ഈക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുമല്ലോ, അതിനുശേഷമേ അന്തിമതീരുമാനമുള്ളൂവെന്ന് അനുപമ. ഗ്രാമീണബാങ്ക് അസി. മാനേജരായ എലത്തൂര്‍ ശ്രീരമ്യയില്‍ നിരൂപ്കുമാറിന്റെയും റിട്ട. അധ്യാപിക റീത്തയുടെയും മകളാണ് അനുപമ. സഹോദരി ഭോപാലില്‍ അസി. പ്രൊഫസറായ അനര്‍ഘയാണ് പഠനത്തില്‍ പൂര്‍ണപിന്തുണ.