മേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എം.ഐ.ടി.) ഒരു കോഴ്‌സ് കേരളത്തിലിരുന്ന് ചെയ്താലോ? അതും നാളെയുടെ സാങ്കേതികതയെന്ന് പേരുകേട്ട ഡിജിറ്റല്‍ ഫാബ്രിക്കേഷനില്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഫാബ് ലാബുകള്‍ ഒരുക്കുന്നത് ഇതിനുള്ള അവസരമാണ്.  എം.ഐ.ടി.യുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ബിറ്റ്‌സ് ആന്‍ഡ് ആറ്റംസ് നല്‍കുന്ന ആറുമാസത്തെ കോഴ്‌സാണ് ഫാബ് ലാബുകളില്‍ നടത്തുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഫാബ് ലാബുകളില്‍ കോഴ്‌സ് പഠിക്കാം. ഫാബ് അക്കാഡമി എന്ന പേരിലാണ് കോഴ്‌സുകള്‍ അറിയപ്പെടുന്നത്.

എന്തും സാധ്യം
ഏത് ആശയവും യാഥാര്‍ഥ്യമാക്കാം എന്നതാണ് ഫാബ് ലാബ് എന്ന ഫാബ്രിക്കേഷന്‍ ലാബുകളുടെ ആപ്തവാക്യം. വെറുമൊരു ഷെല്‍ഫോ പെന്‍സ്റ്റാന്‍ഡോ തുടങ്ങി സ്മാര്‍ട്ട് ഉപകരണങ്ങള്‍ വരെ ഈ ലാബുകളില്‍ നിര്‍മിച്ചെടുക്കാം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തില്‍നിന്നുമാറി ഓരോരുത്തര്‍ക്കും ആവശ്യമായത് സ്വന്തമായി നിര്‍മിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.ഇലക്‌ട്രോണിക്‌സ് വര്‍ക്ക്‌ബെഞ്ച്, 3ഡി പ്ലോട്ടര്‍, സി.എന്‍.സി. റൂട്ടര്‍, ലേസര്‍ കട്ടര്‍ എന്നിങ്ങനെയുള്ള യന്ത്രസജ്ജീകരണങ്ങളെല്ലാം ഫാബ് ലാബുകളില്‍ ലഭ്യമാണ്. ആറുമാസത്തിനകം ഇവയുടെ പ്രവര്‍ത്തനമെല്ലാം പൂര്‍ണമായ രീതിയില്‍ പഠിക്കാം.

ഫാബ് ലാബെന്ന വര്‍ക്‌ഷോപ്പ്
പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഫാബ് ലാബുകളുടെ ലക്ഷ്യം. ചെറിയ ഒരു വര്‍ക്‌ഷോപ്പ് എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം. സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍ ഒരു പ്രോട്ടോടൈപ്പിങ് പ്ലാറ്റ്‌ഫോം. എന്തും ഏതും നിര്‍മിച്ചെടുക്കാം ഇവിടെ. വേണ്ടത് ആശയം മാത്രം. വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാര്‍ക്കുവരെ ഉപകാരപ്രദം. സ്വകാര്യ സ്ഥാപനങ്ങളില്‍ ആയിരങ്ങള്‍ മുടക്കിചെയ്യുന്ന ജോലികള്‍ ഫാബ് ലാബിനകത്ത് കുറഞ്ഞ ചെലവില്‍ സാധ്യമാകും. വെബ് സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നുമാത്രം. 

മണിക്കൂറിന് പത്തുരൂപ മുതലാണ് യന്ത്രസാമഗ്രികളുടെ വാടക തുടങ്ങുന്നത്. നിര്‍മാണത്തിനാവശ്യമായ പ്ലൈവുഡ് മുതല്‍ ഇലക്‌ട്രോണിക് സാധന സാമഗ്രികള്‍വരെ ഇവിടെ കിട്ടും. ഇവയ്ക്ക് പ്രത്യേകം പണം നല്‍കണം. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ കണ്‍സ്യൂമബിള്‍സ് എന്ന വിഭാഗത്തില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യാം. ഫാബ് ലാബില്‍ അംഗത്വമെടുക്കുന്നതിനും സൗകര്യമുണ്ട്. കോര്‍പ്പറേറ്റ് അംഗത്വത്തിന് വര്‍ഷം 10,000 രൂപയും വ്യക്തിഗത അംഗത്വത്തിന് 3,000 രൂപയുമാണ്. സ്ഥാപനങ്ങള്‍ക്ക് അംഗത്വത്തിന് 5,000 രൂപനല്‍കണം.

ജോലിസാധ്യത
വന്‍കിടവ്യവസായ സ്ഥാപനങ്ങളുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലുള്‍പ്പെടെയാണ് ജോലിസാധ്യതകള്‍. പുറമേ ഫാബ് ലാബുകളിലെ ഇന്‍സ്ട്രക്ടര്‍ ജോലിപോലുള്ള അവസരങ്ങളുമുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡാനിയേല്‍ ജീവന്‍ പറഞ്ഞു. 

ക്ലാസുകള്‍ ഇങ്ങനെ
അമേരിക്കയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അധ്യാപനം. ബുധനാഴ്ചകളില്‍ വൈകീട്ട് ഏഴുമുതല്‍ രാത്രി 11 വരെയാണ് ക്ലാസുകള്‍. (ഇരുരാജ്യങ്ങളിലെയും സമയത്തിലുള്ള വ്യത്യാസം മൂലമാണ് ഇവിടെ ക്ലാസുകള്‍ വൈകീട്ടായത്). ഓരോ ആഴ്ചയിലും ഓരോ വിഷയം പഠിപ്പിക്കും. എം.ഐ.ടി.യിലെ പ്രൊഫസറാണ് ക്ലാസ് നയിക്കുക. വിദ്യാര്‍ഥികള്‍ കോഴ്‌സിന്റെ ഭാഗമായി സ്വന്തമായൊരു വെബ്‌സൈറ്റ് രൂപകല്പന ചെയ്യണം. ഓരോ ആഴ്ചയിലും പഠിപ്പിക്കുന്ന വിഷയം സ്വന്തമായ രീതിയില്‍ വെബ്‌സൈറ്റില്‍ അവതരിപ്പിക്കണം. എന്താണ് പഠിച്ചതെന്നും എങ്ങനെയാണ് പഠിച്ചതെന്നും വിലയിരുത്താനുള്ള മാര്‍ഗമാണിത്. പുറമേ ഓരോ ആഴ്ചയും അസൈന്‍മെന്റുകളുണ്ടാകും. 

ഇതും പൂര്‍ത്തിയാക്കി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. ഇവയെല്ലാം അധ്യാപകര്‍ വിലയിരുത്തും. ആറുമാസത്തിന്റെ അവസാനം സ്വന്തമായി പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അധ്യാപനത്തിനൊപ്പം ഫാബ് ലാബുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശവും ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ വീതമുണ്ട്.ആറുമാസത്തെ കോഴ്‌സിന് 65,000 രൂപയാണ് ഫീസ്. കേരളത്തിലെ ഫാബ് ലാബിനുള്ള സ്‌പെഷ്യല്‍ ഫീസാണിത്. യഥാര്‍ഥഫീസ് മൂന്നുലക്ഷം രൂപയോളം വരുമെന്ന് അധികൃതര്‍ പറയുന്നു. ആറുമാസമാണ് കാലയളവെങ്കിലും വര്‍ഷത്തില്‍ ഒരു കോഴ്‌സ് മാത്രമാണുള്ളത്. ഈ വര്‍ഷത്തെ ബാച്ച് ജനുവരിയില്‍ തുടങ്ങി. ഇനി പുതിയ ക്ലാസ് അടുത്ത ജനുവരിയിലാണ് തുടങ്ങുക. നവംബറില്‍ അപേക്ഷ ക്ഷണിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങളുണ്ടാകും.  

കേരളത്തില്‍ രണ്ട്
ലോകത്താകെ 1000 ഫാബ് ലാബുകളാണുള്ളത്. ഇതില്‍ 60 ഫാബ് ലാബുകളിലാണ് കോഴ്‌സ് നടത്തുന്നതിനുള്ള സൗകര്യമുള്ളത്. കൊച്ചിയില്‍ കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലും തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുമാണ് ഫാബ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാബ് ലാബുകളാണിത്. കേരളത്തിലെ ഫാബ് ലാബുകളില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസുകളാണ്. ആദ്യബാച്ചില്‍നിന്ന് പഠിച്ചിറങ്ങിയത് 16 പേരാണ്.ഫാബ് അക്കാദമിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്:  http://fabacademy.org/about/diploma/