രു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ കഷ്ടപ്പാട് മറ്റൊരു വിദ്യാര്‍ഥിക്കേ മനസ്സിലാവൂ എന്ന് പറയുന്നത് വളരെ ശരിയാണ്. പഠിച്ചുതീര്‍ക്കാന്‍ ഒട്ടേറെ പേപ്പറുകള്‍. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ കുന്നുകൂടുന്ന സപ്ലികള്‍. അതിനുപുറമേയാണ് ആവശ്യത്തിന് അധ്യാപകരില്ലാത്തതിന്റെയും പഠനത്തിനാവശ്യമായ നോട്ടുകള്‍ കിട്ടാത്തതിന്റെയും പ്രശ്‌നങ്ങള്‍. ഓരോ സെമസ്റ്ററും അവസാനിക്കുന്നതിനുമുന്‍പ് നോട്ടുകള്‍ സംഘടിപ്പിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്ന പുതിയ വെബ്‌സൈറ്റുമായി എത്തിയിരിക്കുകയാണ് സി. അമല്‍രാഗ്.

ഉപയോഗം സൗജന്യം
എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അമല്‍രാഗ്. എന്‍ജിനീറിങ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ടുകള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുകയാണ് ഈ മിടുക്കന്‍. കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.) യുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗപ്രദമാകുന്ന www.classnotesforyou.com എന്ന വെബ്‌സൈറ്റ്. എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

നോട്ടുകള്‍ എവിടെനിന്ന്
വിദ്യാര്‍ഥികള്‍ക്കാവശ്യമായ കുറിപ്പുകള്‍ ആദ്യം സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം. വെബ്‌സൈറ്റ് കൂടുതല്‍ കുട്ടികള്‍ക്ക് സഹായകമാകാന്‍ വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ പഠിക്കുന്നവര്‍ അവരുടെ കൈവശമുള്ള പഠനക്കുറിപ്പുകള്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. വളരെ ലളിതമായി കുറിപ്പുകള്‍ അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോ!ഡ് ചെയ്യാനും കഴിയുമെന്നതാണ് വെബ്‌സൈറ്റിന്റെ പ്രത്യേകത.

ചിന്ത വന്നവഴി
പുതിയ സര്‍വകലാശാലയുടെ പുത്തന്‍ സിലബസുമായി പൊരുത്തപ്പെടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. അതിനിടയിലാണ് സമയത്തിന് നോട്ടുകള്‍ കിട്ടാത്ത അവസ്ഥ. വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും മറ്റുമാണ് ഇവര്‍ നോട്ടുകള്‍ പങ്കുവെക്കുന്നത്. ഇത് എല്ലാവര്‍ക്കും ലഭിക്കുകയുമില്ല. ഇത് മനസ്സിലാക്കിയാണ് എല്ലാവര്‍ക്കും എളുപ്പത്തില്‍ നോട്ടുകള്‍ ലഭ്യമാക്കുന്ന ഒരു സംവിധാനം ചിന്തിക്കുന്നതും വെബ്‌സൈറ്റിന് രൂപം നല്‍കുന്നതും. എസ്.എന്‍.ജി. എന്‍ജിനീയറിങ് കോളേജ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കണ്‍വീനര്‍ അരുണ്‍ കെ. ഗോവിന്ദിന്റെ നേതൃത്വത്തിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.

കംപ്യൂട്ടറുമായി കൂട്ടുകൂടി
ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ കംപ്യൂട്ടര്‍ പഠനത്തില്‍ തത്പരനായിരുന്നു അമല്‍രാഗ്. സംസ്ഥാനതല ശാസ്‌ത്രോത്സവം ഐ.ടി. മേളയില്‍ വെബ്‌പേജ് ഡിസൈനിങ്ങില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. തലശ്ശേരി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് ഗ്രൂപ്പിന് ബ്ലോഗ് നിര്‍മിച്ച് നല്‍കിയതും അമല്‍രാഗാണ്. കണ്ണൂര്‍ പാനൂര്‍ പി.ആര്‍.എം. കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ടി.സി. സുധാകരന്റെയും പാനൂര്‍ എം.ഇ.എസ്. പബ്ലിക് സ്‌കൂള്‍ അധ്യാപിക എം.കെ. ബീനയുടെയും മകനാണ്.