വാഹനങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നത് ഡിസൈനിങ്ങിലാണ്. ഇന്ത്യന്‍ വിപണിയില്‍തന്നെ ആഗോള വാഹനമോഡലുകളിലിത് ദൃശ്യമാണ്. മെയ്ക്ക്ഇന്‍ ഇന്ത്യയുടെ ഭാഗമായി ഓട്ടോമൊബൈല്‍ വ്യവസായമേഖലയില്‍ ഒട്ടേറെ അവസരമാണ് ഇന്ത്യയില്‍മാത്രം വരാനിരിക്കുന്നത്. 2020 ഓടെ ലോകവാഹനവിപണിയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ഒട്ടെല്ലാ പ്രമുഖ വിദേശവാഹനകമ്പനികളുടെയും റിസര്‍ച്ച് ആന്‍ഡ് ഡെവല്പ്‌മെന്റ് കേന്ദ്രങ്ങള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലുണ്ട്

ഇന്ത്യന്‍ വിപണിയില്‍ 2 ശതമാനത്തോളം ലക്ഷ്വറി കാറുകളുണ്ട് മെഴ്‌സിഡസ് ഇക്ലാസ് കാറ്റഗറി കാറുകളും നിര്‍മിച്ചുവരുന്നു.

ഓട്ടോമൊബൈല്‍ട്രാന്‍സ്‌പോര്‍ട്ട് ഡിസൈന്‍ കോഴ്‌സുകള്‍

പ്ലസ് ടുവിനുശേഷം ചേരാവുന്നതും എന്‍ജിനീയറിങ് കോഴ്‌സിന്റെ ഭാഗമായും ഓട്ടോമോബൈല്‍ ഡിസൈിനിങ് പ്രോഗ്രാമുകളുണ്ട്. ബിരുദാനന്തര ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. എന്നാല്‍ അഭിരുചിക്ക് അനുസരിച്ചേ ഇത്തരം കോഴ്‌സുകള്‍ക്ക് ചേരാവൂ.

  • കോര്‍ എന്‍ജിനീയറിങ് ശാഖകളായ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ട് എന്‍ജിനീയറിങ് എന്നിവയില്‍ ഉപരിപഠനം നടത്താം.  
  • ഓട്ടോമൊബൈല്‍ ഡിസൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനിന്റെ കീഴില്‍ ചെന്നൈ,ബെംഗളൂരു, പുണെ, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഓട്ടോമോബൈല്‍ ഡിസൈന്‍ കോഴ്‌സുകളെക്കുറിച്ചറിയാന്‍ www.iidsign.co.in സന്ദര്‍ശിക്കുക.
  • അഹമ്മദാബാദിലെയും, ബെംഗളൂരുവിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നാലുവര്‍ഷ ബി.ഡിസ്., ബിരുദാനന്തര എം.ഡിസ്. പ്രോഗ്രാമുകളുണ്ട്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍. രാജ്യത്തെ തിരഞ്ഞെടുത്ത ഐ.ഐ.ടി. കളില്‍ ബി.ഡിസ്., എം.ഡിസ്. പ്രോഗ്രാമുകളുണ്ട്. പ്രവേശന പരീക്ഷവഴിയാണ് അഡ്മിഷന്‍. പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.idc.iitb.ac.in, www.nid.edu. എന്നീ സൈറ്റുകള്‍ കാണുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വാഹനനിര്‍മാണ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും.
  • ഡ്രാഫ്റ്റിങ് ആന്റ് ഡിസൈന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് & ഇലക്‌ട്രോണിക്‌സ്, എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍, എയ്‌റോനോട്ടിക്കല്‍, എയ്‌റോസ്‌പേസ്, മെക്കാനിക്‌സ് എന്നിവയോടൊപ്പം ട്രാന്‍സ്‌പോര്‍ട്ട് ഡിസൈന്‍ സ്‌പെഷലൈസേഷനുകളുണ്ട്. എയര്‍ക്രാഫ്റ്റ് ഡിസൈന്‍, ഷിപ്പ് ബില്‍ഡിങ് ആന്റ് നേവല്‍ ആര്‍ക്കിടെക്ചര്‍, ബി.ടെക്ക് പ്രോഗ്രാമുകള്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലുണ്ട്. വെബ്‌സൈറ്റ്: www.cusat.ac.in
  • ഐ.ഐ.ടി. മുംബൈ, ഗുവാഹതി, ഡല്‍ഹി, കാണ്‍പൂര്‍ എന്നിവിടങ്ങളിലും ഡിസൈനിങ് പ്രോഗ്രാമുകളുണ്ട്.

വിദേശ കോഴ്‌സുകള്‍

ചൈനയിലെ ബീജിങ് സര്‍വകലശാല, നെതര്‍ലന്‍ഡ്‌സിലെ ഹാന്‍ യൂണിവേഴ്‌സിറ്റി, ലിത്വാനയില്‍ കൗനാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ജര്‍മനിയിലെ ഇ.ബി.എസ്. ബിസിനസ് സ്‌കൂള്‍, ഫിന്‍ലാന്‍ഡ് ആള്‍ട്ടോ യൂണിവേഴ്‌സിറ്റി, ഹംഗറിയിലെ SI യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ ബ്രൂണെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, മിഡില്‍ സെക്‌സ്, സെന്‍ട്രല്‍ ലങ്കാഷെയര്‍, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ഓട്ടോമോബൈല്‍ ഡിസൈനിങ്ങില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.