ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിനിന്റെ റാങ്ക് നിര്‍ണയത്തിന് പ്ലസ്ടുതല മാര്‍ക്കിനു കൂടി പരിഗണന നല്‍കുന്ന രീതി 2017 മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. 2013 ലെ പരീക്ഷയ്ക്കാണ് പ്ലസ്ടുമാര്‍ക്കിന് 40 ശതമാനം വെയ്റ്റേജ് JEE (Main) റാങ്ക് നിര്‍ണയത്തിന് നല്‍കിത്തുടങ്ങിയത്. എന്നാല്‍ JEE (Advanced)ന് പ്രവേശനപരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിച്ചാണ് റാങ്ക് നിര്‍ണയം. ആ വ്യവസ്ഥ ഇനിയും തുടരും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പ്ലസ്ടുതല പരീക്ഷ പൂര്‍ണമായും തഴയാനും കഴിയില്ല. കാരണം, ആ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവരെ അല്ലെങ്കില്‍ മുന്നിലെത്തുന്ന നിശ്ചിത എണ്ണം പരീക്ഷാര്‍ത്ഥികളെ മാത്രമേ ബിരുദകോഴ്സ് പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. 

JEE (Main)ല്‍ യോഗ്യത നേടി ബിരുദതല പ്രോഗ്രാമില്‍ പ്രവേശനത്തിന് അര്‍ഹത നേടണമെങ്കില്‍ അപേക്ഷാര്‍ത്ഥിക്ക് പ്ലസ്ടുതല പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. അതല്ലെങ്കില്‍, അപേക്ഷാര്‍ത്ഥി അഭിമുഖീകരിച്ച പ്ലസ്ടുതല ബോര്‍ഡ് പരീക്ഷയില്‍ മുന്നിലെത്തുന്ന 20 പെര്‍സന്റൈലില്‍ പരീക്ഷാര്‍ത്ഥി ഉള്‍പ്പെട്ടിരിക്കണം. SC/ST വിദ്യാര്‍ത്ഥികള്‍ക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. 

IIT പ്രവേശനത്തിന് അര്‍ഹത നേടണമെങ്കിലും ഇതേ വ്യവസ്ഥ തൃപ്തിപ്പെടുത്തണം. അവിടെ PwD വിഭാഗക്കാര്‍ക്കും മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് മതിയാകും. രണ്ടു പരീക്ഷകളുടെ കാര്യത്തിലും മൊത്തം മാര്‍ക്ക് കണക്കാക്കുമ്പോഴും പെര്‍സന്റൈല്‍ നിര്‍ണയിക്കുമ്പോഴും 5 വിഷയങ്ങളിലെ മാര്‍ക്കായിരിക്കും കണക്കാക്കുക. 

JEE (മെയിന്‍) ന്റെ കാര്യത്തില്‍ കണക്കിലെടുക്കുന്ന വിഷയങ്ങള്‍: 
(i) ഭാഷാവിഷയം 
(ii) ഫിസിക്സ് 
(iii) മാത്തമാറ്റിക്സ് 
(iv) കെമിസ്ട്രി/ ബയോളജി/ ബയോടെക്നോളജി/ ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയം എന്നിവയിലൊന്ന് 
(v) മറ്റേതെങ്കിലും വിഷയം. 

ആറ് വിഷയങ്ങളാണ് പഠിച്ചിരിക്കുന്നതെങ്കില്‍ അഞ്ചാമത്തേതും ആറാമത്തേതും വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ളത് അഞ്ചാം വിഷയമായി പരിഗണിക്കും. പേപ്പര്‍ രണ്ടിന്റെ റാങ്ക് നിര്‍ണയിക്കുമ്പോള്‍ മാത്തമാറ്റിക്സിന്റെയും മറ്റേതെങ്കിലും നാല് വിഷയത്തിന്റെയും മാര്‍ക്കുകളായിരിക്കും പരിഗണിക്കുക. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് 100ല്‍ കണക്കാക്കും. മൊത്തം മാര്‍ക്ക് 500 ആയിരിക്കും. 

JEE (Advanced) ന്റെ കാര്യത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്ന് വിഷയങ്ങളും, ഒരു ഭാഷാവിഷയവും ഇവ നാലുമല്ലാത്ത ഒരു വിഷയവുമായിരിക്കും പരിഗണിക്കുക. ഇവയില്‍ 4,5 വിഷയങ്ങളുടെ കാര്യത്തില്‍, ആ ഗണത്തില്‍ ഒന്നില്‍ കൂടുതല്‍ വിഷയങ്ങളുണ്ടെങ്കില്‍ അവയില്‍ കൂടുതല്‍ മാര്‍ക്കുള്ള വിഷയമായിരിക്കും പരിഗണിക്കുക. ഇവിടെയും ഓരോ വിഷയത്തിന്റെ മാര്‍ക്ക് 100 ആയും മൊത്തം മാര്‍ക്ക് 500 ആയും നിജപ്പെടുത്തും. 

JEE (Advanced)ല്‍ ആര്‍ക്കിടെക്ചര്‍ പ്രവേശനവും JEE (Advanced) റാങ്കിന്റെ അടിസ്ഥാനത്തില്‍ ആയതിനാല്‍ B.Arch പ്രവേശനത്തിനും യോഗ്യതാപരീക്ഷയുടെ കാര്യത്തില്‍ മുകളില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ തന്നെയാകും പരിണിക്കുക. 2016ല്‍ ബോര്‍ഡ് പരീക്ഷ എഴുതി 2017ല്‍ ഫലം മെച്ചപ്പെടുത്താന്‍ പരീക്ഷ വീണ്ടും അഭിമുഖീകരിച്ചവരുടെ കാര്യത്തില്‍ രണ്ടില്‍ ഭേദപ്പെട്ട സ്‌കോര്‍ ആയിരിക്കും പരിഗണിക്കുക. 

ഒരു പരീക്ഷാര്‍ത്ഥി, ബോര്‍ഡ് പരീക്ഷ അഭിമുഖീകരിച്ചവരുടെ മുന്നിലെത്തിയ 20 പെര്‍സന്റൈല്‍ വിഭാഗത്തില്‍പ്പെടണം എന്ന് പറയുമ്പോള്‍, ആ വിദ്യാര്‍ത്ഥിയുടെ സ്‌കോറിനു താഴെ സ്‌കോര്‍ ലഭിച്ചവര്‍ പരീക്ഷ അഭിമുഖീകരിച്ച് ജയിച്ചവരില്‍ 80 ശതമാനമായിരിക്കണം എന്നാണ്. ഉദാഹരണത്തിന്, 8000 പേര്‍ ഒരു ബോര്‍ഡ് പരീക്ഷയില്‍ ജയിച്ചെന്നിരിക്കട്ടെ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ 1600 പേര്‍ (20%) ആയിരിക്കും 20 പെര്‍സന്റൈല്‍ വിഭാഗത്തില്‍ പെടുക. അപ്പോള്‍ മാര്‍ക്ക് ക്രമത്തില്‍ വിദ്യാര്‍ത്ഥികളെ പരിഗണിച്ചാല്‍ 6400 പേര്‍ (80%) ഈ കട്ട്-ഓഫിന് (1600) താഴെയുണ്ടായിരിക്കും. ഇപ്രകാരം അര്‍ഹരാകുന്നവരെ കാറ്റഗറിയനുസരിച്ച് കണ്ടെത്തും. 

2016ലെ കണക്ക് പരിശോധിച്ചാല്‍ സിബിഎസ്ഇ പരീക്ഷ അഭിമുഖീകരിച്ചവരുടെ കാര്യത്തില്‍ 430 മാര്‍ക്ക് (500) കിട്ടിയവര്‍ 20 പെര്‍സന്റൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ജനറല്‍ കാറ്റഗറിയുടെ കട്ട് ഓഫ് ആയിരുന്നു 430. OBC-NCL വിഭാഗത്തിന്റെ കട്ട്-ഓഫ് 414ഉം SCയുടേത് 395ഉം STയുടേത് 376ഉം, PwD വിഭാഗത്തിന്റേത് 376 ഉം ആയിരുന്നു. 75 ശതമാനം (375) ഇതില്‍ താഴെയായതിനാല്‍ 375 മാര്‍ക്ക് നേടിയവരും ജനറല്‍ വിഭാഗത്തില്‍ അര്‍ഹരായി. 

കേരള ബോര്‍ഡിന്റെ 20 പെര്‍സന്റൈല്‍ കട്ട്-ഓഫ്, വിവിധ വിഭാഗങ്ങള്‍ക്ക് യഥാക്രമം 427, 358, 380, 366, 358 എന്നിങ്ങനെയായിരുന്നു. ഈ മാര്‍ക്കുകള്‍ വരെ കിട്ടിയ ഈ വിഭാഗക്കാര്‍ക്ക് പെര്‍സന്റൈല്‍ വ്യവസ്ഥ പ്രകാരമുള്ള അര്‍ഹത ലഭിച്ചുവെന്ന് സാരം. പക്ഷേ, ശതമാനക്കണക്കിലുള്ള മാര്‍ക്ക് പരിശോധിക്കുമ്പോള്‍ 75 ശതമാനം എന്നു പറയുന്നത് 500ല്‍ 375 ആണ്. അതിനാല്‍ കേരള ബോര്‍ഡില്‍ നിന്നും പരീക്ഷ എഴുതി, 375 മാര്‍ക്ക് ലഭിച്ച ജനറല്‍ വിഭാഗക്കാരെല്ലാം IIT പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷം അര്‍ഹത നേടി. 20 പെര്‍സന്റൈല്‍ സ്‌കോര്‍ 75% സ്‌കോറിനേക്കാള്‍ (375 നേക്കാള്‍) താഴെയാണെങ്കില്‍ മാത്രമേ പെര്‍സന്റൈല്‍ വ്യവസ്ഥ പ്രകാരം യോഗ്യത നേടുകയുള്ളൂ. അസം (349), ബീഹാര്‍ (315), ഛത്തീസ്ഗഡ് (360), ഗോവ (361), ഗുജറാത്ത് (363) തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ 20 പെര്‍സന്റൈയിലിന്റെ കട്ട്-ഓഫ് 375ല്‍ താഴെയായിരുന്നു. 

മുന്‍വര്‍ഷങ്ങളിലെ പരീക്ഷാമതൃക
2016ലെ JEE (മെയിന്‍) ചോദ്യപേപ്പര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ നിന്നും 30 വീതം (മൊത്തം 90) ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടമാകും. ബോര്‍ഡ് നല്‍കുന്ന നീല/കറുത്ത മഷിയുള്ള ബോള്‍ പോയിന്റ് പേന കൊണ്ടാണ് ഉത്തരത്തിന്റെ നമ്പര്‍ (1/2/3/4) അടങ്ങുന്ന വൃത്തം പൂര്‍ണമായും കറുപ്പിക്കേണ്ടത്. 

അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളും, ക്രിയ ചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും പ്രതീക്ഷിക്കാം. ബി.ആര്‍ക്ക്/ബി.പ്ലാനിങ് പ്രവേശനത്തിനുള്ള രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്സില്‍ നിന്നും 30, അഭിരുചി ഭാഗത്ത് 50ഉം ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഓരോന്നിനും 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. മൂന്നാം ഭാഗം ചിത്രരചനയാണ്. 70 മാര്‍ക്കുള്ള 2 ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇതിന് പ്രത്യേകം തന്നിട്ടുള്ള കടലാസിലാണ് ഉത്തരം നല്‍കേണ്ടത്. പേപ്പറിന്റെ മൊത്തം മാര്‍ക്ക് 390 ആയിരിക്കും. 

2014, 2015 വര്‍ഷങ്ങളിലെ JEE (Main) ചോദ്യപേപ്പര്‍ www.jeemain.nic.in എന്ന വെബ്സൈറ്റിലുണ്ട്. JEE (Advanced) പരീക്ഷ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ ഘടനയാണുള്ളത്. 2016ലെ ചോദ്യപേപ്പര്‍ (പേപ്പര്‍ 1) പരിശോധിച്ചാല്‍, ഫിസിക്സ് ചോദ്യങ്ങളില്‍ ആദ്യ ഭാഗത്ത് 3 മാര്‍ക്കിന്റെ 5 ചോദ്യങ്ങളും (ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടം, ഒരു ശരിയുത്തരം മാത്രം), രണ്ടാം ഭാഗത്ത് ഒന്നോ അതില്‍ കൂടുതലോ ഉത്തരങ്ങളുള്ള 8 ചോദ്യങ്ങളും (എല്ലാ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാല്‍ 4ഉം, തെറ്റായ ഒരുത്തരവും രേഖപ്പെടുത്താതെ നല്‍കുന്ന ഓരോ ശരിയുത്തരത്തിനും 1ഉം മാര്‍ക്ക് അനുവദിച്ചു. മറ്റെല്ലാ തരത്തിലുള്ള ഉത്തരങ്ങള്‍ക്കും 2 മാര്‍ക്ക് നഷ്ടപ്പെടും), മൂന്നാം ഭാഗത്ത് 3 മാര്‍ക്കുള്ള 5 ചോദ്യങ്ങളും (ഒറ്റ അക്കമുള്ള പൂര്‍ണസംഖ്യ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍, ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് നഷ്ടപ്പെടില്ല. ഒറ്റ ശരിയുത്തരം) ഉണ്ടായിരുന്നു. മൊത്തം 18 ചോദ്യങ്ങള്‍, 62 മാര്‍ക്ക്. 

കെമിസ്ട്രിയിലും മാത്തമാറ്റിക്സിലും ഇതേ രീതിയിലുള്ള ചോദ്യങ്ങള്‍. രണ്ടാം പേപ്പറില്‍ ഓരോ വിഷയത്തില്‍ നിന്നും 18 ചോദ്യങ്ങള്‍: 6 ചോദ്യങ്ങള്‍- 18 മാര്‍ക്ക്, 8 ചോദ്യങ്ങള്‍-32 മാര്‍ക്ക്, 4 ചോദ്യങ്ങള്‍- 12 മാര്‍ക്ക്. IIT പരീക്ഷയ്ക്ക് ഒരു മുന്നറിയിപ്പില്ലാതെ ചോദ്യരീതി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിര്‍ദേശം വായിച്ച് മുന്നോട്ട് പോകണം.