ഉത്പാദനവും വിതരണവും സാമ്പത്തികശാസ്ത്രസംജ്ഞകളാണ്. വിജ്ഞാനത്തിന്റെ ഉത്പാദനവും വിതരണവും ലക്ഷ്യമിട്ടിട്ടുള്ള സാമ്പത്തികശാസ്ത്ര പഠനസ്ഥാപനം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്). തിരുവനന്തപുരത്ത് പഠിച്ചുകൊണ്ട് ന്യൂഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു)യുടെ ഉന്നത ബിരുദങ്ങൾ സ്വന്തമാക്കാം.  

എം.എ., ഇന്റഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി കോഴ്‌സുകൾക്കാണ് സി.ഡി.എസ് വിജ്ഞാപനം ക്ഷണിച്ചത്. രണ്ടിനും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 12 ആണ്. പ്രവേശന പരീക്ഷ മേയ് 21-ന് രാജ്യത്തെ ആറുകേന്ദ്രങ്ങളിൽ നടത്തും. പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് എം.എയ്ക്ക് പ്രവേശനം നൽകുന്നത്. പ്രവേശനപരീക്ഷ വിജയിക്കുന്നവരെ അഭിമുഖം നടത്തിയാണ് ഇന്റഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡിക്ക് തിരഞ്ഞെടുക്കുക. 

എം.എ.: 

ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെയുള്ള ബിരുദമാണ്  യോഗ്യത. എസ്.സി/എസ്.ടി/ഭിന്നശേഷി അപേക്ഷകർക്ക് മാർക്ക് നിബന്ധനകൾ ബാധകമല്ല. അവസാനവർഷ പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. നാലു സെമസ്റ്ററിൽ പൂർത്തിയാകുന്ന പഠനത്തിന് ഓരോ സെമസ്റ്ററിലും 8000 രൂപയാണ് ഫീസ്. ഹോസ്റ്റൽ സൗകര്യം ലഭിക്കും.  ജൂലായ് 27-ന് കോഴ്‌സ് ആരംഭിക്കും.

ഇന്റഗ്രേറ്റഡ് എം.ഫിൽ/പിഎച്ച്.ഡി:

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും പ്രൊഫഷണൽ ബിരുദമോ (ബി.ടെക്/എം.ബി.ബി.എസ്/ബി.വി.എസ്‌സി. മുതലായവ) ആണ് യോഗ്യത. ഓഗസ്റ്റ് ഒന്നിന് കോഴ്‌സ് ആരംഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യു.ജി.സി ഫെല്ലോഷിപ്പുകൾ (ജെ.ആർ.എഫ്/എസ്.ആർ.എഫ് & ആർ.ജി.എൻ.എഫ്), മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ്, എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള കേരള സർക്കാർ ഫെല്ലോഷിപ്പ് മുതലായവ ഉപയോഗപ്പെടുത്താം. എം.ഫിലിനു മറ്റു ഫെല്ലോഷിപ്പുകളൊന്നും ലഭിക്കാത്തവർക്ക് സി.ഡി.എസിന്റെ ഫെല്ലോഷിപ്പിന് അർഹതയുണ്ടായിരിക്കും. പിഎച്ച്.ഡി പ്രവേശനം ലഭിക്കുന്നവർക്ക് ഐ.സി.എസ്.എസ്.ആർ. ഫെല്ലോഷിപ്പ് കിട്ടുന്നതിന് സ്പോൺസറുടെ സാന്നിധ്യത്തിൽ പ്രത്യേക അഭിമുഖ പരീക്ഷ നടത്തും. 
ഹ്രസ്വകാല പരിശീലന പരിപാടികൾ

സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, തദ്ദേശഭരണസ്ഥാപനങ്ങൾ, സർക്കാർ വികസന ഏജൻസികൾ എന്നിവയുടെ ശേഷി വർധിപ്പിക്കുന്നതിനായി ഹ്രസ്വകാല പരിശീലന പരിപാടികളും സി.ഡി.എസ്. ഏറ്റെടുക്കുന്നു. സാമ്പത്തികശാസ്ത്രസിദ്ധാന്തത്തിലെയും അധ്യയനതന്ത്രങ്ങളിലെയും പുതിയ ചലനങ്ങൾ പരിചയപ്പെടുത്താൻ അധ്യാപകർക്ക് പരിശീലന പരിപാടികളുണ്ട്. കുടിയേറ്റകാര്യത്തിലെ ഗവേഷണരീതികളും സമീപനങ്ങളും വിശദമാക്കുന്ന പരിശീലനമുണ്ട്. ഐ.സി.എസ്.എസ്.ആറുമായി ചേർന്ന് പട്ടികജാതി/വർഗ വിഭാഗക്കാരായ ഗവേഷകർക്കും ഗവേഷണ വിദ്യാർഥികൾക്കും പരിശീലനം നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി സാമൂഹികശാസ്ത്ര പാഠ്യപദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. 

ഗവേഷണം:
ഇന്ത്യയുടെ, വിശേഷിച്ച് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട സാമൂഹിക-സാമ്പത്തിക വിഷയങ്ങൾക്കാണ് സി.ഡി.എസ് പ്രാമുഖ്യം നൽകുന്നത്. ഇതിനായി ആറു ഗവേഷണ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.  
 റിസർവ് ബാങ്കിന്റെ പിന്തുണയോടെ ആരോഗ്യ പരിപാലനവും ആരോഗ്യ അസമത്വങ്ങളും പഠിക്കുന്നു.
  ആസൂത്രണക്കമ്മിഷൻ പിന്തുണയ്ക്കുന്ന നയസാമഗ്രികളിൽ ഗവേഷണം നടത്തുന്നു.
 സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹകരണത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാപ്തി വർധിപ്പിക്കുന്ന പഠനവും പരിശീലനവും.
 കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ തോട്ടവിള ഗവേഷണം.
 കേരളത്തിലെ കോളേജുകളിലെയും സർവകലാശാലകളിലെയും ഗവേഷണാഭിരുചി വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയുള്ള കെ.എൻ.രാജ് ഗവേഷണ യൂണിറ്റ്.
 കേരളവും ആഗോള സമ്പദ്ഘടനയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയുള്ള ഗവേഷണ യൂണിറ്റ്. 

വെബ്‌സൈറ്റ് www.cds.edu. ഫോൺ 0471 2774254, 2774200, 2448881.