സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസമേഖല വീണ്ടുമൊരു ആശയക്കുഴപ്പത്തിലാണ്. ഇത്തവണയും ഫീസ് നിർണയം തന്നെയാണ് പ്രശ്നം.  മെഡിക്കൽ കോളേജുകളിലെ പ്രവേശനം പൂർണമായും കേന്ദ്ര പ്രവേശനപരീക്ഷ(നീറ്റ്)യുടെ അടിസ്ഥാനത്തിലാക്കുമ്പോൾ ഏകീകൃതഫീസ് നിർണയിക്കുകയും പാവപ്പെട്ടവർക്ക് തുടർന്ന് കുറഞ്ഞ നിരക്കിൽ മെഡിക്കൽ പഠനം ഉറപ്പാക്കുകയും ചെയ്യുക  എന്നതാണ് ഇപ്പോൾ സർക്കാരിന്  മുന്നിലുള്ള വെല്ലുവിളി.  അഭിപ്രായസമന്വയത്തിന് തിങ്കളാഴ്ച മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സാമൂഹികനീതി മുൻനിർത്തി, എല്ലാ വിഭാഗക്കാർക്കും അവസരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  കേരളം സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയ്ക്ക് വാതിൽ തുറന്നത്. എന്നാൽ, ഈ ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിൽ സുതാര്യത ഉറപ്പുവരുത്താനുമായിട്ടില്ല. ‘നീറ്റി’ലൂടെയുള്ള പ്രവേശനം മെഡിക്കൽ വിദ്യാഭ്യാസമേഖല സുതാര്യമാക്കാനുള്ള മികച്ച അവസരമാണ്. ഇത്  പ്രയോജനപ്പെടുത്തി ഈ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ധാരണയാണുണ്ടാകേണ്ടത്. 

 സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് അടുത്തഅധ്യയനവർഷംമുതൽ നീറ്റ് റാങ്ക് പട്ടികയിൽനിന്ന് സംസ്ഥാന പ്രവേശനകമ്മിഷണറാണ് എല്ലാ കോളേജുകളിലേക്കും പ്രവേശനം നടത്തുന്നത്. ഇതോടെ മെറിറ്റ് സീറ്റ്, മാനേജ്മെന്റ് സീറ്റ് എന്ന വിഭജനം ഇല്ലാതാവും.  ഇപ്പോൾ സ്വാശ്രയകോളേജുകളിൽ പകുതി സീറ്റിൽ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. ഈ സീറ്റുകൾക്ക്  സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഫീസാണ് ബാധകം. ശേഷിക്കുന്നതിൽ  35 ശതമാനം മാനേജ്മെന്റ് സീറ്റിൽ ഉയർന്ന ഫീസും 15 ശതമാനം  എൻ.ആർ.െഎ. സീറ്റിൽ ഇതിനെക്കാൾ ഉയർന്ന ഫീസുമാണ് ഈടാക്കുന്നത്. പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ ഏകീകരിക്കുന്നതോടെ ഫീസിലെ ഈ തരംതിരിവും  ഇല്ലാതാവും. സ്വാശ്രയകോളേജുകളിൽ തലവരി വാങ്ങാനാകാതെവരും. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ്.  എല്ലാ സീറ്റിനും ബാധകമായ ഏകീകൃത ഫീസ് സർക്കാർ നിശ്ചയിക്കുമ്പോൾ പാവപ്പെട്ടവർക്ക് പഠിക്കാനായി ഒരുവിഭാഗം സീറ്റുകളിൽ കുറഞ്ഞഫീസ് നിലനിർത്താനാവില്ല. സ്വകാര്യ കോളേജുകളിൽ പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ  പഠിക്കാനുള്ള സൗകര്യം ഇതോടെ ഇല്ലാതാവും. ഫീസ് ന്യായമല്ലെങ്കിൽ മെഡിക്കൽ പ്രവേശനം ഭൂരിപക്ഷത്തിനും അന്യമാവും. കോളേജുകൾ നടത്തിക്കൊണ്ടുപോകാൻ മതിയായതല്ലെങ്കിൽ അവയുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും.  ഇപ്പോൾ മെറിറ്റ് സീറ്റിൽ രണ്ടരലക്ഷവും മാനേജ്മെന്റ് സീറ്റിൽ 11 ലക്ഷവുമാണ് ഫീസ്. തലവരിയില്ലാതായതിനാൽ എല്ലാ സീറ്റിലും 11 ലക്ഷം രൂപയിൽക്കൂടുതൽ  ഫീസാണ് ഒരുവിഭാഗം മാനേജ്മെൻറുകൾ ലക്ഷ്യമിടുന്നത്. എങ്കിൽമാത്രമേ കോളേജുകൾ ഗുണപരമായി നടത്താനാവൂ എന്നാണ് ഇവരുടെ വാദം. എന്നാൽ, സർക്കാരിനിത് അംഗീകരിക്കാനാവില്ല. എല്ലാവർക്കും ഒരേ ഫീസായതിനാൽ അത് നിലവിലെ പരമാവധി ഫീസിനെക്കാൾ കൂടേണ്ടതില്ലെന്ന സർക്കാരിന്റെ വാദം ന്യായമാണ്. ക്രിസ്ത്യൻ മാനേജ്മെൻറുകളുടെ നാല് കോളേജുകളിൽ ഇപ്പോൾത്തന്നെ ഏകീകൃതഫീസായി നാലരലക്ഷം രൂപവരെയേ ഈടാക്കുന്നുള്ളൂ.

  ഫീസ് റെഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് നിശ്ചയിക്കേണ്ടത്. എന്നാൽ, പാവപ്പെട്ട കുട്ടികൾക്ക് പതിവുപോലെ കുറഞ്ഞനിരക്കിൽ മെഡിക്കൽ പഠനം നടത്തണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ കൂടിയേതീരൂ എന്നതാണ് പ്രധാന സംഗതി. രണ്ടുതരം ഫീസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ കുടുംബത്തിന്റെ വരുമാനമനുസരിച്ച് പ്രത്യേക സ്കീമിലൂടെ ഇളവുനൽകാൻ സർക്കാരിന് കഴിയും. ഇത് നിയമപരമായി നിലനിൽക്കുമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിന്റെ സാഹചര്യത്തിൽ ഇത്തരമൊരു ഇളവ് കൂടിയേതീരൂ. ഇതിന് എന്തുചെയ്യാനാവും എന്നകാര്യത്തിൽ ചർച്ചകളിൽ മുൻഗണന വേണം. നിയമനിർമാണം വേണ്ടതുണ്ടെങ്കിൽ  സർക്കാർ അതിന് തയ്യാറാകണം. പ്രവേശനം ഏകീകരിക്കപ്പെടുന്നതോടെ നഷ്ടപ്പെടുന്ന ന്യൂനപക്ഷാവകാശം സംരക്ഷിക്കാൻ മാനേജ്മെന്റുകൾ നിയമനടപടി ആലോചിക്കുന്നുണ്ട്. ഭരണഘടനപരമായ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ സമീപനത്തിന് ധാരണയുണ്ടാകണം.  യാഥാർഥ്യബോധത്തോടെയുള്ള ഏകീകൃതഫീസ് നിശ്ചയിക്കാനും അത് മാനേജ്മെൻറുകളെക്കൊണ്ട് അംഗീകരിപ്പിക്കാനും സർക്കാരിന് കഴിയണം.  ഇതിനായി സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യങ്ങളുൾക്കൊണ്ട്  നിലപാടെടുക്കാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം.