പാട്ടിന്റെ അവകാശം ആർക്കാണ്‌? താൻ ഈണമിട്ട പാട്ടുകൾ അനുമതിയില്ലാതെയും റോയൽറ്റി നൽകാതെയും വേദികളിൽ പാടിയതിന് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‌ സംഗീതസംവിധായകൻ ഇളയരാജ വക്കീൽനോട്ടീസയച്ചത് ചർച്ചകൾക്ക്‌ വഴിവെച്ചിരിക്കുകയാണ്‌.  കെ.എസ്. ചിത്രയ്ക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്. ബൗദ്ധികസ്വത്തുനിയമപ്രകാരം  മൗലികമായ ഈണത്തിന്റെ പകർപ്പവകാശം സംഗീതസംവിധായകനുള്ളതാണ് എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് വക്കീൽനോട്ടീസ്.  ഒരു ഗാനം  സംഗീതസംവിധായകന്റെ മാത്രം സ്വത്താണോ എന്ന ചോദ്യമാണ് ഈ വിഷയമുയർത്തിയിരിക്കുന്നത്. ഗാനരചയിതാക്കളുടെയും കമ്പോസർമാരുടെയും മ്യൂസിക്‌ പബ്ലിഷർമാരുടെയും സംഘടനയായ ഇന്ത്യൻ പെർഫോമിങ് റൈറ്റ് സോസൈറ്റിയുടെ നിയമപ്രകാരം ഗാനരചയിതാവും സംഗീതസംവിധായകനുമാണ് ഒരു ഗാനത്തിന്റെ കർത്താക്കൾ; പാട്ടുകാർ അവതാരകരും. സംഗീതസംവിധായകനുമാത്രമായി ഒരു പാട്ടിന്റെ പിതൃത്വം ഏകപക്ഷീയമായി ഏറ്റെടുക്കാനാവില്ല എന്നു ചുരുക്കം. സ്രഷ്ടാക്കളായ തങ്ങളുടെ പാട്ടുകൾ പെർഫോർമർമാരായ പാട്ടുകാർ പലയിടത്തും പാടി പണമുണ്ടാക്കുന്നു, അതിലൊരു പങ്ക് തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന്  സംഗീതസംവിധായകനും എഴുത്തുകാരനും പറയുന്നതിനെ വിമർശിക്കാനുമാവില്ല.   സിനിമാഗാനംഒരർഥത്തിൽ അവതരണകലയാണെന്നും ആവർത്തിക്കുമ്പോഴാണ്‌ അതിന്‌ കൂടുതൽ സ്വീകാര്യത ലഭിക്കുകയെന്നും വാദങ്ങളുണ്ട്‌. 

ഒരു  പാട്ട് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകന് ന്യായമായും അതിന്റെ മുഖ്യപങ്ക് അവകാശപ്പെടാം. എന്നാൽ, അതിനനുഗുണമായി രചന നടത്തിയില്ലെങ്കിൽ ആ ഈണത്തിനർഥമുണ്ടാവില്ലെന്ന്  വാഗർഥസ്വരൂപിയായ കവിക്കും സമർഥിക്കാം. ഇതു രണ്ടുമുണ്ടായാലും അതിന് ജീവൻ നൽകുന്ന ശബ്ദം പരാജയമാണെങ്കിൽ ആ ഗാനം അർഥശൂന്യമെന്ന് ഗായകനും പറയാം. ചുരുക്കത്തിൽ അതൊരു കൂട്ടായ കലാസൃഷ്ടിയാണ് എന്നുപറയുന്നതാവും ശരി.  ആംഗികവാചികാഹാര്യങ്ങളുെട സമഞ്ജസമായ മേളനം നാട്യത്തെ തികവുറ്റതാക്കുന്നതുപോലെയാണതും.  മികച്ച ഈണമുള്ള, കാവ്യഭംഗി തുളുമ്പുന്ന, കിന്നരശബ്ദത്തിലുള്ള ഒരു മനോഹരമായ കലാസൃഷ്ടിയെ പൂർണമാക്കുന്നത് പക്ഷേ, ഇതൊന്നുമല്ല. ആസ്വാദകരുണ്ടാവുമ്പോഴാണ് ആ കലാസൃഷ്ടി  കാലാതിവർത്തിയാവുന്നത്. ഏതൊരു സൗന്ദര്യത്തിന്റെയും  ലക്ഷ്യം ആസ്വാദനമാണ്. ആസ്വാദനമില്ലെങ്കിൽ സൗന്ദര്യം വ്യർഥമായ ജഡവസ്തുവാകും.  ഒരു കലാസൃഷ്ടിയുടെ  അപരിമേയമായ രസത്തെ നിർവചിക്കാനാവുന്നത്  രസികരുണ്ടാവുമ്പോഴാണെന്ന്  അഭിനവഗുപ്തനെപ്പോലുള്ള സൗന്ദര്യശാസ്ത്രജ്ഞർ പറഞ്ഞത് അതുകൊണ്ടാണ്. ഉത്പന്നം മാത്രമായി കലയെ കാണുന്നവർ ഇക്കാര്യംകൂടി ഓർക്കേണ്ടതുണ്ട്.

ദരിദ്രമായ ചുറ്റുപാടുകളിൽനിന്നുയർന്ന് പ്രതിഭയും സമർപ്പണവുംകൊണ്ട് സംഗീതലോകത്ത് സ്വന്തമായൊരു ഇടംനേടിയ സംഗീതജ്ഞനാണ് ഇളയരാജ. ഒരു പൂർണമായ സിംഫണിയൊരുക്കിയ ആദ്യഭാരതീയനെന്ന പ്രശസ്തിയും ഇശൈജ്ഞാനിയെന്നറിയപ്പെടുന്ന അദ്ദേഹത്തിനുണ്ട്.  ഹൃദയദ്രവീകരണക്ഷമതയുള്ള  ആലാപനശൈലിയുടെ ഉടമയായ എസ്.പി. ബാലസുബ്രഹ്മണ്യമാവട്ടെ വിവിധ ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം പാട്ടുകൾ റെക്കോഡ് ചെയ്ത അസാമാന്യപ്രതിഭയാണ്. ഇരുവരും ജനമനസ്സിൽ സ്ഥിതപ്രതിഷ്ഠ നേടിയവർ. പരസ്പരപൂരകങ്ങളായാണ് പലപ്പോഴും ആസ്വാദകർ അവരെ കണ്ടത്. ഇളയരാജയുെട മിക്ക ഹിറ്റുകളും പാടിയത് എസ്.പി.യാണ്. 2003-ൽ ബി.ബി.സി. നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത് ഇളയരാജയുടെ ഒരു പാട്ടായിരുന്നു. ‘രാക്കമ്മാ കൈെയ തട്ട്’ എന്ന ആ പാട്ടു പാടിയതാകട്ടെ ബാലസുബ്രഹ്മണ്യവും സ്വർണലതയും.  ഇളയരാജ ചിട്ടപ്പെടുത്തിയ പാട്ട് അദ്ദേഹംതന്നെ പാടുന്നതിനെക്കാൾ ആസ്വാദകർ ഇഷ്ടപ്പെടുക എസ്.പി.യെപ്പോലെയുള്ള ഗായകർ പാടുമ്പോഴായിരിക്കുമെന്നതിൽ തർക്കമില്ല.  കേവലങ്ങളായ മദമാത്സര്യങ്ങൾക്കും അഹംഭാവങ്ങൾക്കുമപ്പുറത്താണ് ഇരുവരുടെയും കലാമാഹാത്മ്യം. പാടാൻ വന്നാൽ പണംതരാമെന്നു പറഞ്ഞപ്പോൾ നിധിയെക്കാൾ വലുതാണ് ഈശ്വരോന്മുഖമായ സംഗീതാർച്ചന, ‘നിധിചാല സുഖമാ...’ എന്നു പാടിയ ത്യാഗരാജസ്വാമികളുടെ  പൈതൃകം പേറുന്നവർ  ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോൾ മുറിവേൽക്കുന്നത് ശുദ്ധമായ കലയ്ക്കും അതിന്റെ ആസ്വാദകർക്കുമാണ്.