ജനക്ഷേമലക്ഷ്യത്തോടെ വിഭാവനംചെയ്യുന്ന സർക്കാർപദ്ധതികൾ, നടപ്പാക്കലിലെ ഉദാസീനതയും അശ്രദ്ധയുംമൂലം ലക്ഷ്യംനിറവേറ്റാനാകാതെ പരാജയപ്പെടുന്നതിനു പല മാതൃകകൾ സംസ്ഥാനത്തുണ്ട്‌. രണ്ടുരൂപയ്ക്ക്‌ അരി നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടികയിൽനിന്ന്‌ അർഹരായ ദരിദ്രർ പുറത്തായതും പത്തേക്കർവരെ ഭൂമിയുള്ളവർ ഉൾപ്പെട്ടതുമാണ്‌ പുതിയ ഉദാഹരണം. മുൻഗണന നൽകേണ്ട വിഭാഗത്തിൽപ്പെട്ട ഒന്നരക്കോടിയോളം പേർക്ക്‌ സൗജന്യമായി നൽകുന്നതിനു പുറമേയാണ്‌ സംസ്ഥാന സർക്കാരിന്റെ സബ്‌സിഡിയോടെ ഒന്നേകാൽ കോടിയോളം പേർക്ക്‌ രണ്ടുരൂപ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനമുണ്ടായത്‌. സൗജന്യത്തിന്റെ മാനദണ്ഡമായി നിശ്ചയിച്ച ‘ക്ലേശഘടക’ങ്ങളിൽ ഏതെങ്കിലുമൊന്ന്‌ ഉണ്ടെന്നുള്ള കാരണത്താൽ മുൻഗണനപ്പട്ടികയിൽനിന്നു പുറത്തായ അർഹർക്ക്‌ രണ്ടുരൂപയ്ക്കുള്ള ധാന്യത്തിന്റെ പട്ടികയിൽ ആദ്യപരിഗണന നൽകാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്‌. ശുദ്ധമായ കുടിവെള്ളം, പാചകവാതകം, വൈദ്യുതി തുടങ്ങിയവയില്ലാത്തവർ, വിധവകൾ, മാനസികവെല്ലുവിളി നേരിടുന്നവർ, പുറമ്പോക്കിൽ പാർക്കുന്നവർ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളെ കണ്ടെത്തി പട്ടികയിൽ ചേർക്കുന്നതിനുപകരം ‘ക്ലേശഘടകങ്ങളിൽ ഏതെങ്കിലുമൊന്നുണ്ട്‌ എന്ന കാരണത്താൽ പുറത്തായവരെ പരിഗണിക്കുക’ എന്ന നിർദേശത്തിന്റെ സാങ്കേതികത്വത്തിൽ പിടിച്ചുതൂങ്ങി പാവപ്പെട്ടവരെ പുറന്തള്ളുന്ന പട്ടികയാണ്‌ ഭക്ഷ്യവകുപ്പു സൃഷ്ടിച്ചിരിക്കുന്നത്‌.

സംസ്ഥാനത്ത് സൗജന്യ റേഷന് അർഹരായവരെ കണ്ടെത്താൻ കഴിഞ്ഞ നാലുവർഷമായി സർക്കാർ പെടാപ്പാടുപെടുകയാണ്. മൂന്നരക്കോടി ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലം കണ്ടുപിടിക്കാൻ ഭക്ഷ്യവകുപ്പ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ല. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കണമെന്ന്  2013-ലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ മുൻഗണനപ്പട്ടിക തയ്യാറാക്കാനായിരുന്നു നിർേദശം. പക്ഷേ, കുറ്റമറ്റ രീതിയിലുള്ള പട്ടിക തയ്യാറാക്കാൻ നാലുവർഷമായിട്ടും ഭക്ഷ്യവകുപ്പിനായില്ല. ഒടുവിൽ കേന്ദ്രം റേഷൻവിഹിതം തടയുമെന്ന ഘട്ടമെത്തിയപ്പോൾ കഴിഞ്ഞ  നവംബറിൽ കരടുപട്ടിക നൽകി റേഷൻധാന്യത്തിന്റെ ലഭ്യത ഉറപ്പാക്കി. രണ്ടുമാസത്തിനുള്ളിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും അതിനു   പിന്നെയും മാസങ്ങളെടുത്തു. എന്നിട്ടും ആ പട്ടികയിൽ അനർഹർ കടന്നുകൂടി. 1.54 കോടി ജനങ്ങളെ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു കേന്ദ്രനിർദേശം. ഇവർക്ക് കേന്ദ്രസർക്കാർ മൂന്നുരൂപ നിരക്കിൽ നൽകുന്ന അരിയും രണ്ടുരൂപ നിരക്കിൽ നൽകുന്ന ഗോതമ്പും സൗജന്യമായാണ്‌ സംസ്ഥാനം നൽകുന്നത്‌. ഇതിൽപ്പെടാത്ത 1.21 കോടി ആളുകൾക്ക്‌ രണ്ടുരൂപ നിരക്കിൽ സംസ്ഥാന സബ്‌സിഡിയിലൂടെ ഭക്ഷ്യധാന്യം നൽകാനും തീരുമാനിച്ചു. സംസ്ഥാന സബ്സിഡിക്ക് അർഹരായവരെ തിരഞ്ഞെടുക്കേണ്ടത് ഭക്ഷ്യവകുപ്പാണ്. മുൻഗണനപ്പട്ടികയിൽനിന്നു പുറത്തുപോയവരെയാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. 

ആ പട്ടികയിൽനിന്നു ദരിദ്രർ പുറത്താകുകയും പത്തേക്കർ ഭൂമി ഉള്ളവർ ഉൾപ്പെടുകയും ചെയ്യുകയും ചെയ്തു. ഇവരെ കണ്ടെത്തുന്നതിനു തയ്യാറാക്കിയ പട്ടികയിലാണ് ദാരിദ്ര്യമാനദണ്ഡം പാലിക്കാതെ അനർഹരെ ഉൾപ്പെടുത്തിയത്. മുൻഗണനാവിഭാഗത്തിൽപ്പെട്ട 1.54 കോടി ആളുകൾക്ക്‌ സൗജന്യ ധാന്യം നൽകുന്നതിനു പുറമേയാണ് 1.21 കോടി ആളുകൾക്ക് രണ്ടുരൂപ നിരക്കിൽ രണ്ടുകിലോ അരി നൽകുന്നത്. മുൻഗണനപ്പട്ടികയ്ക്ക് 100 മാർക്കാണ് നിശ്ചയിച്ചിരുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ മുൻഗണനപ്പട്ടികയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. വീടില്ലാത്തവരും ഭൂമിയില്ലാത്തവരും നിരാലംബരും വിധവകളുമാണ് പട്ടികയിൽ പ്രധാനമായി കടന്നുവരേണ്ടിയിരുന്നത്. ഇവർക്കാണ് ഉയർന്ന മാർക്കു ലഭിക്കുക. എന്നാൽ, അത്തരക്കാരിൽ പലരും  പുറത്തായതോടെ, തീർത്തും ദരിദ്രരെ കണ്ടെത്തി സബ്‌സിഡി നൽകണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു. ദരിദ്രരില്ലെങ്കിൽ മുൻഗണനാവിഭാഗക്കാരെ കണ്ടെത്തുന്നതിനായി മുൻപ്‌ നിശ്ചയിച്ച ക്ലേശഘടകങ്ങൾ പ്രകാരം മാർക്കു ലഭിച്ചില്ലെങ്കിലും ഒഴിവാക്കപ്പെടേണ്ട ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഉണ്ടെന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താൻ തുടർന്നു സർക്കാർ നിർദേശിച്ചു. 1000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുണ്ട്, നാലുചക്ര വാഹനമുണ്ട് തുടങ്ങിയ കാരണങ്ങളാൽ അയോഗ്യരായവരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കാനും നിർദേശം നൽകിയിരുന്നു.  ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലാണ്‌ ഒട്ടേറെ അനർഹർ കടന്നുകൂടിയത്‌. 

സംസ്ഥാനത്തെ മുഴുവൻ പേരുടെയും സ്ഥിതിവിവരക്കണക്കുകൾ 2014ൽ സർക്കാർ തയ്യാറാക്കിയതാണെങ്കിലും അതു പരിഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയത്. 1.21 കോടി ആളുകൾക്കുള്ള രണ്ടുരൂപാ അരിവിതരണം ഇനിയും വൈകാനാണ്‌ ഇതു വഴിതെളിച്ചിരിക്കുന്നത്‌. പട്ടിക തയ്യാറാക്കിയപ്പോൾ നാഷണൽ ഇൻഫോമാറ്റിക് സെന്ററും ഭക്ഷ്യവകുപ്പും ആവശ്യത്തിനുള്ള മുൻകരുതലെടുത്തില്ലെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്‌.  കുടുംബശ്രീ പ്രവർത്തകരും അക്ഷയയും സിഡിറ്റും ചേർന്നാണ് വിവരങ്ങൾ ശേഖരിച്ചു രേഖപ്പെടുത്തിയത്‌. എന്നാൽ, വിവരങ്ങൾ കൃത്യമാണോ എന്നു പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായി. തെറ്റായി രേഖപ്പെടുത്തിയിട്ടും അവ ഭക്ഷ്യവകുപ്പു കണ്ടെത്തി ഒഴിവാക്കാതിരുന്നതും പട്ടികയിൽ അനർഹർ കടന്നുകൂടാൻ ഇടയാക്കി. കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ സർക്കാരിന്റെ ക്ഷേമപദ്ധതികൾ തയ്യാറാക്കുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കാമായിരുന്നു. അടിസ്ഥാനരേഖകളുള്ള സ്ഥിതിക്ക് ഇതു തിരുത്താൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്‌.