അശ്രദ്ധയോ അറിവില്ലായ്മയോ അതിസാഹസമോ മൂലം സ്വജീവൻ കെടുത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്‌ കേരളത്തിൽ. ഈ ഒഴിവാക്കാവുന്ന ദുരന്തങ്ങളിൽ ഏറെയും സംഭവിക്കുന്നത്‌ വെള്ളത്തിലും വാഹനമോടിക്കലിലുമാണ്‌. കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച്‌ 2016-ൽ ഇന്ത്യയിൽ ഏറ്റവുമധികം റോഡപകടങ്ങളുണ്ടായ അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം.

39420 അപകടങ്ങളുണ്ടായി. പക്ഷേ, അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കേരളം 14-ാം സ്ഥാനത്താണ്‌. 4287 പേർ കഴിഞ്ഞവർഷം മരിച്ചു. മരണസംഖ്യ കുറഞ്ഞത്‌ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കുന്നില്ല. വാഹനാപകടങ്ങൾപോലെതന്നെ കേരളത്തെ വിഷമിപ്പിക്കുന്ന മറ്റൊരു വിപത്താണ്‌ മുങ്ങിമരണം. പ്രതിവർഷം ആയിരത്തിലധികം പേർ കേരളത്തിൽ മുങ്ങിമരിക്കുന്നുവെന്നാണു കണക്കാക്കിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായി വേദനാകരമായ രണ്ടു സംഭവങ്ങൾ.

എറണാകുളം ജില്ലയിലെ കുറുപ്പംപടിക്കടുത്ത്‌ മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിൽ പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്നു ചെറുപ്പക്കാർ സെപ്‌റ്റംബർ ആറിനു മുങ്ങിമരിച്ചു. പതിനേഴും പത്തൊമ്പതുമായിരുന്നു അവരുടെ പ്രായം. അപരിചിതമായ സ്ഥലത്ത്‌ ഉല്ലാസയാത്രയ്ക്കെത്തിയ അവർ പാറമടയുടെ ആഴത്തെക്കുറിച്ച്‌ ധാരണയില്ലാതെയാണ്‌ അപകടത്തിൽപ്പെട്ടത്‌. സെപ്‌റ്റംബർ ഏഴിന്‌ പരവൂരിൽ കടലാസ്‌ വള്ളമൊഴുക്കിക്കളിക്കുകയായിരുന്ന പതിനൊന്നുകാരി കായലിൽ വീണുമരിച്ചു. ഒപ്പം ആരുമില്ലാതെ കായലരികത്തു കളിക്കുകയായിരുന്ന രണ്ടു ബാലികമാരിലൊരാളാണു മരിച്ചത്‌. ഇത്തരം സംഭവങ്ങൾ പലതവണ ഉണ്ടായിട്ടും വേണ്ടത്രശ്രദ്ധ ജനങ്ങൾക്കിടയിലുണ്ടായിട്ടില്ലെന്ന്‌ ഓണക്കാലത്തുണ്ടായ ഈ സംഭവങ്ങൾ തെളിയിക്കുന്നു.

നാല്പത്തൊന്ന്‌ നദികളും അസംഖ്യം തോടുകളും കുളങ്ങളും വൻകായലുകളും എഴുന്നൂറു കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിൽ ജലംമൂലമുള്ള മൃത്യുവിന്‌ സാധ്യതയേറെയാണ്‌. എന്നാൽ അതു തടയാനുള്ള സംവിധാനങ്ങളോ അപകടങ്ങൾ ഒഴിവാക്കാനുള്ള അവബോധമോ രക്ഷപ്പെടുത്താനുള്ള പരിശീലന സമ്പ്രദായമോ കേരളത്തിലില്ല എന്നതാണു യാഥാർഥ്യം.
ജലസുരക്ഷാബോധവും ശാസ്ത്രീയമായ ജലസുരക്ഷാ സംവിധാനവും സൃഷ്ടിക്കുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.

ജലവാഹനങ്ങളുടെ അപകടംകൊണ്ടല്ല ഇപ്പോൾ കേരളത്തിൽ മുങ്ങിമരണങ്ങൾ കൂടിവരുന്നത്‌. ഒറ്റയ്ക്കൊറ്റയ്ക്കോ ഏതാനുംപേർ ചേർന്നോ വെള്ളത്തിലിറങ്ങിയുണ്ടാകുന്ന മരണങ്ങളാണ്‌ എണ്ണത്തിൽ കൂടുതൽ. ഉല്ലാസയാത്രയ്ക്ക്‌ പോകുമ്പോഴും ബന്ധുവീടുകളിൽ പോകുമ്പോഴുമൊക്കെ പരിചയമില്ലാത്ത പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നവരാണ്‌ മിക്കപ്പോഴും ദുർമരണത്തിനിരയാകുന്നത്‌. ജലസുരക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്‌ ഇതിന്റെ മുഖ്യകാരണം.

ചെറിയ കുട്ടികളെ ഒറ്റയ്ക്കു വെള്ളത്തിനടുത്തേക്കു പോകാൻ രക്ഷിതാക്കളും മുതിർന്നവരും അനുവദിക്കരുത്‌. കുട്ടികളുടെ ശാഠ്യത്തിനുവഴങ്ങുമ്പോൾ അപകടം വിലകൊടുത്തു വാങ്ങുകയാണ്‌ നാമെന്നോർക്കണം. അപരിചിത ജലാശയങ്ങളിലിറങ്ങി അതിസാഹസം കാട്ടുന്നവർ സ്വജീവിതത്തിന്റെ വിളക്കുമാത്രമല്ല കുടുംബങ്ങളുടെ പ്രകാശംകൂടി കെടുത്തിക്കളയുന്നുണ്ട്‌. സ്ഥലപരിചയമുള്ള നാട്ടുകാരുടെ വാക്കും അപകടമുന്നറിയിപ്പും അവഗണിച്ചാണ്‌ പലരും ദുരന്തത്തിലേക്ക്‌ എടുത്തുചാടുന്നത്‌. ജലത്തിലെ അപകടസാധ്യതകളെയും ജലസുരക്ഷയെയും കുറിച്ചുള്ള അവബോധം സൃഷ്ടിച്ചുകൊണ്ട്‌ ദുരന്തങ്ങൾ തടയാൻ സർക്കാരിനും പൊതുജനങ്ങൾക്കും ബാധ്യതയുണ്ട്‌.


ചെറുപ്പത്തിൽനിന്നേ തുടങ്ങേണ്ടതാണ്‌ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധനിർമാണം. സ്കൂൾ ക്ളാസുകളിലെ പാഠപുസ്തകങ്ങളിൽത്തന്നെ അതിന്‌ ഇടംവേണം. കുട്ടിക്കാലത്തുതന്നെ നീന്തൽ പഠിപ്പിക്കലും ആവശ്യമാണ്‌. സ്കൂൾ വിദ്യാർഥികൾക്ക്‌ നീന്തൽപഠനം നിർബന്ധിതമാക്കാനുള്ള സർക്കാർ പദ്ധതികളൊന്നും ഇതുവരെയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. നീന്തൽ അറിയാമെന്നുള്ളതുകൊണ്ടുമാത്രം വെള്ളത്തിൽച്ചാടി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ മരിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്‌. രക്ഷിക്കാനുള്ള പരിശീലനവും വേണ്ടത്ര അറിവുമില്ലാത്തതുകൊണ്ടാണ്‌ അതു സംഭവിക്കുന്നത്‌.

കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്ത്‌ വെള്ളത്തിൽനിന്നു വലിച്ചുകയറ്റി രക്ഷിക്കുന്നതാണ്‌ പരിശീലനമില്ലാത്തവർക്കു സ്വീകരിക്കാവുന്ന സുരക്ഷിതമാർഗം. വെള്ളത്തിൽനിന്നു കരകയറ്റിയവർക്കു നൽകേണ്ട പ്രഥമശുശ്രൂഷയെപ്പറ്റിയുള്ള വേണ്ടത്ര അവബോധം വിദ്യാർഥികൾക്കിടയിലെന്നല്ല മുതിർന്നവരിൽപ്പോലുമില്ല എന്നതാണു വാസ്തവം. വയറ്റിൽ അമർത്തി വെള്ളംകളയുന്ന ദൃശ്യങ്ങൾ കണ്ടുപരിചയിച്ച്‌ അതിനു തുനിയുന്നവർ വലിയ അപകടമാണുണ്ടാക്കുന്നത്‌. അപകടത്തിൽപ്പെട്ടയാളുടെ ശ്വാസകോശത്തിലെ അറകളിലേക്ക്‌ വെള്ളംകയറാൻ അതു വഴിതെളിച്ചേക്കും.

ജലദുരന്തങ്ങൾ നേരിടാൻ ശാസ്ത്രീയപരിശീലനം നൽകുകയും അപകടമുണ്ടാകുമ്പോൾ പെട്ടെന്ന്‌ രക്ഷയ്ക്കെത്തുകയും ചെയ്യുന്ന ഒരു സംവിധാനം അടിയന്തരമായി രൂപവത്‌കരിക്കേണ്ടതുണ്ട്‌. അതുപോലെതന്നെ പ്രധാനമാണ്‌ അപകടത്തെക്കുറിച്ച്‌ ഓരോരുത്തർക്കും, വിശേഷിച്ച്‌ കൗമാരക്കാർക്കും നവയുവാക്കൾക്കുമുണ്ടാകേണ്ട ആത്മാവബോധവും. സ്വന്തം ജീവൻ വിലയേറിയതാണെന്ന ബോധമുറച്ചാൽ അതിസാഹസങ്ങളിൽനിന്നും ദുരന്തത്തിൽനിന്നും രക്ഷപ്പെടാം, വ്യക്തികൾക്കും സമൂഹത്തിനും.