ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ആര്‍.എസ് ഗീലാനിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. 

ഡല്‍ഹിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ഫിബ്രവരി 16-നാണ് ഗീലാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

10-ന് ദില്ലി പ്രസ് ക്ലബില്‍ നടന്ന ചടങ്ങിനിടെ ഗീലാനി അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു പോലീസ് കോടതിയില്‍ വാദിച്ചത്.  

എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ പോലീസ് കെട്ടിചമച്ചതാണെന്നായിരുന്നു ഗീലാനിയുടെ നിലപാട്. ഒരു സ്വകാര്യ വാര്‍ത്ത ചാനലില്‍ വന്ന വ്യാജവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ കേസെടുത്തതെന്നും ഗീലാനി കോടതിയില്‍ സമര്‍ഥിച്ചിരുന്നു.