sarithaകൊച്ചി: മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ക്കേസ്  പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 

സരിതയ്ക്ക് വിശ്വാസ്യതയില്ല. തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി വന്ന സരിതയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ നിരീക്ഷിച്ചു.

കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും, ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് വിചാരണ കോടതിയെ ഉന്നയിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ ഹൈക്കോടതി, വാദിയായ ശ്രീധരന്‍ നായര്‍ക്ക് വേണ്ടി പ്രതിയായ സരിത എങ്ങനെയാണ് കേസ് നടത്തുകയെന്നും ആരാഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളികളില്‍ കോടതിക്ക് താല്‍പര്യമില്ല, സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കാമ്പുള്ള കേസുകള്‍ വേറെയും കോടതിയുടെ പരിഗണനയിലുണ്ട് സരിതയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

കോടതി മുന്‍പാകെ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നു പറയുന്നുണ്ട്. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് ശ്രീധരന്‍ നായര്‍ പണം മുടക്കിയത് ആയതിനാല്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ സരിത ബോധിപ്പിച്ചത്. 

എന്നാല്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലും, പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലും മുഖ്യമന്ത്രിയെ കണ്ട കാര്യം പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.