അഞ്ചുമാസം മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞാണെന്ന ധാരണയില്‍ വളര്‍ത്തിയതാണ് റംസി. കൊല്ലം മെഡിസിറ്റി ആസ്പത്രി അധികൃതരുടെ അനാസ്ഥ കാരണം, പ്രസവിച്ച കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വന്ന അമ്മയാണ്  ഇവര്‍. ഒരു അമ്മയെന്ന നിലയില്‍ അവര്‍ അനുഭവിച്ച ത്യാഗത്തിനും വേദനയ്ക്കും പകരമാവില്ല ഒന്നും. ബാലാവകാശ കമ്മീഷനില്‍ ഇവര്‍ നല്‍കിയ പരാതി തള്ളിയ ഉത്തരവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വനിതാ കമ്മീഷനാണെങ്കില്‍ ഇവരുടെ കാര്യത്തില്‍ ഇടപെട്ടതേയില്ല. ഇവര്‍ക്ക് ലഭിക്കേണ്ട നീതിയെവിടെ?

READ MORE: 'പത്തല്ല ; എന്റെ കുഞ്ഞിനായി ഞാന്‍ കാത്തിരുന്നത് പതിനഞ്ചു മാസം'

റംസിയുടെ പരാതി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടങ്ങളിലെ, ചട്ടം 29 പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന അറിയിപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഹര്‍ജി ഒരു കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ പരിഗണനയിലുള്ളതിനാലാണ് ഈ പരാതി തള്ളിയതെന്നാണ് ഇവര്‍ക്കു കിട്ടിയിരിക്കുന്ന വിവരം. ഹര്‍ജി മറ്റൊരു അധികാരസ്ഥാനം മുമ്പാകെ ഉന്നയിച്ച പരാതിയുടെ പകര്‍പ്പ് മാത്രമാണെന്നും പറയുന്നു. 

child rights
ബാലാവകാശ കമ്മീഷന്‍ പരാതി തള്ളിയതായുള്ള അറിയിപ്പ്‌

ദേശീയ ബാലാവകാശ കമ്മീഷനിലും ഇവര്‍ പരാതി നല്‍കിയിരുന്നു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസമായി. ഇതുസംബന്ധിച്ച് ഇതുവരെ റംസിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. 

mithra
ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ്‌

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിബന്ധനകള്‍ പാലിക്കേണ്ടത് ആസ്പത്രി അധികൃതരുടെ കര്‍ത്തവ്യമാണ്. അമ്മയുടെ പേരെഴുതിയ ടാഗ് കുഞ്ഞിന്റെ കൈയില്‍ കെട്ടിവെച്ചതിനുശേഷമാണ് കുഞ്ഞിനെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നത്. ഇവിടെ റംസിയുടെ പേരെഴുതിയ ടാഗ് കൈയിലുണ്ടായിരുന്നിട്ടുകൂടി ആ കുഞ്ഞിനെ ജസീറയ്ക്ക് നല്‍കുകയായിരുന്നു. കുഞ്ഞിനെ മാറിപ്പോയെന്ന സംശയവുമായി ജസീറയുടെ കുടുംബാംഗങ്ങളെ സമീപിച്ചപ്പോള്‍ അവരില്‍ നിന്നും മോശമായ പ്രതികരണമാണ് റംസിക്ക് കിട്ടിയത്. 

റംസിയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകനായ കൊട്ടിയം അജിത് കുമാറിന് പറയാനുള്ളത് ഇതാണ്,' കേരളത്തിലെ ഒരു സ്വകാര്യ ആസ്പത്രിയിലാണ് ഈ സംഭവം നടന്നത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ദിവസവും ഏതാണ്ട് അറുപതോളം പ്രസവങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെയൊക്കെ എന്തൊക്കെ നടക്കുന്നുവെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് വനിതാ കമ്മീഷനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. നാളെ ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെടാവുന്നതാണ്‌. എന്നിട്ടും അവര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. അമ്മയുടെയും കുഞ്ഞിന്റെയും പ്രശ്‌നത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടാതിരുന്നത് ഖേദകരമായ വസ്തുതയാണ്.' 

റംസിയുടെയും ജസീറയുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ ഒരു ബന്ധവുമില്ല. പരസ്പരം അറിയാത്ത ഇവര്‍ ബന്ധുക്കളാണെന്ന്‌  ആസ്പത്രി അധികൃതര്‍ എങ്ങനെയാണ് പ്രചരിപ്പിച്ചത്? കുടുംബാംഗങ്ങളുടെ കൈയില്‍ നിന്ന് കുഞ്ഞിനെ മാറിപ്പോയതാണെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതിനെതിരെ പ്രതികരിക്കുകയാണ് അജിത് കുമാര്‍. ' റംസി ഏറ്റവും താഴത്തെ നിലയിലുള്ള വാര്‍ഡിലായിരുന്നു. ജസീറയാണെങ്കില്‍ നാലാമത്തെ  നിലയിലും. ഇവിടെ കുഞ്ഞിനെ കുടുംബാംഗങ്ങള്‍ പരസ്പരം മാറ്റിയെടുക്കാനുള്ള ഒരു സാദ്ധ്യതയുമില്ല. കോടതിയില്‍ നിന്ന് നോട്ടീസ് വന്നതിന് ശേഷമാണ് ഡി.എന്‍.എ ടെസ്റ്റിന്റെ കാര്യം തങ്ങള്‍ അറിയുന്നതെന്നായിരുന്നു ആസ്പത്രി അധികൃതരുടെ വാദം. എന്നാല്‍ പിന്നീട് ഇത് അവര്‍ തിരുത്തിപ്പറഞ്ഞു. റംസി സഹായം അഭ്യര്‍ഥിച്ചതുപ്രകാരം ആസ്പത്രി അധികൃതര്‍ മുഖേനയാണ് ഡി.എന്‍.എ ടെസ്റ്റ് നടത്തിയതെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി.'

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആരോഗ്യവകുപ്പും ശ്രദ്ധിക്കേണ്ടതാണ്. പ്രസവം നടക്കുമ്പോള്‍ ഭര്‍ത്താവിനെയോ അല്ലാത്ത പക്ഷം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ ആരെയെങ്കിലുമോ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് അജിത് ഓര്‍മിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സ്വന്തം മാതാപിതാക്കളോടൊപ്പം ജീവിക്കാനുള്ള അവകാശം നിഷേധിച്ചതിന് ഉത്തരം പറയേണ്ടത് ആസ്പത്രി അധികൃതര്‍ തന്നെയാണെന്ന് വ്യക്തമാക്കുകയാണ് അജിത്.