''ഞാനൊരുപക്ഷേ റഷ്യ കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലാറായിരിക്കും. പക്ഷേ നല്ലൊരു ഭര്‍ത്താവായിരുന്നു.'' ഒരു കാലത്ത് റഷ്യന്‍ നഗരങ്ങള്‍ക്ക് ചോരയുടെ മണം നല്‍കിയ വിയര്‍വുള്‍ഫ് മിഖായേല്‍ വിക്ടോറോവിച്ച് പോപ്കോവിന്റെ വാക്കുകളാണിത്.

1994 മുതല്‍ അങ്കാര്‍സ്‌ക് പട്ടണത്തിലായിരുന്നു കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്. ഓരോ ദിവസവും പുലരുന്നത് കൊലപാതക വാര്‍ത്തകളുമായി. മരിച്ചവരെല്ലാം സ്ത്രീകള്‍. അതിലേറെയും കൗമാരക്കാര്‍. ആളൊഴിഞ്ഞ പറമ്പുകളിലും കാടുകളിലുമായി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. അജ്ഞാതനായ കൊലയാളിയെ തേടി പോലീസ് പരക്കം പാഞ്ഞു. പക്ഷേ ആ ക്രൂരനായ കൊലയാളിയാകട്ടെ കാണാമറയത്തിരുന്ന് അടുത്ത ഇരയെ തേടിക്കൊണ്ടിരുന്നു. 

Mikhail Popkov
മിഖായേല്‍ കുടുംബത്തോടൊപ്പം

പത്തു വര്‍ഷത്തോളമാണ് കൊലപാതകപരമ്പര നീണ്ടത്. ഇത് റഷ്യയെ ഏറെ ആശങ്കപ്പെടുത്തുകയും ചെയ്തു. പട്ടണത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെട്ടു. അടുത്ത ഇര താനാകുമെന്ന് ഓരോ സ്ത്രീയും ഭയന്നു. കൊലപാതക സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച വാഹനങ്ങളുടെ ചക്രത്തിന്റെ അടയാളം മാത്രമായിരുന്നു പോലീസിന് ലഭിച്ചിരുന്ന ഏക തുമ്പ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ സമര്‍ത്ഥമായാണ് കൊലപാതകങ്ങള്‍ ഒരോന്നും ചെയ്തു തീര്‍ത്തു കൊണ്ടിരുന്നത്. ഏതാണ്ട് രണ്ടായിരത്തിലധികം ഡ്രൈവര്‍മാരെ ചോദ്യം ചെയ്തു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. 

പക്ഷേ ഒരിടത്ത് അജ്ഞാതനായ ആ കൊലയാളിയുടെ കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചു. ഭാഗ്യം കൊണ്ടുമാത്രം കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ മൊഴി കൊലപാതകിയിലേക്കുള്ള വഴി തെളിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നായിരുന്നു മൊഴി. ആ അന്വേഷണം ചെന്നെത്തിയതാകട്ടെ സൈബീരിയിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ മിഖായേല്‍ വിക്ടോറോവിച്ച് പോപ്കോവിലേക്ക്. 2012 ജൂണ്‍ 23നായിരുന്നു അറസ്റ്റ്. ഇരുപത്തിയഞ്ച് സ്ത്രീകളെ കൊന്നൊടുക്കി യെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞു. പത്തൊമ്പതിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു മിഖായേലിന്റ കൊലക്കത്തിക്ക് ഇരയായവര്‍. കുറ്റം മിഖായേല്‍ ഏറ്റുപറഞ്ഞു.

Mikhail Popkov
മിഖായേല്‍ മകള്‍ക്കൊപ്പം

കൊലപാതക പരമ്പരയ്ക്ക് മിഖായേലിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അസമയത്ത് പബ്ബിലും, ബാറിലും കറങ്ങിനടക്കുന്ന സ്ത്രീകളെല്ലാം ഇയാളുടെ കണ്ണില്‍ വഴിപിഴച്ചവരായിരുന്നു. അങ്ങനെയുള്ള ജീവിക്കാന്‍ പാടില്ല എന്നായിരുന്നു മിഖായേലിന്റെ കാഴ്ചപ്പാട്‌. പോലീസ് ഉദ്യോഗം കൊലപാതകത്തിന് മറയായി. രാത്രിയില്‍ പോലീസ് കാറില്‍ കറങ്ങി നടക്കുന്ന മിഖായേല്‍ ബാറില്‍ നിന്നും ഡാന്‍സ് ക്ലബുകളില്‍ നിന്നും അസമയത്ത് ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെ നോട്ടമിട്ടു. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇങ്ങനെയെത്തുന്ന സ്ത്രീകളെ സമീപിക്കും. താമസസ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റും. പിന്നീട് പോകുന്നത് ഏതെങ്കിലും കാട്ടിലേക്കോ ആളൊഴിഞ്ഞ സ്ഥലത്തേക്കോ ആകും. അവിടെ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കും. മൂര്‍ച്ചയേറിയ കത്തിയും കഴുവും ഉപയോഗിച്ച് കൊല്ലും. തെളിവുകള്‍ അവശേഷിപ്പിക്കാതെ മുങ്ങും ഇതായിരുന്നു മിഖായേലിന്റെ രീതി. 

വഴിപിഴച്ചുപോയ സ്വന്തം അമ്മയോടുള്ള പ്രതികാരമായാണ് ഒരോ സ്ത്രീയെയും വകവരുത്താന്‍ തന്റെ പ്രേരണ എന്നായിരുന്നു മിഖായേലിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ കോടതി ഈ കൊലപാതകങ്ങളില്‍ ആജീവനാന്തം തടവ് ശിക്ഷയാണ് നല്‍കിയത്. ഈ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് കൂടുതല്‍ കൊലപാതകങ്ങള്‍ തെളിഞ്ഞത്. നാല്‍പത്തിയേഴ് സ്ത്രീകളെക്കൂടി ഇയാള്‍ കൊന്നൊടുക്കിയെന്നാണ് പുതിയ കണ്ടെത്തല്‍. കോടതി മുറിയില്‍ മിഖായേല്‍ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ കൊന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. തെളിവില്ലാതെ പോയ സമാന കൊലപാത കേസുകളും അന്വേഷണത്തിന്റെ വഴിയിലാണ്.

Mikhail Popkov
മിഖായേല്‍ വിക്ടോറോവിച്ച് 

എല്ലാ സ്ത്രീകളും തന്റെ ഇരകളായിരുന്നില്ലെന്ന് ഒരിക്കല്‍ മിഖായേല്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില വിപരീത സ്വഭാവം പ്രകടിപ്പിക്കുവരെയാണ് താന്‍ പാഠം പഠിപ്പിച്ചിട്ടുള്ളത്. ജോലി ചെയ്യുന്ന അവസരത്തില്‍ ഒരാള്‍ പോലും തനിക്കെതിരെ മോശം അഭിപ്രായം ഉന്നയിച്ചിരുന്നില്ലെന്നും മിഖായേല്‍ പറഞ്ഞു. അതേസമയം മിഖായേലിനെതിരെ വന്നിരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവുന്നില്ലെന്നാണ് മകള്‍ എകാടെരിന പ്രതികരിച്ചത്.

ചിത്രങ്ങള്‍: സ്‌റ്റോറിപിക്.കോം