'എന്നാല്‍പ്പിന്നെ ആ ദുഷ്ടനെയങ്ങ് കൊന്നുകളഞ്ഞൂടായിരുന്നോയെന്ന് നമുക്ക് പലപ്പോളും തോന്നുന്ന കാര്യമാണ്. അതു പ്രാവര്‍ത്തികമാക്കിയ ആളാണ് 'ദ ഗ്രേറ്റ് ഫാദറി' ലെ അച്ഛന്‍. പീഡിപ്പിക്കുന്നവര്‍ക്ക് പീഡോഫീലിയ എന്ന മാനസികവൈകല്യമാണെന്ന രീതിയില്‍ തള്ളിക്കളഞ്ഞാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടില്ല. ഇന്നത്തെ കാലഘട്ടത്തില്‍ പീഡനകഥകള്‍ ഇത്ര വ്യാപകമായതുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ മാതാപിതാക്കന്‍മാര്‍ ബാദ്ധ്യസ്ഥരാണ്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സമയം കണ്ടെത്തണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ് ഈ സിനിമ. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. പക്ഷേ നിയമത്തിനേക്കാളും ശക്തമായ പഴുതുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡേവിഡ് എന്ന അച്ഛന്റെ നിയമമാണ് എല്ലാ അച്ഛന്‍മാരുടെയും നിയമം. ആ ഒരു സമാധാനത്തില്‍ നമുക്ക് തിയേറ്റര്‍ വിട്ടിറങ്ങാം.' കല ഷിബു പറയുന്നത് ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റിന്റെ അഭിപ്രായം മാത്രമല്ല; സ്വന്തം മക്കളെ സ്‌നേഹിക്കുന്ന എല്ലാ മാതാപിതാക്കന്‍മാരും പറയാതെ പറയുന്ന കാര്യം തന്നെയാണ്. 

'സാധാരണ ഒരു സിനിമ കാണുമ്പോള്‍ , ശ്രദ്ധിക്കുന്ന പല കാര്യങ്ങളും 'ദി ഗ്രേറ്റ് ഫാദര്‍' എന്ന സിനിമ കണ്ടപ്പോള്‍ ശ്രദ്ധിച്ചില്ല.. എന്നാല്‍ , സിനിമ കണ്ടിറങ്ങിയപ്പോള്‍ കണ്ണ് നിറഞ്ഞു തന്നെ ഇരുന്നു..അസ്വസ്ഥത കൊണ്ടും ആശങ്ക കൊണ്ടും ആഹ്ലാദം കൊണ്ടും. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൗണ്‍സിലര്‍ എന്ന നിലയ്ക്ക് നമ്മുടെ നിയമ വ്യവസ്ഥയോട് എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. പഴുതുകള്‍ ശക്തവും..ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എത്രമാത്രം വര്‍ദ്ധിച്ചുവരുന്നു! വേട്ടനായ്ക്കളെ പോലെ പിച്ചിച്ചീന്തപ്പെടുന്ന കുരുന്നു ജീവിതങ്ങള്‍.. ജീവിതവും ജീവനും മരവിച്ച പെണ്‍കുഞ്ഞുങ്ങള്‍. ആ നേര്‍ക്കാഴ്ച ഭീകരമാണ്..'  പെണ്‍കുട്ടികളുടെ മനസ്സില്‍ സ്വന്തം അച്ഛന്‍ എന്നും ഹീറോയും ശക്തിമാനുമാണ്. ആ അച്ഛനെ മമ്മൂട്ടി നൂറുശതമാനം അഭിനയത്തില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് കല അഭിപ്രായപ്പെടുന്നു. 

പീഡനകഥകളും പെണ്‍കുട്ടികളുടെ വേദനകളും അറിയുമ്പോള്‍ പ്രൊഫഷണലിസം മറന്ന് പരവശയായി കരഞ്ഞുപോയ സംഭവങ്ങള്‍ കലയുടെ ഔദ്യാഗിക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു അമ്മ കൂടിയായ താന്‍ പലപ്പോഴും ഉറങ്ങിയിട്ടില്ലെന്നും നിയമത്തിനു മുന്നില്‍ പ്രതികളെ ഹാജരാക്കിയാലും അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ പൂര്‍വാധികം ശക്തിയോടെ പുറത്തിറങ്ങുന്ന അവരെ കാണുമ്പോള്‍ കൊന്നു കളയണമായിരുന്നുവെന്ന് ശരിക്കും തോന്നിയിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു. 

'പൂവിനെയും പൂമ്പാറ്റയെയും സ്‌നേഹിച്ചു കഥകള്‍ പറഞ്ഞു പാറി നടക്കുന്ന ഒരു പെണ്‍കുഞ്ഞിനെ സംബന്ധിച്ചിടത്തോളം തന്റെ ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ വലുതാണ് മനസ്സിനേല്‍ക്കുന്ന ആഘാതം. ഒരു പക്ഷെ , ഒരു കൗണ്‍സിലര്‍ വിചാരിച്ചാല്‍പോലും ഇത്തരം വേദനകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും.. കണ്ണടയ്ക്കാന്‍ കഴിയാതെ ഭയക്കുന്ന രാത്രികള്‍. 'ഛര്‍ദ്ദിക്കാന്‍ തോന്നുന്ന വൃത്തികെട്ട മണങ്ങള്‍ എത്ര കഴുകിയിട്ടും ശരീരത്തില്‍ നിന്നും പോകുന്നില്ല'  എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു ഈ വാക്കുകള്‍. അര്‍ഹിക്കുന്ന ഒരു ശിക്ഷ പോലും കുറ്റവാളികള്‍ക്ക് കിട്ടുന്നില്ലെങ്കില്‍  എങ്ങനെയാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ആ കുഞ്ഞു ശുഭാപ്തി വിശ്വാസം നേടുക..?'

കൗണ്‍സിലര്‍മാര്‍ കുട്ടികളെ പീഡിപ്പിക്കുന്നുണ്ടോ?

' വേണ്ടത്ര അനുഭവ സമ്പത്തില്ലാത്ത കൗണ്‍സിലര്‍മാരെ പീഡനത്തിനിരയായ കുട്ടികളുടെ കേസ് ഏറ്റെടുക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്ന മുന്നറിയിപ്പ് ഈ ചലച്ചിത്രത്തിലുണ്ട്. പത്താംക്ലാസ് വിദ്യാഭാസം മാത്രമുള്ള ആശാ വര്‍ക്കര്‍മാരെ കുട്ടികളുടെ കൗണ്‍സിലര്‍മാരായി നിയമിക്കരുത്. കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും കൗണ്‍സലിങ്ങ് നടത്തി പരിചയമുള്ളവരെ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കായി നിയോഗിക്കാവൂ.  'ടീനേജ്  കൗണ്‍സിലര്‍' ഒരിക്കലും സാധാരണ കൗണ്‍സിലര്‍ അല്ല. Empathy എന്ന ഒരു ഘടകം ഇതിലുണ്ട്. എന്താണ് കൗണ്‍സലിങ്ങ് എന്നറിയാത്തവരെ ഈ പണിക്ക് നിയോഗിക്കാന്‍ പാടില്ല'. പീഡന പരമ്പരകള്‍ ആവര്‍ത്തിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍  കലയുടെ വാക്കുകള്‍ പ്രസക്തമല്ലേ?

'അച്ഛന്റെ നിയമം എന്ന ഒരു ആശയത്തിലേക്കെത്തി നില്‍ക്കുന്ന ഈ ചലച്ചിത്രം നിലവിലുള്ള നിയമവ്യവസ്ഥിതികള്‍ക്ക് എതിരാണെങ്കില്‍പ്പോലും ഒരു ഗുണപാഠം ഈ  കഥയിലുണ്ട്. സ്വന്തം മകള്‍ക്ക് ഇത്തരം ഒരു ദുരന്തം നേരിട്ടാല്‍ നീതിയും നിയമവും നോക്കുകുത്തികളെപ്പോലെ നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഏതൊരച്ഛനും ഇത് തന്നെ ചെയ്തുപോകും.....അത് ചെയ്യണം.. ചലച്ചിത്രത്തിന്റെ മറ്റുവശങ്ങളേക്കാള്‍ എനിക്ക് തൃപ്തി ആയി തോന്നിയ കാര്യം ഇതാണ്. എനിക്ക് എന്നല്ല.. ഈ സിനിമ കണ്ടിറങ്ങിയ ഏത് അമ്മയും സമാധാനിക്കും. 'ദി ഗ്രേറ്റ് ഫാദര്‍' കാലഘട്ടത്തിന്റെ സിനിമ ആണ് .അവന്‍ ,രക്തം തുപ്പുന്ന വേട്ട നായ , ഏതോ രൂപത്തില്‍ സമൂഹത്തില്‍ , ഉണ്ട്. അവന്‍ അല്ലെങ്കില്‍ അവര്‍. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ഒരുപാട് ശ്രദ്ധിക്കണം എന്ന ശക്തമായ ഒരു താക്കീത് കൂടി ആണ് ഈ സിനിമ..' ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റിന്റെ പ്രതികരണം മാത്രമാണോ  ഇത്?  ഇന്നത്തെ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച തന്നെയല്ലേ?