പീഡനകഥകള്‍ നാള്‍തോറും വര്‍ദ്ധിച്ചു വരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിവരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാര്‍ നിയമബോധവത്കരണം നടത്താന്‍ മണിക്കൂറുകളോളം ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ആരും ആവശ്യമുള്ള സമയത്ത് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല.അങ്ങോട്ടുമിങ്ങോട്ടുമുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിയമം കൈയിലെടുക്കുന്ന അവസ്ഥയും ഇന്നുണ്ടാകുന്നു. ഇതിനിടയില്‍ മറ്റുള്ളവരെ കുരിശില്‍ തറയ്ക്കാന്‍ കെട്ടിച്ചമച്ച പീഡനകഥകള്‍ വേറെയും. അത്തരം ചില അനുഭവങ്ങളാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു  ഇവിടെ വിവരിക്കുന്നത്‌

എപ്പോഴും ഓര്‍മിക്കുന്ന ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇത്തവണ പങ്കുവെക്കുന്നത്. പ്രജ്വലയുടെ നേതാവായ സുനിത കൃഷ്ണനായിരുന്നു ഈ കേസില്‍ ഒപ്പം നിന്നതെന്ന് കല പറയുന്നു. 

"ഒരു ദിവസം സ്‌കൂളില്‍ മഫ്തിയില്‍ വനിതാ പോലീസ് എത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന് എസ്.പിക്ക് ആരോ ഊമക്കത്ത് അയച്ചിരിക്കുകയാണ്. കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ച് അറിയാനുള്ള ചുമതല എനിക്കായിരുന്നു. അത്ര വലിയ ഒരു ദുരന്തം ഞാന്‍ മുന്‍പ് അനുഭവിച്ചിട്ടില്ല. ഓമനത്തമുള്ള ഒരു കുട്ടിയാണ്. പത്ത് വയസ്സില്‍ക്കൂടുതല്‍ ശരീര വളര്‍ച്ച  അവള്‍ക്കുണ്ട്. "

സ്വന്തം അച്ഛന്‍ പീഡിപ്പിച്ചോ എന്ന്‌ ആ കുട്ടിയോട് ചോദിച്ച് അറിയുന്നതെങ്ങനെ?  നേരിട്ട് ചോദിക്കാനും പറ്റില്ല. ചോദ്യമാണോ കുശലമാണോ എന്ന് തോന്നാത്ത രീതിയില്‍ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ട ഉത്തരവാദിത്തമായിരുന്നു കലയ്ക്ക്. 

അച്ഛനെ അവള്‍ക്കു ജീവനാണ്; അതെങ്ങനെ സംശയദൃഷ്ടിയോടെ കാണും?

കലയുടെ വാക്കുകളില്‍ നിന്ന് അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അതേപടി വെളിവാകുന്നു, "ഉള്ളില്‍ കുറ്റബോധമോ നൊമ്പരമോ ഭയമോ....എന്തൊക്കെയോ എന്നില്‍ തിളയ്ക്കുന്നുണ്ടായിരുന്നു.. അച്ഛനെ അവള്‍ക്കു ജീവനാണ് '' അത്രയും എനിക്ക് വ്യക്തമായി..! ആ കണ്ടെത്തലില്‍ സമാധാനം തോന്നിയ എന്നോട് ചില സദാചാര വനിതകള്‍ 'ആ ഇഷ്ടം സൂക്ഷിക്കണം' എന്ന് എനിക്കറിയാത്ത വശം പോലെ പറഞ്ഞു തന്നു..മാനസിക സംഘര്‍ഷം കൊണ്ട് ഛര്‍ദ്ദിക്കുന്ന അവസ്ഥയില്‍ ഞാനും എത്തി..ആ ഇഷ്ടം സൂക്ഷിക്കണോ..?'

എന്തായാലും കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. കൂടെ നിന്ന വനിതാ പോലീസും തന്നെപ്പോലെത്തന്നെ മാനസിക വിഷമം അനുഭവിച്ചിരുന്നതായി കല ഓര്‍ക്കുന്നു. കാക്കിക്കുള്ളിലെ അമ്മ മനസ്സ് പറഞ്ഞത് ഇപ്രകാരമായിരുന്നു, ' എനിക്കും ഇതേ പ്രായത്തില്‍ ഒരു മകളുണ്ട്'.

ആ അച്ഛന്റെ ഇരിപ്പ്‌ മറക്കാനാവില്ല..

"ചിരിക്കുകയായിരുന്നു അയാള്‍..കണ്ണ് നിറഞ്ഞ് ഒഴുകി കൊണ്ട്.. വ്യക്തികള്‍ തമ്മില്‍ ശത്രുത വരാം. പക്ഷെ , ഇത്ര ക്രൂരമായ പ്രതികാരം..! മകളെ താന്‍ പീഡിപ്പിച്ചു എന്നൊക്കെ..! കല ഓര്‍മിക്കുന്നു

ഊമക്കത്തിന്റെ പുറകെ പോകാന്‍ കഴിയാതെ കേസ് മടക്കി. പീഡനം നടന്നില്ലെന്നോര്‍ത്ത് കല ആശ്വസിച്ചു. അന്ന് രാത്രി കിടന്നിട്ടു ഉറക്കം വരാതെ സുനിത കൃഷ്ണനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ ഉന്നത പോലീസ് അധികാരികളുമായി ബന്ധപെട്ടു ..'നിങ്ങള്‍ എന്റെ കൂടെ നില്‍ക്കുമോ?' എന്ന്  കല ആ കുട്ടിയുടെ അച്ഛനോട് ചോദിച്ചു. ഒടുവില്‍ കെഞ്ചി നോക്കി. ആരാണ് ഊമക്കത്ത് അയച്ചതെന്ന് അയാള്‍ക്കറിയാം. അയാളെ ശിക്ഷിക്കാന്‍ കൂടെ നില്‍ക്കണമെന്ന് പലതവണ പറഞ്ഞുനോക്കി. പക്ഷേ അച്ഛന്‍ മരവിപ്പില്‍ തന്നെയായിരുന്നു. 

ഇവിടെ തന്റെ ശ്രമങ്ങള്‍ പാഴ്ശ്രമമായി മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് കല പറയുന്നു,' കുറെ നാള്‍ ഞാന്‍ അതിന്റെ പിന്നാലെ നടന്നു..ആളെ അറിയാം..അല്ല..വ്യക്തികളെ അറിയാം.. പക്ഷെ തെളിവ് വേണം..പ്രമുഖരാണ്..!എന്റെ സ്വസ്ഥത നശിച്ചപ്പോള്‍ ,ഞാനും സമാധാനിച്ചു..ആഹ്..! കെട്ടി ചമച്ച കഥ ..! പോലീസിനും കുട്ടിയുടെ അച്ഛനും ഇല്ലാത്ത എന്ത് വികാരം എന്നില്‍ ഉണ്ടാകണം..'

കൊച്ചുമക്കളെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ? 

മറ്റൊരു കേസിലുണ്ടായ അനുഭവത്തെക്കുറിച്ചാണ് കല ഇനി പറയുന്നത്. 'കടം വാങ്ങിയ പൈസ തിരിച്ചു ചോദിച്ചതിന് വൃദ്ധന്‍ പീഡിപ്പിച്ചു എന്ന് കേസ് ഉണ്ടാക്കി. അദ്ദേഹത്തെ മക്കളും മരുമക്കളും അകറ്റി നിര്‍ത്തി. കൊച്ചു മക്കളെ എടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായി..അദ്ദേഹം അവസാനം തൂങ്ങി മരിച്ചു..ഈ രണ്ടു കേസുകളും എന്റെ കണ്മുന്നില്‍ നടന്നതാണ്..പീഡനത്തിന്റെ കഥകള്‍ പെരുകുമ്പോള്‍..വകുപ്പുകള്‍ ഉണ്ടാക്കി സ്ത്രീ സുരക്ഷ ശക്തമാക്കുമ്പോള്‍..മനുഷ്യന്റെ മനസ്സിലെ ചില കാണാപ്പുറങ്ങളെ ഓര്‍ത്തു ഭയക്കേണ്ടതുണ്ട്...'

പോക്‌സോ നിയമം വ്യാപകമായി ബോധവത്കരിക്കപ്പെടുന്ന ഈ അവസരത്തില്‍ എവിടെയോ ഒരു ക്രിമിനല്‍ ബുദ്ധി ഉണരാതിരിക്കട്ടെയെന്ന് സൂചിപ്പിക്കുകയാണ് കല ഇവിടെ. എല്ലാ പുരുഷന്മാരും മോശമായി പെരുമാറുന്നവരല്ല.. സ്ത്രീ അല്ലാത്തതു കൊണ്ട് കരയാനും നെഞ്ച് പൊട്ടി സങ്കടപ്പെടാനും അവകാശമില്ലാത്തവരുമല്ല അവര്‍. നിയമം ദുരുപയോഗിക്കാതെ നോക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കണം.

നിയമം നോക്കുകുത്തികളായി മാറുന്ന തരത്തിലുള്ള കേസുകള്‍ സ്വന്തം അനുഭവത്തില്‍ നിന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കല ഇവിടെ ചെയ്യുന്നത്.