കണ്ണൂര്‍: അര്‍ധരാത്രിയില്‍ നഗരത്തില്‍ പിടിച്ചുപറിയും കവര്‍ച്ചയും വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഭിന്നലൈംഗികരുടെ മറവില്‍ സ്ത്രീവേഷംകെട്ടിയ കവര്‍ച്ചക്കാരും പിടിച്ചുപറിക്കാരുമെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനെച്ചൊല്ലി കുറച്ചുനാളായി പോലീസുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Police
പ്രതീകാത്മക ചിത്രം

ബുധനാഴ്ച പുലര്‍ച്ചെ താവക്കര ബസ്സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതോടെ പോലീസ് നടപടി ശക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് താവക്കര ബസ്സ്റ്റാന്‍ഡില്‍ തര്‍ക്കമുണ്ടായത്. ബസ്സ്റ്റാന്‍ഡിനുള്ളില്‍ അര്‍ധരാത്രി തമ്പടിച്ച ഭിന്നലൈംഗികരോട് പുറത്തുപോകണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി തര്‍ക്കമായി. ഭിന്നലൈംഗികരായ മൂന്നുപേരാണുണ്ടായിരുന്നത്. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും അസഭ്യംപറയുകയും ചെയ്തുവെന്നാണ് പരാതി.

ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഭിന്നലൈംഗികരെയും പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. നരിക്കോട്, കാട്ടാമ്പള്ളി, വടകര എന്നിവിടങ്ങളിലുള്ള മൂന്നുപേരാണ് സെക്യൂരിറ്റി ജീവനക്കാരനെ മരദിച്ചതിന്റെ പേരില്‍ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. ലൈംഗികത്തൊഴില്‍ അവകാശമാക്കുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പഴയസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, താവക്കര, എസ്.എന്‍.പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഇവര്‍ തമ്പടിക്കുന്നത്.

തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ എന്നിങ്ങനെ പലയിടങ്ങളിലായുള്ളവര്‍ കണ്ണൂരിലാണ് തമ്പടിക്കുന്നത്. ഓരോദിവസവും രാത്രിയില്‍ മുപ്പതിലേറെപ്പേര്‍ നഗരത്തിലുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ക്രിമിനല്‍സ്വഭാവമുള്ളവരും കളവുകേസിലുള്‍പ്പെട്ടവരും ഇവരെത്തേടി കണ്ണൂരിലെത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതോടെ പോലീസ് പരിശോധന കര്‍ശനമാക്കി. രാത്രിയില്‍ സംഘടിച്ചുനില്‍ക്കുന്ന സംഘത്തെ പലദിവസങ്ങളിലും പോലീസ് ഓടിച്ചുവിട്ടിരുന്നു. താവക്കരയില്‍നിന്ന് പോലീസിനോട് തട്ടിക്കയറിയ രണ്ടുപേരെ നേരത്തേയും കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷേ, കേസെടുത്തിരുന്നില്ല.

എന്നാല്‍, പോലീസ് അതിക്രമംകാണിക്കുകയാണെന്ന് കാണിച്ച് ഒരുവിഭാഗം ഭിന്നലൈംഗികര്‍ കളക്ടര്‍ക്ക് പരാതിനല്‍കി. തുടര്‍ന്ന് കളക്ടര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍നിന്നെത്തുന്നവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ആരാണെന്നതിനെക്കുറിച്ച് വ്യക്തമല്ല. ഭിന്നലൈംഗികരുടെ മറവില്‍ ക്രിമിനല്‍സംഘവും നഗരത്തില്‍ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 

നഗരത്തില്‍ അടുത്തകാലത്തായി റിപ്പോര്‍ട്ടുചെയ്ത പിടിച്ചുപറിക്കേസുകള്‍ ഇത്തരക്കാരാണെന്നാണ് പോലീസിന്റെ സംശയം. രാത്രികാല പട്രോളിങ് ശക്തമാക്കാനും ഭിന്നലൈംഗികരുടേതടക്കമുള്ളവരുടെ പ്രവര്‍ത്തനം നീരിക്ഷിക്കാനുമാണ് പോലീസിന്റെ തീരുമാനം.