കേരളത്തില്‍ അന്യസംസ്ഥാനത്തൊഴിലാളി നടത്തിയ മറ്റൊരു കൊലപാതകത്തിലെ  ശിക്ഷാവിധി പ്രഖ്യാപിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചു.

2015 മെയ് 16 ന് അര്‍ദ്ധരാത്രി നടത്തിയ കൂട്ടക്കൊല. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന് മോഷണം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നു പ്രതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നതായിരുന്നു ഈ കേസില്‍ പ്രോസിക്യൂഷന്‍ വാദം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ നരേന്ദ്രകുമാര്‍ ആണ് ഈ ക്രൂരത നടത്തിയത്. അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊലപാതകികളാകുമ്പോള്‍ കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍മാര്‍ക്കും ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. 

2016 ഏപ്രില്‍ 28 ന് രാത്രി നടന്ന കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകത്തിന്റെ തുമ്പ് കണ്ടെത്താനും പോലീസ് സമാനമായ രീതിയില്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ജിഷാ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാമിനെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു. കാഞ്ചീപുരത്തെ കൊറിയന്‍ കമ്പനിയില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു അമീര്‍ പോലീസ് പിടിയിലാകുന്നത്. കമ്പനിയില്‍ രഹസ്യമായി പരിശോധന നടത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിനു ശേഷം പെരുമ്പാവൂരില്‍ നിന്ന് ആലുവയിലേക്ക് പോയ ഇയാള്‍ അവിടെ ഒരു രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് അസമിലേക്ക് പോയി. അസമിലെത്തിയ ശേഷം കേരളത്തിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഇയാള്‍ കേസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഫോണ്‍വിളികളിലൂടെ അന്വേഷണം തന്റെ നേരെ എത്തില്ലെന്ന് തോന്നിയപ്പോഴാണ് അമീറുള്‍ അസമില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പോലീസ് അസമിലും ബംഗാളിലും തമിഴ്‌നാട്ടിലും ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരുമ്പോഴാണ് അമീറുള്‍ കാഞ്ചീപുരത്ത് ഉണ്ടെന്ന് മനസ്സിലാക്കുന്നതും ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും.

അന്യസംസ്ഥാനക്കാരനായ ഒരു പ്രതിയിലേക്കെത്താന്‍ കേരള പോലീസിനുള്ള കടമ്പകള്‍ വളരെയേറെയാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതാണ് പാറമ്പുഴയിലെ ഈ കൂട്ടക്കൊല. പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശില്‍വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

അന്വേഷണോദ്യോഗസ്ഥന് പറയാനുള്ളത് 

കേസ് അന്വേഷിച്ച പാമ്പാടി സി.ഐ സാജു വര്‍ഗീസ് അന്യസംസ്ഥാനത്തൊഴിലാളിയായ പ്രതിയെ കണ്ടെത്തിയതെങ്ങനെയെന്ന് വിശദീകരിക്കുകയാണ്, 'ഊരും പേരും അറിയാത്ത ഒരാളായിരുന്നു ഈ കേസിലെ പ്രതി. മധുരസ്വദേശിയാണെന്നും ജയ്‌സിംഗ് എന്നാണ് അയാളുടെ പേരെന്നുമാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. നല്ലനടപ്പുകാരനും അധികമാരോടും സംസാരിക്കാത്തവനുമായിരുന്നു പ്രതിയെന്നാണ് നാട്ടുകാരില്‍ നിന്ന് കിട്ടിയ വിവരം. കേരളത്തില്‍ ആരുമായും അയാള്‍ക്ക് ബന്ധങ്ങളില്ല. അയാള്‍ അവസാനം വിളിച്ചത് ഉത്തര്‍പ്രദേശിലേക്കായിരുന്നു. പ്രതിയുടെ സ്വദേശം അവിടെയായിരിക്കുമെന്ന സങ്കല്‍പ്പത്തിലാണ് ഞങ്ങള്‍ അന്വേഷണത്തിനായി ഉത്തര്‍പ്രദേശിലേക്ക് പോകുന്നത്. പ്രതിയുടെ കൂട്ടുകാരനിലൂടെ മാത്രമേ അയാളിലേക്കെത്താന്‍ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങളുടെ ശ്രമം ആ വഴിക്കായി. രാകേഷ് എന്നായിരുന്നു അയാളുടെ പേര്.'

saju varghese
സി.ഐ സാജു വര്‍ഗീസ്‌

സി.ഐ തുടരുന്നു, "രാകേഷിനെ പിടികൂടിയ പോലീസ് ജയ്‌സിംഗിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും അയാള്‍ക്ക് അങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു പറഞ്ഞത്. അയാളുടെ മൊബൈലിലെ നമ്പറില്‍ നിന്നാണ് പ്രതിയുടെ യഥാര്‍ഥ പേര് നരേന്ദ്രനാഥ് എന്നാണെന്ന് മനസ്സിലാക്കുന്നത്. അയാളുടെ സഹോദരിയെ രാകേഷിന്റെ ആഗ്രയിലുള്ള വീടിനടുത്താണ് വിവാഹം ചെയ്തിരിക്കുന്നതെന്നാണ് അയാളില്‍ നിന്നുകിട്ടിയ വിവരം. ഉത്തര്‍പ്രദേശ് പോലീസിന്റെ സഹകരണം ഇങ്ങനെയൊരു പ്രതിയെ കണ്ടെത്താന്‍ ആവശ്യമായിരുന്നു."

അന്യസംസ്ഥാനത്തൊഴിലാളികളെ കേരളീയര്‍ തൊഴിലാളികളായി സ്വീകരിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ്?  വെറും 300 രൂപയ്ക്ക് ജോലി ചെയ്യാന്‍ ആളെ കിട്ടുമെങ്കില്‍ അയാള്‍ അന്യസംസ്ഥാനക്കാരനായാലെന്താ? ലാഭം മാത്രമല്ലേ മുതലാളിയുടെ ലക്ഷ്യം. ഇത്തരം തൊഴിലാളികള്‍ പോലീസുകാര്‍ക്കുണ്ടാക്കുന്ന തലവേദനയെക്കുറിച്ചാണ് സാജു വര്‍ഗീസ് പറയുന്നത്. ' പ്രതി ഉപയോഗിച്ചിരുന്നത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു. ആ കാര്‍ഡ് ഉപയോഗിച്ച് ഒരിക്കലും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ കഴിയില്ല. അനധികൃതമായി കേരളത്തിലെത്തുന്നവരാണ് ഇവര്‍. യഥാര്‍ഥത്തില്‍ അന്യസംസ്ഥാനക്കാരനെ ഏതു വകുപ്പില്‍ ഉള്‍പ്പെടുത്തും?  അവരുടെ ക്ഷേമം നോക്കാന്‍ ഇവിടെ മന്ത്രി ഇല്ല.  ഇവരുടെ ആരോഗ്യസ്ഥിതി നോക്കാന്‍ ആരുണ്ട്? അവരെ ഒരു പ്രത്യേക വകുപ്പിന്റെ കീഴില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.  ഇവര്‍ ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ കൂടി വരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ഇവരെക്കുറിച്ച് കിട്ടുന്നത് വ്യാജവിവരങ്ങളാണ്. ബംഗാളിലെ മൂര്‍ഷിദാബാദില്‍ എത്തിയാല്‍ മറ്റുപലരുടെയും പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഫോണ്‍ കണക്ഷനും ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ഇതൊന്നും തടയാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം.'

പാറമ്പുഴയിലെ കൊലപാതകത്തില്‍  പ്രധാന തെളിവായത് മുറിച്ചെടുത്ത ചെവി

ഡ്രൈക്ലീനിങ്ങ് സ്ഥാപനത്തിലെ തൊഴിലാളിയായ നരേന്ദ്രകുമാര്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേരെ കൊലപ്പെടുത്തി മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു. മൂവരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീട് കറന്റടിപ്പിച്ചുമാണ് കൊന്നത്. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചിരുന്നു. പ്രസന്നകുമാരിയുടെ കാത് മുറിച്ചെടുത്താണ് കമ്മല്‍ കവര്‍ന്നത്. നല്ലനടപ്പുകാരനാണെന്ന് നാട്ടുകാര്‍ വിധിയെഴുതിയ ഒരു മനുഷ്യന്‍ എങ്ങനെയാണ് ഇത്ര ക്രൂരമായി മൂന്നുപേരെ കൊല്ലുന്നത്? മൊബൈല്‍ഫോണുകളും വാച്ചുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും പ്രതി മോഷ്ടിക്കുകയുണ്ടായി. ജയ്‌സിങ് എന്ന വ്യാജപ്പേരിലാണ് നരേന്ദ്രകുമാര്‍ ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. 

അന്വേഷണത്തിനിടയില്‍ കൊല്ലപ്പെട്ട മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയായിരുന്നു. ഇതില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്ക് പണം അയച്ചതിന്റെ സൂചനകളൊന്നും പോലീസ് കണ്ടെത്തിയില്ല. രക്ഷപ്പെട്ട ജയ്‌സിങ്ങിന്റെ രേഖാചിത്രമല്ലാതെ മറ്റൊന്നും പോലീസിന്റെ കൈവശമില്ലാത്തത് അന്വേഷണത്തെ മന്ദഗതിയിലാക്കിയിരുന്നു. കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ മുറിച്ചെടുത്ത ചെവിയുടെ ഭാഗം ഉള്‍പ്പെടെ കമ്മലും മറ്റ് തൊണ്ടിസാധനങ്ങളും ഫിറോസാബാദിലെ പ്രതിയുടെ വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഉത്തര്‍പ്രദേശ് പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എസ്.ഐ.യും മൊഴി നല്‍കാന്‍ എത്തിയിരുന്നു. രണ്ട് സയന്റിഫിക് വിദഗ്ധരുള്‍പ്പെടെ 74 പേര്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. 56 സാക്ഷികളെ വിസ്തരിച്ച കേസില്‍ 60 പ്രമാണവും 42 തൊണ്ടി സാധനവും ഹാജരാക്കി. 84 ദിവസംകൊണ്ടു തയ്യാറാക്കിയ കുറ്റപത്രം പോലീസ് 2015 ഓഗസ്റ്റ് 10ന് കോടതിയില്‍ സമര്‍പ്പിച്ചു. ആറുമാസംകൊണ്ടാണ് സാക്ഷിവിസ്താരം പൂര്‍ത്തിയായത്. ഫെബ്രുവരി 16നു വാദം പൂര്‍ത്തിയായി.

ആധാര്‍ കാര്‍ഡും വെബ്‌സൈറ്റും നിര്‍ബന്ധമാക്കണം

സി.ഐ സാജു വര്‍ഗീസ് തന്റെ അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ നിന്ന് അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായി ആധാര്‍ കാര്‍ഡും വെബ്‌സൈറ്റും നിര്‍ബന്ധമാക്കണമെന്ന കാര്യം ഓര്‍മിപ്പിക്കുകയാണ്. 'യഥാര്‍ഥത്തില്‍ റേഷന്‍ കാര്‍ഡ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതാണ് അവരെപ്പറ്റിയുള്ള യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്താന്‍ നല്ലത്. അതുപോലെ തന്നെ അവരെപ്പറ്റിയുള്ള വിശദമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയ വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കും. കേരളത്തില്‍ എവിടെ നോക്കിയാലും അന്യസംസ്ഥാനത്തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞായറാഴ്ചകളില്‍ പെരുമ്പാവൂരിലൊക്കെ അവരെ മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്ന അവസ്ഥയാണ്. കള്ളുകുടിച്ചു കഴിഞ്ഞാല്‍ മലയാളികളേക്കാള്‍ കഷ്ടമാണ് അവരുടെ അവസ്ഥ. '