ആത്മഹത്യയല്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്ന ഒരു മരണം. ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ആ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്കിലും സാമൂഹിക മാദ്ധ്യമങ്ങളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് പോലീസ് വ്യക്തമാക്കുമ്പോള്‍ കേസ് എഴുതിത്തള്ളാനാണ് പോലീസിന്റെ ശ്രമമെന്ന് വീട്ടുകാരും.  മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലായിക്കഴിഞ്ഞു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മിഷേലിന്റെ മരണം അന്വേഷിക്കും. പോലീസിന് വീഴ്ച പറ്റിയോയെന്നും അന്വേഷണമുണ്ടായേക്കാവുന്ന ഈ സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ വീണ്ടും ഒരു ചോദ്യചിഹ്നമായി മാറുകയാണോ? 

പാലാരിവട്ടത്ത് സി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഇലഞ്ഞി സ്വദേശിനിയായ മിഷേല്‍. മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. മകളുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് മിഷേലിനെ കാണാതായ അതേ ദിവസം തന്നെ പരാതി നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ  അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. മുങ്ങി മരണമാണെങ്കില്‍ വ്യക്തമായ കാരണമുണ്ടാകുമല്ലോ. അങ്ങനെയൊരു കാരണം ആര്‍ക്കും പറയാന്‍ കഴിയുന്നില്ലെന്നതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കഥ ഇങ്ങനെ

ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്നു.സാധാരണ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുകയാണ് പതിവ്. തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.
   
മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവൊന്നുമില്ല. ഒരു യുവാവുമായി മുമ്പ് കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കാണാതായ ദിവസം പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഈ യുവാവിന്റെ കോള്‍ വന്നിരുന്നു. പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നില്ലെന്നും ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി മിഷേല്‍ സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.

ഒരാഴ്ച മുന്‍പ് കലൂര്‍ പള്ളിക്കു സമീപം വേറൊരു യുവാവ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചതായും കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം പെണ്‍കുട്ടി 5.37നു പള്ളിയില്‍ കയറുന്നതിന്റെയും 6.12ന് തിരിച്ചിറങ്ങുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുണ്ട്.

തിരിച്ചിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നിരീക്ഷിക്കുന്നതും കാണാം. തലേന്ന് കാണാതായ മൃതദേഹം പിറ്റേന്നു വൈകീട്ട് കണ്ടെത്തുമ്പോള്‍ അല്പംപോലും അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ട് നാലു മണിക്കൂറിലധികമായി കാണില്ലെന്നാണ് മീന്‍പിടിത്തക്കാര്‍ ശരീരം കണ്ടിട്ട് പറഞ്ഞത്. മീന്‍ കൊത്തുകയോ, വയറില്‍ വെള്ളം ചെന്ന് വീര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാപിതാക്കളെ തിരിച്ചയച്ചു

മരണപ്പെട്ട മിഷേല്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള കന്യാസ്ത്രീയും മിഷേലിന്റെ അമ്മയും പിതാവുമാണ് അഞ്ചാം തിയതി രാത്രി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതിയുമായി എത്തിയത്. കുട്ടിയുടെ മൊബൈല്‍ ടവര്‍ നോക്കി അന്വേഷണം നടത്തണമെന്ന പരാതി പോലീസ് പുച്ഛിച്ച് തള്ളുകയായിരുന്നു. പുലര്‍ച്ചെ വരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയിട്ടും അന്വേഷണം നടത്താന്‍ പോലീസുകാര്‍ തയ്യാറായില്ല. രാത്രിയില്‍ തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ മകളെ ജീവനോടെ തിരിച്ചുകിട്ടുമായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിലെ ചര്‍ച്ചക്കിടെയാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ അനാസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്.

ജിഷമാര്‍ സൃഷ്ടിക്കപ്പെടുന്നു

'അന്ന് ജിഷയ്ക്കു വേണ്ടി വിപ്ലവം നടത്തിയവര്‍, ഇന്ന് ഒരുപാട് ജിഷമാര്‍ ഉണ്ടാകുമ്പോള്‍ എന്തേ മിണ്ടാതിരിക്കുന്നു? മിഷേല്‍ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നില്ലേ!! സത്യത്തിനു നേരെ കണ്ണടച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കു കിട്ടേണ്ടുന്ന നീതി നിഷേധിക്കുന്നത് ന്യായമോ? നീതിക്കായി കേഴുന്ന ആ ആത്മാവിനു വേണ്ടി, നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കു വേണ്ടി, നമുക്കുയര്‍ത്താം നമ്മുടെ കരങ്ങള്‍'  ഫേസ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട 'ജസ്റ്റിസ് ഫോര്‍ മിഷേല്‍' എന്ന പേജിന്റെ ആമുഖമാണിത്.

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവാക്കള്‍ സംഘടിക്കുകയാണ്. 'ജസ്റ്റിസ് ഫോര്‍ മിഷേല്‍' കാമ്പയിനില്‍ പല രീതികളിലാണ് യുവാക്കള്‍ പങ്കുചേരുന്നത്. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. 'പൊതുവഴിയില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍... പൊതുവഴിയിലൂടെ ഒരു പെണ്‍കുട്ടിക്ക് ആരെയും പേടിക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്' എന്ന പോസ്റ്റിന് സ്വീകാര്യതയേറെയാണ്.

എന്തിലും ഏതിലും തമാശ കലര്‍ത്തുന്ന ട്രോളന്മാരും മിഷേലിന്റെ വിഷയത്തില്‍ ഗൗരവമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ കനത്ത പ്രഹരം തന്നെയാണ് ഇവര്‍ പോലീസിനുള്‍പ്പെടെ നല്‍കുന്നത്. മിഷേലിന്റെ നീതിക്കു വേണ്ടി നിവിന്‍ പോളി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും തുല്യവും വേഗമാര്‍ന്നതുമായ നീതി വേണമെന്നാണ് ഏവരുടെയും ആവശ്യം. ഇതിനായി ഇസ്ഥലത്തു നിന്ന് പുറത്ത് സംഘടിക്കാനും പല ഗ്രൂപ്പുകളും ആഹ്വാനം ചെയ്യുന്നുണ്ട്.

സ്‌കൂളിലെ മലയാളി മങ്ക; കവിതകളുടെ തോഴി

മിഷേല്‍ ഇടയ്ക്ക് കവിതകള്‍ കുത്തിക്കുറിച്ചു. സൗഹൃദവും സൗന്ദര്യവുമായിരുന്നു ആ കവിതകളില്‍ നിറഞ്ഞുനിന്നത്. അവള്‍ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറി. വീട്ടില്‍  അച്ഛനോടും അമ്മയോടും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരി. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കി. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ അവള്‍ എന്തിനിത് ചെയ്തു?

ഇവിടെ ഉയരുന്ന നിരവധി ചോദ്യങ്ങള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും സംശയിക്കാന്‍ ഒന്നുമില്ലേ? മരണത്തില്‍ അസ്വാഭിവകതയില്ലെന്ന് പോലീസ് പറയുന്നത് എന്തുകൊണ്ടാണ്? മുങ്ങിമരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്ന് പറയുമ്പോള്‍ മരണം എങ്ങനെ സംഭവിച്ചു?  മിഷേലിനു വേണ്ടി ഉയരുന്ന ശബ്ദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കൊച്ചി നഗരത്തില്‍ സ്ത്രീ സുരക്ഷ എന്നൊന്നില്ലേ? സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമോ?