ന്നെ പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടിയും, അത് സമ്മതിച്ച് പിതാവും മൊഴി നല്‍കിയെങ്കിലും ഇതില്‍ പല പൊരുത്തക്കേടുകളുമുള്ളതായി പോലീസിന് തോന്നി ഇതോടെയാണ് പോലീസ് രണ്ടാമതും പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. 

പിതാവ് ജയിലില്‍ പോകേണ്ടി വരുമെന്നും സത്യം പറയണമെന്നും പോലീസ് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ആ സത്യം തുറന്നു പറഞ്ഞു. തന്നെ പീഡിപ്പിച്ചതും ഗര്‍ഭിണിയാക്കിയതും പിതാവല്ല പള്ളിവികാരിയാണ്. മകള്‍ മൊഴിമാറ്റി പറഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛനും സത്യം തുറന്നു പറയേണ്ടി വന്നു, താനല്ല പള്ളിവികാരിയാണ് മകളെ ഗര്‍ഭിണിയാക്കിയതെന്ന് അദ്ദേഹവും സമ്മതിച്ചു. 

റോബിന്‍ വടക്കുംചേരി: ളോഹയ്ക്കുള്ളിലെ ക്രിമിനല്‍......

ഇടവകവികാരിയും സ്‌കൂള്‍ മാനേജറുമായ വൈദികനാണ് കൗമാരക്കാരിയെ പീഡിപ്പിച്ചതെന്നും, അയാളെ സംരക്ഷിക്കാനാണ് പെണ്‍കുട്ടി സ്വന്തം പിതാവിനെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമായതോടെ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പേരാവൂര്‍ സി.ഐ. എന്‍.സുനില്‍കുമാര്‍ കേസന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. 

പെണ്‍കുട്ടിയേയും പിതാവിനേയും പോലീസ് വീണ്ടും ചോദ്യം ചെയ്തുവെന്ന വിവരം ലഭിച്ചതോടെ ഫാദര്‍ റോബിന്‍ വടക്കുംചേരി അതിനോടകം കണ്ണൂര്‍ വിട്ടിരുന്നു. സ്വന്തം കാറില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത ചാലക്കുടിയിലെത്തിയ വടക്കുംചേരി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലാണ് ആദ്യമെത്തിയത്. നെടുമ്പാശ്ശേരി വഴി രാജ്യം വിടാനായിരുന്നു റോബിന്‍ വടക്കുംചേരിയുടെ ഉദ്ദേശം. കനേഡിയന്‍ വിസയുള്ള  വടക്കഞ്ചേരി അങ്ങോട്ടേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ ടിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇയാള്‍ക്ക് വിനയായത്. 

ഇതേസമയം വടക്കുംചേരിയുടെ ഉന്നതബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു പോലീസ് ഇതിനോടകം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇയാളെക്കുറിച്ച് വിവരം നല്‍കിയിരുന്നു. മൊബൈല്‍ കോളുകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍  സിഐ സുനില്‍കുമാറും സംഘവും എറണാകുളത്തെത്തുകയും ചെയ്തു. 

പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ വടക്കുംചേരി ധ്യാനകേന്ദ്രം വിട്ടിരുന്നു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലിനൊടുവില്‍ കാറില്‍ കറങ്ങി നടക്കുകയായിരുന്ന ഇയാള്‍ ചാലക്കുടി ഭാഗത്തുള്ളതായി പോലീസിന് മനസ്സിലായി. തുടര്‍ന്ന് ചാലക്കുടി ടൗണില്‍ വച്ചാണ് സിഐ സുനില്‍കുമാറും സംഘവും  റോബിന്‍ വടക്കുംചേരിയെ കാര്‍ തടഞ്ഞു പിടികൂടിയത്. തുടര്‍ന്ന് കണ്ണൂരിലെത്തിച്ച ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വടക്കുംചേരി കുറ്റസമ്മതം നടത്തുകയും ചെയ്തു. 

കൂട്ടുപ്രതികളിലേക്ക്........

ക്രൈസ്തവ സമൂഹത്തിനാകെ അപമാനമുണ്ടാക്കുന്ന കാര്യമാണ് കൊട്ടിയൂരില്‍ നടന്നതെന്ന് ബിഷപ്പ് തന്നെ തുറന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും, കൊട്ടിയൂര്‍ കേസിന്റെ അന്വേഷണം മുന്നോട്ട് പോകും തോറും സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും പ്രതിപ്പട്ടികയിലേക്ക് വരാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ പോലീസ് അന്വേഷണം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാക്കും എന്നാണ് പോലീസ് നല്‍കുന്ന സൂചന. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് റോബിന്‍ വടക്കുംചേരി മാത്രമാണെങ്കിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും, പ്രസവാനന്തരം കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതിലും നിരവധി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

കൊട്ടിയൂര്‍ പീഡനം: ദത്തെടുപ്പ് കേന്ദ്രം മേധാവി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി......

ആസ്പത്രിയില്‍ അവിവാഹിതയായ ഒരു കൗമാരക്കാരി അഡ്മിറ്റാവുകയും രണ്ട് ദിവസം കൊണ്ട് പ്രസവം കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്തിട്ടും ഈ സംഭവം ആസ്പത്രി അധികൃതര്‍ പോലീസിനെയോ, ചൈല്‍ഡ് ലൈനേയോ അറിയിച്ചിട്ടില്ല. പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നവജാതശിശുവിനെ ആസ്പത്രിയില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ പോലീസ് പറയുന്നത്. 

സഭയ്ക്ക് കീഴിലെ ഇരിട്ടി ക്രിസ്തുദാസി സഭയിലെ ഒരു കന്യാസ്ത്രിയും വയനാട്ടില്‍ നിന്നുമെത്തിയ ഒരു കന്യാസ്ത്രിയും ചേര്‍ന്നാണ് കൂത്തുപറമ്പിലെ ആസ്പത്രിയില്‍ നിന്നും വയനാട്ടിലെ അനാഥാലയത്തിലേക്ക് കുഞ്ഞിനെ കൊണ്ടു പോയതെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നു. തങ്കമ്മ എന്ന് പേരുള്ള ഒരു സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുട്ടിയില്‍ നിന്നുള്ള കന്യാസ്ത്രീ ഓടിച്ച കാറിലാണ് മൂവരും ചേര്‍ന്ന് കുട്ടിയെ കൊണ്ടുപോയത്.

അനാഥാലയത്തില്‍ കുഞ്ഞുങ്ങളെത്തുന്ന പക്ഷം അത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസില്‍ അറിയിക്കണമെന്ന് നിയമമുണ്ടെങ്കിലും വയനാട്ടിലെ അനാഥലായത്തില്‍ ഈ കുഞ്ഞിനെ കൊണ്ടു വന്നത് സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാരിനോ പോലീസിനോ ലഭിച്ചിട്ടില്ല എന്നതും ദുരൂഹമാണ്. (വയനാട്ടിലെ അനാഥാലയത്തില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഈ കുഞ്ഞ് ഇപ്പോള്‍ കണ്ണൂരില്‍ സര്‍ക്കാരിന് കീഴിലുള്ള ഒരു സംരക്ഷണകേന്ദ്രത്തിലാണുള്ളത്. ഡിഎന്‍എ പരിശോധന അടക്കമുള്ള നിര്‍ണായക നടപടികള്‍ ബാക്കിയുള്ളതിനാല്‍ പോലീസിന്റെ നേരിട്ടുള്ള സുരക്ഷയിലാണ് ഈ കുഞ്ഞ്)

സഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്പത്രിയിലും അനാഥാലയത്തിലുമാണ് ഇതെല്ലാം നടന്നിരിക്കുന്നത് എന്നതിനാല്‍ വടക്കുംചേരിയെ പുറത്താക്കിയത് കൊണ്ട് മാത്രം സഭയ്ക്ക് പ്രശ്‌നങ്ങളില്‍ നിന്നൂരാന്‍ സാധിക്കില്ലെന്ന് ചുരുക്കും. വടക്കുംചേരിക്കൊപ്പം സംഭവം മറച്ചു വയ്ക്കാന്‍ കൂട്ടുനിന്ന വൈദികരേയും കന്യാസ്ത്രീകളേയുമെല്ലാം ഈ കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

 

(തുടരും)