'പണ്ടേ ആത്മഹത്യ ചെയ്തുപോയേനെ. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചിട്ട് വേറെ കെട്ടി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കൊച്ചുമക്കളുടെ ഉത്തരവാദിത്വം ചുമലിലായി. എങ്ങോട്ടു പോകണമെന്നറിയില്ല, മക്കളുടെ മുഖം മരിക്കാന്‍ അനുവദിച്ചില്ല.....'' ഗാര്‍ഹിക പീഡനത്തിന്റെ ഒരു മുഖമാണ് ഇത്.

Cruelty-by-Husband

തലാക്ക് ചൊല്ലിയ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് അടിച്ചിറക്കപ്പെട്ട സ്ത്രീകള്‍. സ്വത്തിനുവേണ്ടിയുള്ള മക്കളുടെ പിടിവാശിയില്‍ പുറത്താക്കപ്പെടുന്ന അച്ഛനമ്മമാര്‍. ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്ന ഭര്‍ത്താവ്. ജീവിതം ദുസ്സഹമാകുമ്പോള്‍ നിയമത്തിന്റെ പടിവാതിലില്‍ മുട്ടുന്നവരാണ് ഇവരില്‍ ഏറെപ്പേരും. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ കോടതി വളപ്പിലിട്ട് നന്നായി പെരുമാറിയ സംഭവമുണ്ടായത് രാജസ്ഥാനിലാണ്.
 
സ്ത്രീകള്‍ക്ക് താത്കാലിക അഭയമേകുന്നതിനുപുറമെ വൈദ്യസഹായവും നിയമസഹായവും മാനസിക പിന്തുണയുമുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനായി കണ്ണൂര്‍ ജില്ലയില്‍ 'വണ്‍ സ്റ്റോപ്പ് സെന്റര്‍' ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആശാവഹമാണ്. പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കുനേരേ ഉണ്ടാകുന്ന ഏത് അതിക്രമത്തിലും ഇരയായവര്‍ക്ക് താത്കാലിക അഭയം ഒരുക്കുകയാണ് ഇവരുടെ ലക്ഷ്യം.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമാണ് 'വണ്‍ സ്റ്റോപ്പ് സെന്റര്‍'. നിയമ സഹായം നല്‍കാനും ആവശ്യമെങ്കില്‍ കൗണ്‍സലിങ് ഏര്‍പ്പെടുത്താനും സെന്ററില്‍ സൗകര്യമൊരുക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗാര്‍ഹിക പീഡനക്കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗാര്‍ഹിക പീഡന നിരോധന നിയമം ഇവിടെ ഫലപ്രദമല്ലേ? 

ഒരു പെണ്‍കുട്ടിയെ അന്യായമായി മൊഴി ചൊല്ലിയാല്‍ തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ അവള്‍ക്ക് കഴിയില്ല. നഷ്ടപരിഹാരം വരെ ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഗാര്‍ഹിക പീഡന നിരോധനനിയമം ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാന്‍ ശക്തമായ ആയുധമായിരുന്നു. 

വസ്തുവിന്റെ ഉടമസ്ഥാവകാശം നോക്കിയാല്‍ ഭാര്യയ്ക്ക്‌ നീതി നിഷേധിക്കപ്പെടും

Sapna
അഡ്വ.സപ്‌ന 

'ഇന്ന് വിചാരണക്കോടതികള്‍ ഗാര്‍ഹിക പീഡനക്കേസുകളില്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത് പ്രകാരം വീടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് നോക്കിയാണ് പെണ്‍കുട്ടിക്ക് തിരിച്ച് വീട്ടില്‍ക്കയറാനുള്ള അവകാശം നല്‍കുന്നത്. ഭര്‍ത്താവിന്റെ അച്ഛനോ അമ്മയോ ആണ് വീടിന്റെ ഉടമയെങ്കില്‍ പെണ്‍കുട്ടിക്ക് തിരിച്ച് വീട്ടില്‍ക്കയറാനുള്ള അവകാശമില്ല.  ഭര്‍ത്താവിന്റെ പേരിലാണ് വീടെങ്കില്‍ പെണ്‍കുട്ടിക്ക് കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ക്കയറാമെന്നതാണ് അവസ്ഥ. ഗാര്‍ഹിക പീഡന നിരോധന നിയമം യഥാര്‍ഥത്തില്‍ പ്രാധാന്യം നല്‍കേണ്ടത് ഭാര്യാഭര്‍തൃ ബന്ധത്തിനു മാത്രമാണ്. വസ്തുവിന്റെ ഉടമസ്ഥാവകാശം നോക്കിയാല്‍ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെടും. ഈ നിയമം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്.' സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന 'പുനര്‍ജനി' എന്ന സംഘടനയുടെ സ്ഥാപക അംഗമായ അഡ്വ.സപ്‌ന പരമേശ്വരത്ത്‌ വ്യക്തമാക്കുന്നു.

'കോഴിക്കോട്, മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ്‌  അടുത്തകാലത്തായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് അവര്‍ മുഖ്യധാരയിലേക്ക് വരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാകുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പര ബഹുമാനമാണ് ഏറ്റവും പ്രധാനം. പണ്ട് കാലത്ത് സ്ത്രീകള്‍ അടുക്കള ജോലി മാത്രം ചെയ്യുന്നവരായിരുന്നു. ഇന്ന് വീട്ടിലും ഓഫീസിലും ഒരുപോലെ ഉത്തരവാദിത്തമുള്ളവളാണ് സ്ത്രീ.  35 വയസ്സില്‍ക്കുറവുള്ള സ്ത്രീകളാണ് ഗാര്‍ഹിക പീഡനത്തിന്റെ ഇരകളായി മാറുന്നത്. ഏതുതരത്തിലുള്ള അതിക്രമവും നമ്മള്‍ പ്രതിരോധിക്കുക തന്നെ വേണം. വീട്ടിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ പലര്‍ക്കും മടിയാണ്. പുറംലോകമറിയാതെ സഹിക്കുന്നത് തെറ്റാണ്.'  സപ്‌ന പറയുന്നു.

'നീ നിന്റെ അച്ഛനെ സ്‌നേഹിച്ചാല്‍ ഞാന്‍ പിണങ്ങും.'

PARVATHY
മാല പാര്‍വതി

 സാമൂഹിക പ്രവര്‍ത്തകയായ മാല  പാര്‍വതിയുടെ അഭിപ്രായത്തില്‍ സംശയ രോഗവും മദ്യപാനവുമാണ് ഗാര്‍ഹിക പീഡനത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍.

' അടുത്ത കാലത്തായി 59 വയസ്സുള്ള ഒരു സ്ത്രീ എന്റെയടുത്ത് വന്നു. അവരുടെ രണ്ട് മക്കളും അമേരിക്കയിലാണ്. അച്ഛന്‍ അമ്മയെ ഉപദ്രവിക്കുമ്പോള്‍ മക്കള്‍ ഇടയില്‍ക്കയറി തടയുമായിരുന്നു. മക്കള്‍ പോയതോടെ അവര്‍ക്ക് വല്ലാത്ത മാനസിക പ്രയാസമായി. ഒരു രാത്രി 9.50 ന് എന്റെയടുത്ത് വന്ന അവര്‍ അന്ന് എന്റെ കൂടെ താമസിച്ചോട്ടെയെന്ന് ചോദിച്ചു. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവര്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിന്റെ കൂടെപ്പോകണം. ഏതെങ്കിലും പുരുഷന്‍മാര്‍ അവരെ നോക്കിയാല്‍ അയാള്‍ക്ക് സംശയമാണ്. ഇത് അവരുടെ മാത്രം കഥയല്ല. ഇരുപത്തിയൊന്നു വയസ്സുള്ള ആണ്‍കുട്ടികള്‍ 'ഞാനെന്റെ അച്ഛനെ തല്ലിക്കൊല്ലു'മെന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുമതിയായി. ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. സ്ത്രീകള്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ മക്കളുടെ മനസ്സില്‍ സംശയം കുത്തിവെക്കാനാണ് അവര്‍ ശ്രമിക്കുക. 'നീ നിന്റെ അച്ഛനെ സ്‌നേഹിച്ചാല്‍ ഞാന്‍ പിണങ്ങും.' ' അമ്മയെ സ്‌നേഹിച്ചാല്‍ എന്നോട് മിണ്ടരുത്'. ഇങ്ങനെ പറയുന്നവരാണ് മാതാപിതാക്കന്‍മാര്‍. ഇതിനിടയില്‍പ്പെട്ട് ചതഞ്ഞരയുന്നത് മക്കളാണ്. സ്‌നേഹരാഹിത്യത്തില്‍ കുടുംബജീവിതം തകരുകയാണ്. '

'വീട്ടില്‍ അലമാര വെച്ചിരിക്കുന്ന സ്ഥാനം മാറിയാല്‍ ഭാര്യയെ അനാവശ്യമായി സംശയിക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. ഏതെങ്കിലും പുരുഷന്‍മാരുടെ സഹായമില്ലാതെ അലമാര മാറ്റാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. ഇത്തരം ചെറിയ കാര്യങ്ങള്‍ക്കും അടിച്ചോ എന്ന് നമുക്ക് തോന്നിപ്പോകും. മദ്യപാനികള്‍ക്ക് ലൈംഗിക ബലഹീനതയുണ്ടാകും. 'Othello ്യെിdrome' കാരണം ആത്മവിശ്വാസം തകര്‍ന്നവരാണ് ഇത്തരക്കാര്‍. പിന്നെ മറ്റൊരു കൂട്ടരുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കല്യാണച്ചെലവുകള്‍ , പ്രസവത്തിന്റെ ചെലവുകള്‍ എന്നിവയെല്ലാം വീണ്ടും വീണ്ടും പറഞ്ഞ് മരുമകളെ കുത്തിനോവിക്കുന്നവര്‍. എങ്ങനെ വന്നാലും ഭാര്യവീട്ടുകാര്‍ മുഴുവന്‍ ചെലവും ഏറ്റെടുക്കണമെന്ന് പിടിവാശിയുള്ളവരാണ് ഇവര്‍.'  പാര്‍വതി പറയുന്നു.

DowryDeath

16 വയസ്സിനു താഴെയുള്ള കുട്ടികളാണ് യഥാര്‍ഥത്തില്‍ ഗാര്‍ഹിക പീഡനം കാരണം മാനസികപ്രയാസം അനുഭവിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരെ ഇഷ്ടമില്ലാത്ത ഭാര്യമാര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നതും പതിവാണ്. വിവാഹം കഴിച്ചാല്‍ എല്ലാം ഭാര്യയില്‍ നിന്ന്, അല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്നു തന്നെ കിട്ടണമെന്ന് കരുതുകയാണ് ഇന്ന് മനുഷ്യന്‍മാര്‍. അവിടെതുടങ്ങുന്നു എല്ലാ പ്രശ്‌നങ്ങളും. എനിക്ക് എന്തുകിട്ടി എന്നതാണ് ഇന്ന് എല്ലാവരും ചിന്തിക്കുന്നത്. 'ഞാനി'ല്‍ നിന്ന് എല്ലാവരും മുക്തമാകണം. നമ്മള്‍ നമ്മളെത്തന്നെ തിന്നുകൊണ്ടിരിക്കുകയാണ് ഇന്ന്. എന്റെ മുഖമുള്ള കപ്പ്, എന്റെ മുഖമുള്ള ചായ, എന്റെ മുഖമുള്ള കേക്ക്....അങ്ങനെ എല്ലാവരും 'എന്നെത്തന്നെ' തിന്നുന്നു.  ഈ അവസ്ഥ മാറേണ്ടത് അത്യാവശ്യമാണെന്ന്‌ ഓര്‍മിപ്പിക്കുകയാണ്  പാര്‍വതി.