പെണ്‍കുട്ടികള്‍ അക്രമങ്ങള്‍ക്കും പീഡനത്തിനുമിരയാകുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ചെല്ലുന്നവര്‍ക്ക് പലപ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്. വളരെയധികം പ്രയാസപ്പെട്ടിട്ടും കുടുംബാംഗങ്ങളില്‍ നിന്നുള്ള നിസ്സഹകരണം കാരണം കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അനുഭവമാണ് പല കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുകളും പങ്കു വെക്കുന്നത്. എന്നാല്‍  അദ്ധ്യാപകരുടെ അവസരോചിതമായ ഇടപെടല്‍ കാരണം ഒരു പെണ്‍കുട്ടിക്ക് ജീവിതം തിരിച്ചു കിട്ടിയ അനുഭവമാണ് ബീന ഇവിടെ പങ്കു വെക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സംഭവം.

' പ്ലസ്ടുവില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. കാഴ്ചയില്‍ മെലിഞ്ഞ ഒരു രൂപം. അവള്‍ താമസിച്ചിരുന്നത് ഒരു കോളനിയിലായിരുന്നു. ആ കുട്ടിയുടെ അയല്‍വാസിയായ ഒരു സ്ത്രീ വിളിച്ചതു പ്രകാരം അവളുടെ ക്ലാസ് ടീച്ചര്‍ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. ആ സ്ത്രീയുടെ വീട്ടിലാണ് രണ്ടു മൂന്ന് ദിവസമായി ഈ പെണ്‍കുട്ടി താമസിക്കുന്നത്. അവളുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതാണ്. സ്വന്തമായി വീടില്ല. ഞങ്ങള്‍ക്ക് അധിക കാലം സംരക്ഷിക്കാന്‍ കഴിയില്ല. നിങ്ങള്‍ അദ്ധ്യാപകര്‍ ഇടപെട്ട് കുട്ടിയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.'  ബീന ആ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത്.

ബീനയും ആ കുട്ടിയുടെ ക്ലാസ് ടീച്ചറും കൂടി അവളെ സംരക്ഷിക്കുന്ന അയല്‍വാസിയായ സ്ത്രീയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു. ആ കുട്ടി അവളുടെ അമ്മയുടെ അനുജത്തിയുടെ കൂടെയാണ് താമസിക്കുന്നത്. അവര്‍ അവളെ വീട്ടില്‍ കയറ്റുന്നില്ല. സ്വന്തം അമ്മ കള്ള് കുടിച്ച് വഴിയില്‍ വീണു കിടക്കുന്ന ഒരു സ്ത്രീയാണ്. അവര്‍ക്ക് പലരില്‍ നിന്നായി അഞ്ച് കുട്ടികള്‍ ഉണ്ട്. മൂന്ന് കുട്ടികള്‍ അനാഥാലായത്തിലാണ്. 

പ്രിന്‍സിപ്പാളിന്റെ അനുവാദത്തോടെ ബീനയും സുഹൃത്തായ അദ്ധ്യാപികയും ആ പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെത്തി. ഒരു വശത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ സ്‌കൂളില്‍ നിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് കോളനിക്കാര്‍ക്ക് മനസ്സിലായി. ' ഞങ്ങളെ കണ്ടതും ആ പെണ്‍കുട്ടിയുടെ അമ്മയുടെ അനുജത്തി ദേഷ്യത്തോടെ ആ കുട്ടിയുടെ പുസ്തകങ്ങള്‍ വലിച്ചു പുറത്തിടുകയായിരുന്നു. അവര്‍ ഉറഞ്ഞുതുള്ളുകയാണ്. വസ്ത്രങ്ങളെല്ലാം വലിച്ച് പുറത്തെറിയുന്നു. പെണ്‍കുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നു. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായത് മറ്റൊരു കാര്യമാണ്. ആ കുട്ടിയുടെ ഇളയമ്മയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്. അയാള്‍ അവരുടെ വീട്ടില്‍ വരുമ്പോള്‍ ഈ പെണ്‍കുട്ടി ശല്യമാണ്. എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം. '

രണ്ടു ദിവസം കൂടി അയല്‍വാസിയായ ആ സ്ത്രീയുടെ വീട്ടില്‍ത്തന്നെ പെണ്‍കുട്ടിയെ താമസിപ്പിക്കാന്‍ ബീനയും സുഹൃത്തും പറഞ്ഞു. പെട്ടെന്ന് കുട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍.എന്താണ് വേണ്ടതെന്ന് ആലോച്ചിച്ച് ചെയ്യാമെന്നും അറിയിച്ചു. 'രണ്ടു ദിവസമല്ല, ഒരാഴ്ച വേണമെങ്കിലും താമസിപ്പിക്കാം. പക്ഷേ എന്റെ വീട്ടിലും അസൗകര്യങ്ങളുണ്ട്. അത് നിങ്ങള്‍ മനസ്സിലാക്കി വേണ്ടത് ചെയ്യണം. അയല്‍വാസിയായ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു ഐഡിയയുമില്ല. സ്‌കൂളില്‍ ചെന്ന് സ്റ്റാഫ് മീറ്റിങ്ങ് വിളിച്ച് വിവരം ധരിപ്പിച്ചു.'

പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്ന പല സ്ഥലങ്ങളിലും വിളിച്ചു നോക്കിയപ്പോളാണ് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല അതെന്ന് മനസ്സിലായതെന്ന് ബീന പറയുന്നു. പ്ലസ്ടു വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന ഹോസ്റ്റല്‍ ഇല്ലെന്നായിരുന്നു അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. എലത്തൂരിലുള്ള പ്രീ മെട്രിക് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ താമസിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു പിന്നീട്. ജില്ലാ കലക്ടറുടെ പ്രത്യേക അനുവാദത്തോടെ ഒരു വിധം താമസം തരപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും സാധനങ്ങളുമായി സ്വന്തം കാറില്‍ ബീന അവരെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി. പിന്നീട് അവള്‍ സ്‌കൂളിലേക്ക് വന്നത് ഹോസ്റ്റലില്‍ നിന്നായിരുന്നു.

കോഴ്‌സ് കഴിഞ്ഞ് അവളെ കാണാനിടയായപ്പോള്‍ വളരെ മാറ്റങ്ങള്‍ വന്നതായി ബീന പറയുന്നു. ഏതോ സ്വകാര്യ ആസ്പത്രിയില്‍ ജോലി കിട്ടിയതായി അവള്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ വിവാഹിതയായി. ഒരു കുട്ടിയുടെ അമ്മയായി. അവള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു, ' ടീച്ചര്‍ മുന്‍കൈ എടുത്തതുകൊണ്ട് എനിക്ക് നല്ലൊരു ജീവിതമുണ്ടായി.'

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ എത്ര ശ്രമിച്ചാലും അഴുക്കുചാലിലേക്ക് തന്നെ പോകുന്ന അനുഭവവും ഉണ്ടായതായി അവര്‍ ഓര്‍മിപ്പിക്കുന്നു. ' ഓപ്പണ്‍ സ്‌കൂള്‍ വഴി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയെ നല്ല ജീവിത സാഹചര്യങ്ങളിലേക്ക് കൊണ്ടുവരാന്‍ കുറേ ശ്രമിച്ചതാണ്. പ്രയാസപ്പെട്ടാണ് അവള്‍ക്ക് പ്ലസ്ടുവില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്തത്. വേണ്ട പ്രോത്സാഹനം നല്‍കിയാല്‍ കുട്ടി മുന്നോട്ട് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു അവള്‍ മുന്നോട്ട് പോയത്. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്റെ പിന്നാലെ കൂടിയ പൂവാലന്‍മാരെയെല്ലാം അവള്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ പലപ്പോഴായി ഉപദേശിച്ചു. സ്‌കൂളില്‍ പ്രിന്‍സിപ്പാളിന്റെ ഫോണിലേക്ക് അവളെത്തേടി പൂവാലന്‍മാര്‍ വിളിക്കുന്ന അവസ്ഥവരെയെത്തി. ഒരു ദിവസം കുട്ടിയുടെ അമ്മൂമ്മ എന്നെ വിളിച്ച്‌ പെണ്‍കുട്ടി തലേ ദിവസം രാത്രി വീട്ടിലെത്തിയിട്ടില്ലെന്ന് അറിയിച്ചു. അവള്‍ ഏതോ ഒരാളുടെ കൂടെ ഒളിച്ചോടിപ്പോകുകയായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നമ്മള്‍ ഏത്ര തന്നെ നല്ല സാഹചര്യമൊരുക്കിയാലും അവര്‍ പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകും'.

എല്ലാവരെയും രക്ഷിക്കാന്‍ കഴിയില്ലെങ്കിലും ചിലരെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് ബീന .