പീഡിപ്പിക്കാനായിരുന്നോ ഇത്തവണ വനിതകള്‍ക്കായി ഒരു ദിനം നല്‍കിയതെന്ന സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പീഡന കഥകളാണ് മാര്‍ച്ച് 8 ന് പുറംലോകമറിഞ്ഞത്. വയനാട്ടില്‍ യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് വിദ്യാര്‍ഥികള്‍ കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്തകളാണ് അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാളയാര്‍ അട്ടപ്പള്ളത്ത് രണ്ടുദിവസങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരും പീഡനത്തിനിരയായി. പുറംലോകമറിയാതെ പിച്ചിച്ചീന്തപ്പെടുന്ന പെണ്‍കുട്ടികള്‍ എത്രയോ പേര്‍.

കേരളത്തിലെ പല പ്രമുഖ കോളേജുകളിലെ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബുവിന്  ചില കാര്യങ്ങള്‍ പറയാനുണ്ട്- ' വൈദികന്‍ പീഡിപ്പിച്ച കേസില്‍ അയാളെ സംരക്ഷിച്ച വയനാട്  ചൈല്‍ഡ്‌  വെല്‍ഫെയര്‍ കമ്മിറ്റിയെ സര്‍ക്കാര്‍ പിരിച്ചുവിടുകയുണ്ടായി. ചെയര്‍മാന്‍ ഫാദര്‍ തേരകം, അംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരെയാണ് പുറത്താക്കിയത്. കോഴിക്കോട് ശിശുക്ഷേമ സമിതിക്കു വയനാടിന്റെ ചുമതല നല്‍കുകയും ചെയ്തു. ശിശുവിനെ എത്തിച്ച കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചില്ലെന്ന കുറ്റമാണ് സിസ്റ്റര്‍ ഒഫീലിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഏറ്റെടുത്താല്‍ 24 മണിക്കൂറിനകം ശിശുക്ഷേമസമിതിക്ക് വിവരം നല്കണമെന്നാണ് നിയമം.ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ റൂള്‍ 18 പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപനത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ് സിസ്റ്റര്‍ ചെയ്തതെന്നതാണ് ആരോപണം.ഇതൊക്കെത്തന്നെയാണ് മറ്റു പലസ്ഥാപനങ്ങളിലും നടക്കുന്നത്.'

കല തുടരുന്നു, "വാസ്തവത്തില്‍ രണ്ടു വര്‍ഷം മുമ്പേ കാലാവധി പൂര്‍ത്തിയായി പിരിച്ചുവിടേണ്ട വെല്‍ഫെയര്‍ കമ്മിറ്റികളാണ് ഇന്ന് കേരളത്തിലെ പല ജില്ലകളിലും പ്രവര്‍ത്തിക്കുന്നത്. തലപ്പത്തിരിക്കുന്നവരാകട്ടെ  സക്രിയമായി ഒന്നും ചെയ്യാന്‍ കഴിവില്ലാതെ കൈയും കെട്ടി നോക്കിനില്‍ക്കുന്നവരും പ്രതികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നവരും. പിരിച്ചു വിട്ട വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഇനി എന്നാണ് ഉത്തരവാദിത്തമുള്ള അംഗങ്ങള്‍ വരുന്നത്? കൊട്ടിയൂര്‍ പീഡനം വരെ നോക്കിനില്‍ക്കണമായിരുന്നോ സര്‍ക്കാരിന് ഇത്തരമൊരു നടപടി എടുക്കാന്‍?"

kala shibu
കല ഷിബു

കല ഇവിടെ സൂചിപ്പിക്കുന്നത് ഏകദേശം പതിനഞ്ചു വര്‍ഷത്തോളമായി താന്‍ കണ്ടുകൊണ്ടിരിക്കുന്ന പീഡനകഥകളുടെ പിന്നാമ്പുറം മാത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു പോലൊരു കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു നടപടിയും എടുക്കാതെ നിസ്സംഗരായി നോക്കിനിന്ന അനുഭവം വിവരിക്കുകയാണ് കല ഷിബു ഇവിടെ,

'പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാത്തതിനെപ്പറ്റി പറയുന്നു..എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ..കൊല്ലത്തെ ഒരു പെണ്‍കുട്ടി നാല് വര്‍ഷം മുന്‍പ് എന്റെ അടുത്തെത്തി..അവളുടെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു കൊണ്ട് വന്നതാണ്..പ്രായം അറിയിച്ചതിന്റെ അടുത്ത ദിവസം മുതല്‍ അച്ഛന്‍ അവളെ ശരീരത്തില്‍ അനാവശ്യമായി തൊടുന്നു.

'അമ്മ ഉറങ്ങി കഴിഞ്ഞാണ് അതേ മുറിയില്‍ കിടക്കുന്ന തന്റെ അടുത്ത് അച്ഛന്‍ വരുന്നത്..'എനിക്ക് ഭയമാകുന്നു ടീച്ചറെ..എനിക്കെന്റെ അച്ഛന്റെ കൂടെ കിടക്കാന്‍ പറ്റില്ല', എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അവളെ ഞാന്‍ ചേര്‍ത്ത് പിടിച്ചു.. അമ്മയെ വിളിച്ചു സാവധാനത്തില്‍ മകളുടെ മുന്നില്‍ വെച്ച് തന്നെ ഞാന്‍ കാര്യം അവതരിപ്പിച്ചു..

വൈരാഗ്യം മുറ്റിയ കണ്ണുകളോടെ അവര്‍ മകളെ നോക്കി..എന്നിട്ട് എന്നോട് പറഞ്ഞു. 'നിങ്ങള്‍ മുന്‍പ് പിടിച്ച കേസ് , അതിലെ പ്രതികള്‍ ഇന്നെവിടെ? നിങ്ങള്‍ സുരക്ഷിതമായി താമസിപ്പിച്ച കുട്ടികള്‍ നിന്ന സ്ഥലത്തു എത്ര  സുരക്ഷിതത്വം ഉണ്ടെന്നു നിങ്ങള്‍ക്കറിയാമോ..? അതിലും ഒക്കെ ഭേദം ഇതാ..അങ്ങേരു ഉണ്ടാക്കിയതല്ലേ?..അങ്ങേരു അനുഭവിക്കട്ടെ...അയാളെ പിടിച്ചു ജയിലില്‍ ഇട്ടാല്‍ എന്റെ ബാക്കി മക്കളും ഞാനും അനാഥമാകും..'' എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു.

'എനിക്ക് പറ്റില്ല ടീച്ചറെ, എന്നെ രക്ഷിക്കൂ' എന്ന് കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു സ്‌കൂള്‍ അധികൃതരെയും പി.ടി.എ യും അറിയിച്ചു.അന്നത്തെ ഹെഡ് മിസ്ട്രസ് ഒരു സ്ത്രീ ആയതിനാലാകും..അവര്‍ അത് ചെവിക്കൊണ്ടില്ല...എന്ന് മാത്രമല്ല എതിരായി നില്‍ക്കുകയും ചെയ്തു.

പി.ടി.എ യിലെ ഒരംഗം എന്റെ കൂടെ നിന്നു.പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാല്‍ അദ്ദേഹത്തിനും വിലക്കുണ്ടായി.സ്വന്തം സമുദായത്തില്‍പ്പെട്ട ആളെന്ന നിലയ്ക്കും..പരിമിതികള്‍ ഉണ്ടായി. ഇത്രയും ആയപ്പോള്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കി.

നട്ടെല്ലില്ലാത്ത ആ സംവിധാനം അവിടെയും കളിച്ചു. ആക്ടിവിസ്‌റ് പാര്‍വതി ചേച്ചിയെ എനിക്കറിയില്ല. പക്ഷെ അവരുടെ നമ്പര്‍ അന്ന് എങ്ങനെയോ എന്റെ കൈയിലെത്തി.. അവരോടു വിളിച്ചു നിയമവും വ്യവസ്ഥിതിയും ഒന്നും നോക്കാതെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു..അതുപോലെ തന്നെ അറിയാവുന്ന പലരോടും. പാര്‍വ്വതിചേച്ചി പരമാവധി ശ്രമിച്ചിട്ടും അവിടെയും ഒന്നും നടന്നില്ല.

പോലീസ് അധികാരികളോട് സംസാരിച്ചു..പിന്നെ വിളിച്ചിട്ടു ആരും ഫോണ്‍ എടുത്തില്ല.

'സ്‌നേഹം കൊണ്ട് പറയുകയാണ് , ആവശ്യമില്ലാത്ത പ്രശ്‌നത്തിന് പോകരുത്' - ഈ താക്കീത് അല്ലാതെ ഒന്നും കിട്ടിയില്ല.  

 പി.ടി.എയിലെ ആ അംഗം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു..'നമുക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു വിടാം ..അല്ലാതെ ഒന്നും വയ്യ'.

വീട്ടിലും 'മതി നിര്‍ത്ത്..'എന്ന ശാസന ആയതോടെ ഞാന്‍ നിസ്സഹായയായി. എന്നിട്ടും ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടുകൊണ്ടേയിരുന്നു. സമ്മതിക്കരുതെന്നു പറഞ്ഞുകൊണ്ടേയിരുന്നു. 

പതുക്കെ അവളെന്റെ അടുത്ത് വരാതായി. പിന്നെ അവളെ കാണുമ്പോള്‍ തിളങ്ങുന്ന പട്ടു കുപ്പായവും ചെരുപ്പും ഒക്കെ ഉണ്ടായിരുന്നു..''അച്ഛന്‍ വാങ്ങി തന്നത്.." പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ അവള്‍ നടന്നു.

സ്‌കൂളില്‍ നിന്നവള്‍ എങ്ങോട്ടോ..എനിക്കറിയുകയും വേണ്ട.

ഇത് ആ നാട്ടിലെ പലര്‍ക്കും ഇന്നും അറിയാം. ഒരോ കേസ് നടക്കുമ്പോളും ജന വികാരം ആളിക്കത്തും. പിന്നെ അതിന്റെ കനല്‍ പോലും ഇല്ല.. പ്ലാറ്റ്‌ഫോം പ്രഹസനങ്ങള്‍ മാത്രമാകുന്നു...ഈ പ്രസംഗങ്ങള്‍ എല്ലാം !  

കല ഇവിടെ പറഞ്ഞുനിര്‍ത്തുന്നു.

ഇതുപോലെയുള്ള നിരവധി അനുഭവങ്ങള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപവത്കരിക്കപ്പെട്ടത് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് 2000 പ്രകാരമാണ്. ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതിയാണ് കമ്മിറ്റി ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഇത്തരം കമ്മിറ്റികള്‍ ആണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളതെന്ന് ഓര്‍മിപ്പിക്കുകയാണ് ഇത്തരം സംഭവങ്ങള്‍. 

യത്തീംഖാനയിലെ സംഭവത്തില്‍ 2016 ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ പീഡനത്തിരയാകുന്നുണ്ടെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ഥിനിയെ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതികള്‍ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സഹപാഠിയെ കാണാതായപ്പോള്‍ കൂടെയുണ്ടായിരുന്ന നാലുപേരും അകത്തേക്കു കയറുകയും പീഡനത്തിനിരയാകുകയും ചെയ്തു. ഇത്തരം പ്രലോഭനങ്ങള്‍ക്ക് അടിമകളാകരുതെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?