കേരളത്തിലെ പല പ്രമുഖ സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായി പ്രവര്‍ത്തിച്ച കല ഷിബു പങ്കുവെക്കുന്ന അനുഭവങ്ങളാണ് ഇത്‌. ഇത്തരം വെളിപ്പെടുത്തലുകളില്‍ നിന്നും സമൂഹത്തില്‍ ഒരു ചെറിയ അനക്കമുണ്ടായെങ്കില്‍ ....

നുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാതെ പോയതുകൊണ്ട് സംഭവിച്ച നടുക്കുന്ന ഒരു സംഭവം. മയക്കുമരുന്നിന്റെ ഉപയോഗം തലച്ചോറിലുണ്ടാക്കുന്ന വിഭ്രാന്തിയില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകളെ ഏതു വാക്കുകള്‍ കൊണ്ട് വിവരിക്കും?

കൊല്ലത്ത് 'അമ്മച്ചി വീട്' മെന്റല്‍ ഹോസ്പിറ്റലില്‍ നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഓര്‍മകളാണ് കലയുടെ മനസ്സില്‍. പാവപ്പട്ട കുടുംബത്തിലെ ഒരമ്മ സ്വന്തം മകനെ കൊന്ന കഥ പറയുകയാണ് അവര്‍, 'ഡി.വൈ.എസ്.പി എന്നെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഞാന്‍ ആ സ്ത്രീയെ കാണാന്‍ ജയിലില്‍ പോകുന്നത്. അവര്‍ സംസാരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്റെ മനസ്സില്‍ ആകെ ഒരു അങ്കലാപ്പ്! കൊലപാതകം നടന്നിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളു.  ഞാന്‍ ജയിലില്‍ ചെന്നപ്പോള്‍ അവര്‍ നിസ്സംഗഭാവത്തില്‍ ഇരിക്കുകയാണ്.'

kala shibu
കല ഷിബു

ഞാന്‍ അവരോട് ഇങ്ങനെ പറഞ്ഞു,' ഞാന്‍ ഒരു സൈക്കോളജിസ്റ്റാണ്. എന്താണ് സംഭവിച്ചതെന്ന് പറയാമോ?'. 

അവര്‍ എന്തെങ്കിലും പറയുമോ? എനിക്ക് സംശയമായിരുന്നു. പക്ഷേ അവര്‍ പതുക്കെ പറയാന്‍ തുടങ്ങി......എന്നെ നോക്കിയല്ലെന്ന് മാത്രം. എങ്ങോട്ടോ നോക്കി .........

നിര്‍ദ്ധന കുടുംബത്തിലെ അംഗമായിരുന്നു അവര്‍. ഭര്‍ത്താവിന് കൂലിപ്പണിയായിരുന്നു. അവരുടെ മകന്‍ വളരെ ബുദ്ധിമാനായിരുന്നു. പഠനത്തില്‍ മിടുക്കന്‍. അദ്ധ്യാപകരുടെ കണ്ണിലുണ്ണി. അങ്ങനെയൊരു മകനെ പഠിപ്പിച്ചാല്‍ കുടുംബം രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ ആ അമ്മയ്ക്കും അച്ഛനും നല്‍കിയത് അദ്ധ്യാപകര്‍ തന്നെ. അവന്‍ പ്ലസ്ടുവില്‍ നല്ല മാര്‍ക്കോടുകൂടി വിജയിച്ചു. എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷനും കിട്ടി. നാട്ടില്‍ നല്ല നടപ്പാണ്. പക്ഷേ പെട്ടെന്ന് സ്വഭാവത്തിലൊക്കെ ഒരു മാറ്റം. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അമ്മ കൊല്ലത്തെ എസ്.പിയെ ചെന്നു കണ്ടു. തന്റെ സങ്കടം പറഞ്ഞു, 'അവന് ആരൊക്കെയോ മയക്കുമരുന്ന് നല്‍കുന്നുണ്ട്. സാര്‍, എന്റെ മകനെ രക്ഷിക്കണം' . 

ശാന്തനായിരുന്ന കുട്ടി താമസിയാതെ അക്രമാസക്തനായി മാറി. പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയതോടെ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. അവനെ 'അമ്മച്ചിവീട്' മെന്റല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ഡോ.ക്രിസ്റ്റിയുടെ കീഴില്‍ ചികിത്സ ആരംഭിച്ചു. 

ഏതാണ്ട് മൂന്ന് മണിക്കൂറോളം ആ അമ്മ കഥ പറയുകയായിരുന്നു. ആരുടെയും മുഖത്തേക്കു നോക്കാതെ......

അമ്മ തുടര്‍ന്നു, 'ആസ്പത്രിയിലേക്ക് പോയപ്പോള്‍ ഞാന്‍ കൂടെ പോയില്ല.....ഇവന്‍ ഇങ്ങനെ പോയാല്‍ ആരെങ്കിലും അവനെ തല്ലിക്കൊല്ലും. എന്റെ മകനെ ആരും കൊല്ലണ്ട. ഞാന്‍ കടയില്‍പ്പോയി കത്തി വാങ്ങിക്കൊണ്ടു വന്നു. മെന്റല്‍ ഹോസ്പിറ്റലില്‍ എത്തി. കട്ടിലില്‍ രണ്ടു കൈയും കാലും കെട്ടി ഉറങ്ങാനുള്ള മരുന്നും കൊടുത്ത് കിടത്തിയതായിരുന്നു എന്റെ മകനെ. ഞാന്‍ നോക്കിയപ്പോള്‍ ഭര്‍ത്താവ് പുറത്ത് കട്ടിലില്‍ ഉറങ്ങുന്നു. പതുക്കെ മകന്റെ അടുത്തു ചെന്നു. നെറ്റിയില്‍ ഉമ്മ കൊടുത്തു. പുതപ്പെടുത്തു ശരീരം മൂടി. പുതപ്പിനടിയില്‍ക്കൂടി എന്റെ മകന്റെ കഴുത്തില്‍ കത്തി കയറ്റി.....കഴുത്തറുത്ത് ഞാന്‍ അവനെ കൊന്നു. എന്നിട്ട് പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങി'

കല താന്‍  കേട്ട ഞെട്ടിപ്പിക്കുന്ന അനുഭവത്തില്‍ നിന്നും മുക്തയാകാതെ തുടരുന്നു 'എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇറങ്ങാന്‍ നേരത്ത് എത്ര ആലോചിച്ചിട്ടും എനിക്ക് എന്തോ പൂര്‍ണത തോന്നിയില്ല. എവിടെയോ എന്തോ .....ആ അമ്മ എന്തിനിത് ചെയ്തു?.....

ഒടുവില്‍  ആ അമ്മയില്‍ നിന്നു തന്നെ അത് ഞാന്‍ കേട്ടു, ' ലോകത്ത് ഒരു അമ്മയ്ക്കും സ്വന്തം മകന്റെ കൂടെ കിടക്കേണ്ട അവസ്ഥ ഉണ്ടാകരുത്. എനിക്കുണ്ടായത് അതാണ്. അവന് അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാതായിപ്പോയി'

ആ അമ്മയുടെയും മകന്റെയും കഥ ഇവിടെ നിര്‍ത്തട്ടെ. കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പീഡനവും മയക്കുമരുന്നു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്താണ് താന്‍ ജോലി ചെയ്തതെന്ന് പറയുന്ന കല താന്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തുന്നത്. 'സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണ്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ കൈയില്‍ മയക്കുമരുന്നിന്റെ പാക്കറ്റ് കൊടുത്ത് ഹൈസ്‌കൂളിലെ കുട്ടികളില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തീരദേശത്തുള്ള സ്‌കൂളായിരുന്നു അത്. രാവിലെ തന്നെ കണ്‍മഷി കൊണ്ട് കണ്ണെഴുതി ഉന്മാദാവസ്ഥയില്‍  ക്ലാസിലിരിക്കുന്ന കുട്ടികള്‍. 

വളരെ നന്നായി പഠിക്കുന്ന കുട്ടികളാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് കല പറയുന്നു. 'ഇത്തരം കാര്യങ്ങള്‍ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതെല്ലാം വെറും തോന്നല്‍ മാത്രമാണെന്നും അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും പറഞ്ഞ് അവര്‍ ഒരു നടപടിയുമെടുക്കാതെ എന്നെ തിരിച്ചയക്കുകയായിരുന്നു. എല്ലാ സ്‌കൂള്‍ പരിസരത്തും പെട്ടിക്കടകളുണ്ട്. കഞ്ചാവ് ഉപയോഗിച്ചവരുടെ മൊത്തം റിപ്പോര്‍ട്ട് ശേഖരിച്ച് ബന്ധപ്പെട്ട അധികാരികളെ ഞാന്‍ വിവരം അറിയിച്ചിരുന്നു. ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല'.

കാമം മൂലമല്ല ഇവിടെ മകന്‍ അമ്മയെ ലൈംഗികോപകരണമായി കണ്ടതെന്ന് കല ഓര്‍മിപ്പിക്കുന്നു. 'മനുഷ്യന് മനുഷ്യനെ തിരിച്ചറിയാന്‍ കഴിയാത്തതിനു പിന്നില്‍ മയക്കു മരുന്നിന്റെ ഉപയോഗം തന്നെയാണ്. ഇതുപയോഗിക്കുമ്പോള്‍ തലച്ചോറില്‍ ഒരുതരം വിഭ്രാന്തിയാണ്. സ്‌കൂളില്‍ വെച്ച് ഞാന്‍ നേരിട്ടു മനസ്സിലാക്കിയതാണ് ഇത്. മയക്കുമരുന്നും കഴിച്ച് യുട്യൂബില്‍ പോണ്‍ വീഡിയോയും കണ്ട് ക്ലാസില്‍ വന്നിരിക്കുന്ന കുട്ടികള്‍ക്ക് പഠിപ്പിക്കാന്‍ ചെല്ലുന്ന അദ്ധ്യാപകര്‍ ഒരിക്കലും അദ്ധ്യാപകരല്ല; വെറും സെക്ഷ്വല്‍ ഓബ്ജക്റ്റുകള്‍ മാത്രമാണ്.

നടപടിയെടുക്കേണ്ട അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കാതെ മയങ്ങിയിരിക്കുന്നവരെ ഉണര്‍ത്താന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണം. നിയമത്തിനേക്കാള്‍ 'നിയമ പഴുതുകള്‍' ആണ് ഇന്നുള്ളത്. 'ലൂപ് ഹോള്‍സ്' അത്ര മാത്രം ശക്തമാണ്. സൗമ്യ വധക്കേസില്‍ സംഭവിച്ചതെന്താണ്? ഗോവിന്ദച്ചാമിക്ക് ആളൂര്‍ എന്ന വക്കീലിനെ നിയോഗിച്ച് കേസ് നടത്താന്‍ കഴിയില്ല. ഇതിനു പിന്നിലുള്ള മാഫിയകളാണ് കഞ്ചാവും മയക്കു മരുന്നുകളും മുകളില്‍ നിന്ന് താഴേക്ക് എത്തിക്കുന്നത്. യഥാര്‍ഥത്തില്‍ ആരാണ് ഇവിടെ നീതി നടപ്പിലാക്കേണ്ടത്?