2006-07 കാലഘട്ടങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തലായിരുന്നു റഫീഖിന്റെ പരിപാടി. ഇതോടൊപ്പം മറ്റു സംഘങ്ങള്‍ കടത്തി കൊണ്ടു വരുന്ന സ്പിരിറ്റ് വാഹനങ്ങള്‍ തട്ടിയെടുത്ത് സ്പിരിറ്റ് മറിച്ചു വില്‍ക്കുകയും വാഹനം കര്‍ണാടകയില്‍ കൊണ്ടു പോയി വില്‍ക്കുന്നതും റഫീഖിന്റെ രീതിയായിരുന്നു. ഒരിക്കല്‍ കേരളത്തിലേക്ക് സ്പിരിറ്റുമായി വരികയായിരുന്ന വാഹനം തട്ടിയെടുത്ത റഫീഖ് ഉടമസ്ഥനെ വിളിച്ചു വരുത്തി 40,000 രൂപ വാങ്ങിയ ശേഷമാണ് വാഹനം വിട്ടു കൊടുത്തത്. പണം കിട്ടും വരെയുള്ള ഉറപ്പിനായി ഇയാളുടെ ബൈക്കും അന്ന് റഫീഖ് വാങ്ങി വച്ചു. 

കാലിയയുടെ ഈ സാഹസികപ്രവൃത്തികളില്‍ ആവേശം പൂണ്ട പ്രദേശത്തെ ലോക്കല്‍ ഗുണ്ടകള്‍ ഒരിക്കല്‍ സമാനമായ രീതിയില്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുകയായിരുന്ന ലോറി പിടിച്ചെടുത്തു. എന്നാല്‍ തട്ടിയെടുത്ത സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ തക്ക ബന്ധങ്ങളൊന്നും ഈ പിള്ളേര്‍സെറ്റിനില്ലായിരുന്നു. കൈവശമുള്ള സ്പിരിറ്റ് വണ്ടി ഒളിപ്പിച്ചു വച്ച ശേഷം സ്പിരിറ്റ് വാങ്ങാനൊരാളെ തപ്പി ഇവര്‍ അന്വേഷണം തുടങ്ങി. നാട്ടിലെ കുറച്ച് ചെറുപ്പക്കാര്‍ സ്പിരിറ്റ് വില്‍ക്കാന്‍ ആളെ തേടുന്ന കാര്യം വൈകാതെ കാലിയ അറിഞ്ഞു. യുവാക്കളുടെ താവളത്തിലെത്തിയ കാലിയ സ്പിരിറ്റ് വണ്ടി കസ്റ്റഡിയിലെടുത്തു, പിന്നീട് സ്പിരിറ്റും വണ്ടിയും കര്‍ണാടകയില്‍ വിറ്റു കാശാക്കി. 

kaliya rafeeq

മറ്റൊരിക്കല്‍ മഞ്ചേശ്വരത്തെ ഒരു പ്രമുഖ വസ്ത്രവ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ കാലിയ റഫീഖ് ശ്രമിച്ചു. ഇയാളുടെ വസ്ത്രസ്ഥാപനത്തില്‍ നേരിട്ടെത്തിയായിരുന്നു റഫീഖിന്റെ ഭീഷണി. കടയുടമയുടെ പരാതി പ്രകാരം പോലീസ് റഫീഖിനെ കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍നടപടികള്‍ക്കായി വ്യാപാരിയെ വിളിപ്പിച്ചപ്പോള്‍ അയാള്‍ കാലുമാറി. തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു അയാളുടെ നിലപാട്, അത്രയ്ക്ക് ശക്തമായിരുന്നു ജയിലിന് അകത്തും പുറത്തും കാലിയക്കുള്ള സ്വാധീനം. 

മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലെ വ്യവസായികളുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു കാലിയ റഫീഖ്. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും, സ്വര്‍ണ്ണവ്യാപരികളുമായിരുന്നു ഇയാളുടെ പ്രധാനഇരകള്‍. ഇവരില്‍ പലരേയും കാലിയ ഭീഷണിപ്പെടുത്തുകയും പണവും, സ്വര്‍ണ്ണവും കവരുകയും ചെയ്തു. എന്നാല്‍ ഇതൊന്നും പോലീസില്‍ പരാതിയായി എത്തിയില്ല. ഹവാല-കള്ളപ്പണ ബന്ധമുള്ള കച്ചവടക്കാരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച് അവരെ കൊള്ളയടിക്കുന്നതിലും ഇയാള്‍ പ്രത്യേക വിരുത് കാട്ടി കാലിയ റഫീഖിന്റെ നേതൃത്വത്തില്‍ നടന്ന പല കവര്‍ച്ചകളും പുറത്ത് വരാതിരിക്കാന്‍ ഒരു കാരണം ഇതാണ്. തസ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു കാലിയയുടെ മറ്റൊരു പരിപാടി. 

കാലിയ റഫീഖ്: മരിച്ചിട്ടും ബാക്കിയാവുന്ന കുടിപ്പക......

മണിമുണ്ട ബപ്പായിതൊട്ടിയിലാണ് കാലിയ റഫീഖ് ജനിച്ചു വളര്‍ന്നത്. അബ്ബാസ് എന്ന ഗുണ്ടയുടെ കൈയാളായിട്ടായിരുന്നു രംഗപ്രവേശനം. പിന്നീട് ചില വര്‍ഗ്ഗീയ കലാപകേസുകളും, കൊലപാതകങ്ങളിലും പ്രതിയായി കാലിയ ജയിലിലായി. ജയില്‍ വാസത്തിനിടെ പലതരം കുറ്റവാളികളെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതോടെയാണ്  കൊടും കുറ്റവാളിയായുള്ള കാലിയ റഫീഖിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. 

പുതിയ കൂട്ടാളികളും ബന്ധങ്ങളും ആയതോടെ കാലിയ ഒരു ഗ്യാംഗ് ലീഡറായി മാറാനാരംഭിച്ചു. കേസുകളുടെ എണ്ണം കൂടിയതോടെ അതിന്റെ നടത്തിപ്പിനായി മേഖലയിലെ വ്യാപരികളെ ഭീഷണിപ്പെടുത്തി ഹഫ്ത പിരിവ് തുടങ്ങി. വൈകാതെ റഫീഖിനെതിരെയും ഗ്യാംങ്ങുകള്‍ രൂപപ്പെട്ടു.ജയില്‍ വാസത്തിനിടെ പരിചയപ്പെട്ട ടിഎച്ച് റിയാസാണ് പിന്‍ക്കാലത്ത് കാലിയ റഫീഖിന്റെ മുഖ്യകൂട്ടാളിയായി. കഞ്ചാവ് കടത്തും വാഹനമോഷണവുമായിരുന്നു റിയാസിന്റെ പ്രധാനമേഖലകള്‍. കാസര്‍കോട്ടെ കഞ്ചാവ് വിപണയുടെ മുഖ്യപങ്കും ഇന്നും റിയാസിന്റെ കൈയിലാണ്. കാലിയ  ഒളിവില്‍ പോവുകയോ, ജയിലില്‍ പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പുറത്ത് നിന്ന് അയാളുടെ താത്പര്യങ്ങള്‍ നടപ്പാക്കുന്നത് റിയാസാണ്. 

മുത്തലീബിനെ കൊല്ലാന്‍ കാലിയ റഫീഖിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് വ്യക്തമല്ല സ്ത്രീ വിഷയവും, ബ്ലാക്ക് മെയിലിംഗും തുടങ്ങി പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. മണല്‍കടത്തില്‍ സഹായിയായ ഷംസൂദ്ദിനൊപ്പം ചേര്‍ന്നാണ് റഫീഖ് മുത്തലിബിനെ വധിച്ചത്. മുത്തലിബ് വധത്തിന് ശേഷം ആദ്യം മുംബൈയിലേക്കാണ് റഫീഖ് രക്ഷപ്പെട്ടത്. ഇയാളെ പിന്തുടര്‍ന്ന മുംബൈ പോലീസ് പിന്നാലെ എത്തിയെങ്കിലും പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ റഫീഖ് അവിടെ നിന്ന് രക്ഷപ്പെട്ടു. 

മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു ഇയാളുടെ യാത്ര. എന്നാല്‍ മുംബൈ പോലീസില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതോടെ റഫീഖിനെ പിടികൂടാനായി കേരള പോലീസ് തന്നെ കളത്തിലിറങ്ങിയിരുന്നു. റഫീഖ് ഡല്‍ഹിക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നുള്ള ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ ഡല്‍ഹിക്ക് തിരിച്ചു. പക്ഷേ കേരള പോലീസ്  ഡല്‍ഹിയില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ ഇയാള്‍ രാജസ്ഥാനിലെ അജ്മീറിലേക്ക് കടന്നു. റഫീഖിനെ പിടികൂടണം എന്ന വാശിയില്‍ കേരള പോലീസ് സംഘവും അജ്മീറിലേക്ക് തിരിച്ചു. പിറ്റേന്ന് രാവിലെ അജ്മീറിലെത്തിയ പോലീസ് സംഘം അന്ന് ഉച്ചയോടെ റഫീഖിനേയും കൂട്ടുപ്രതിയായ ഷംസൂദ്ദീനേയും കണ്ടെത്തി. തന്റെ ഉത്തരേന്ത്യന്‍ ബന്ധങ്ങളുപയോഗിച്ച് അജ്മീറിലെ ഒളിത്താവളത്തിലായിരുന്നു റഫീഖ് അഭയം പ്രാപിച്ചിരുന്നത്. എങ്കിലും കേരള പോലീസ് റഫീഖിനെ അതിസാഹസികമായി കീഴടക്കി. 

പൊതുജനങ്ങള്‍ക്ക് വലിയ ഭീകരനും ക്രിമിനലുമായിരുന്നെങ്കിലും പോലീസുകാരുടെ മുന്നില്‍ റഫീഖ് തികഞ്ഞ മര്യാദക്കാരനായിരുന്നുവെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ ഓര്‍ക്കുന്നു. എന്നാല്‍ അക്ഷരഭ്യാസമോ  ലോകവിവരമോ ഇല്ലാത്ത റഫീഖിനെ അയാളുടെ കൂട്ടാളികള്‍ ഒരു അധോലോകനേതാവായാണ് വാഴ്്ത്തിയത്, ആ വിശേഷണത്തില്‍ റഫീഖ് അഭിമാനം കൊള്ളുകയും ചെയ്തു. ഈ അണ്ടര്‍വേള്‍ഡ് ഡോണ്‍ ഇമേജ് കൊണ്ടാവാം പിന്നീട് ഒരു എസ്‌ഐയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ തക്ക ധൈര്യം റഫീഖിനുണ്ടായതെന്ന് ഇയാളെ അറസ്റ്റ് ചെയ്ത ഒരു പോലീസുദ്യോഗസ്ഥന്‍ ഓര്‍ക്കുന്നു. 

2010-ന് ശേഷം റഫീഖിനെതിരെ പരാതി നല്‍കുവാന്‍ പലരും ധൈര്യം കാണിച്ചു. അന്‍പതോളം കേസുകളില്‍ പ്രതിയായതോടെ എതിരാളികളേയും പോലീസിനേയും  ഒരു പോലെ ഭയക്കേണ്ട അവസ്ഥയായി  റഫീഖിന്. മുന്‍ക്കാലത്തെ പോലെ പണം പിരിക്കാനും തട്ടിയെടുക്കാനുമൊക്കെ സാധിക്കാതെ വന്നപ്പോള്‍ മണല്‍ കടത്താനും നികുതി വെട്ടിച്ച് കോഴി കടത്താനും റഫീഖും സംഘവും ഇറങ്ങി. റഫീഖിനെ വകവരുത്താനായി ഒരിക്കല്‍ എതിരാളികള്‍ ഒരു ഗുണ്ടയെ തോക്കും നല്‍കി പറഞ്ഞയച്ചു. അയാളെ കീഴ്‌പ്പെടുത്തിയ റഫീഖ് തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. തന്നെ കൊല്ലാനെത്തിയ ആളേയും അയാളുടെ കൈവശമുള്ള തോക്കും കൈമാറാമെന്നും അറിയിച്ചു. എന്നാല്‍ നേരില്‍ കണ്ട് സംസാരിക്കണമെന്ന പോലീസിന്റെ നിലപാട് അയാളെ കുഴക്കി. ഒടുവില്‍ കാസര്‍കോട്ടെ ഒരു ലോക്കല്‍ ചാനലില്‍ തന്നെ കൊല്ലാനെത്തിയവനുമായി റഫീഖ് പ്രത്യക്ഷപ്പെട്ടു.

(തന്നെ വധിക്കാന്‍ ശ്രമിച്ച ആള്‍ക്കൊപ്പം കാലിയ ഒരു പ്രാദേശിക ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കാലിയ വധക്കേസില്‍ ഇപ്പോള്‍ പോലീസ് സംശയിക്കുന്നവരില്‍ ചിലരുടെ പേരുകള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.​)

(തുടരും)