അമ്മമനസ്സിന്റെ വേദനയില്‍ ചുട്ടുപൊള്ളാത്തവര്‍ ആരുണ്ട്?  മകന്‍ നഷ്ടപ്പെട്ട വേദനയില്‍ അവന്റെ സഹപാഠികളെ അടുത്തിരുത്തി മടിയില്‍ തലവെച്ച് കിടന്ന ജിഷ്ണുവിന്റെ അമ്മയുടെ ചിത്രം നാം മറന്നിട്ടില്ല. ഏക മകന്റെ വിയോഗത്തില്‍ കരഞ്ഞ് തളര്‍ന്നപ്പോളും ഈ അമ്മ ആഗ്രഹിച്ചത് ഇനി ഒരു അദ്ധ്യാപകനില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും ഇങ്ങനെ ഒരു ക്രൂരമായ അനുഭവം ഉണ്ടാകരുതെന്നായിരുന്നു. നീതിക്കായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും പരാതി നല്‍കി കാത്തിരുന്ന ഈ അമ്മയെ തല്ലിച്ചതച്ചത് ശരിയാണോ?  

'ഇതാണോ പ്രബുദ്ധ കേരളം?'

അഡ്വ. മായ . വി  (വനിത കമ്മീഷന്‍, ലീഗല്‍ അഡ്വക്കേറ്റ് )

Maya 'തുടക്കം മുതല്‍ ആത്മഹത്യയായി ചിത്രീകരിച്ച് ഒതുക്കാന്‍ ശ്രമിച്ച കേസാണിത്. ഈ കേസില്‍ കൃഷ്ണദാസിന് കിട്ടിയിരിക്കുന്നത് മുന്‍കൂര്‍ ജാമ്യമാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കപ്പെടുന്ന കേസുകളില്‍ ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ല. ഇവിടെ ഉന്നതങ്ങളില്‍ പിടിപാടുള്ളവരാണ് ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നത്. 

ജിഷ്ണുവിന്റെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് അവരുടെ ഒരേയൊരു മകനാണ്. അവര്‍ ഇത്തരത്തില്‍ പ്രതികരിക്കും. അങ്ങനെ പ്രതിഷേധിച്ച ഒരമ്മയ്‌ക്കെതിരെ ഇതുപോലെയൊരു അതിക്രമം നടത്തുന്നത് തെറ്റാണ്.   

ഒരു പീഡനക്കേസ് വന്നാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് മറ്റുള്ള കേസുകളുടെയും വിധി നിര്‍ണയിക്കപ്പെടുന്നത്. അതുപോലെത്തന്നെയാണ് ഇത്തരം കേസുകളിലും ഇനി നടക്കാന്‍ പോകുന്നത്. പ്രതികരണ ശേഷി തീര്‍ത്തും ഇല്ലാതാക്കാന്‍ വേണ്ടി  സര്‍ക്കാര്‍ തന്നെ ചെയ്യുന്ന നടപടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് പറയാനുള്ള സ്വാതന്ത്രൃം ഇല്ലെങ്കില്‍ ഇവിടെ എന്ത് മനുഷ്യാവകാശമാണുളളത്? സാധാരണക്കാരനായ ഒരാളാണ് പ്രതിയെങ്കില്‍ അയാള്‍ക്ക് ഇതുപോലെ സംരക്ഷണം കിട്ടുമോ? നീതി നടപ്പാക്കേണ്ടവര്‍ തന്നെ അത് മുളയിലേ നുള്ളിക്കളയുകയാണ്. 

ഒരു വശത്ത് സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമങ്ങളും വെല്‍ഫെയര്‍ കമ്മിറ്റികളും . മറുവശത്ത് ഇതു പോലെയുള്ള അതിക്രമങ്ങള്‍. ഇതാണോ പ്രബുദ്ധ കേരളം? ഇവിടെ ശക്തമായ ഭാഷയില്‍ നമ്മള്‍ പ്രതികരിക്കണം. ജിഷ്ണുവിന്റെ അമ്മയുടെ പ്രായവും ആരോഗ്യസ്ഥിതിയും മാനസിക വേദനയും കണക്കിലെടുത്താല്‍ അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതില്‍ ഒരു തെറ്റുമില്ല.

ആ അമ്മയ്ക്ക് ആരാണ് നീതി കൊടുക്കുക..?

കല ഷിബു ( കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ) 
Kala 'ജിഷ്ണുവിന്റെ അമ്മയുടെ മുഖം സ്‌ക്രീനില്‍ വരുമ്പോഴൊക്കെ കണ്ണ് മാറ്റും...വിങ്ങി പൊട്ടുന്ന മുഖം സഹിക്കാനാവില്ല.. ആ അമ്മയ്ക്ക് ആരാണ് നീതി കൊടുക്കുക..? വളരെ ശക്തമായ രാഷ്ട്രീയ സമീപനം ഉണ്ടായിരുന്ന കാലം മാറി , വ്യക്തികളില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു പോകുന്ന അവസ്ഥ ആയി.
പിന്നെ , അതും മാറി..

അധികാരലഹരിയോളം വലുത് മറ്റൊന്നില്ല എന്ന് ബോധ്യപ്പെടുന്ന ചില സംഭവങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരായ പൊതുജനത്തിന്റെ യുക്തിയ്ക്ക് നിരക്കാത്തതായിരുന്നു.. അധികാരത്തില്‍ വന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഒരേ മുഖമാണ്..! മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങാന്‍ വയ്യ.. മന്ദബുദ്ധിയെപ്പോലെ കേട്ടിരുന്നാലും..!ഒറ്റ പ്രാര്‍ത്ഥന മാത്രം...ഈ അമ്മയ്ക്ക് നീതി വേണം..

ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒരു പാര്‍ട്ടിയുടെയും കുരുട്ടുബുദ്ധി പതിക്കാതെ ഒരു നീതി..,സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇല്ലാത്ത, മാതൃത്വത്തെ അപമാനിക്കുന്ന നീക്കങ്ങള്‍ ഒഴിവാക്കിയിട്ട്....ഒരു നീതി..! ഏത് പാര്‍ട്ടി ആയാലും നേതാവായാലും ഉറവിടം ഒരു ഗര്‍ഭപാത്രം ആണല്ലോ..അതിനെ ചവിട്ടിമെതിക്കരുത്..

മനുഷ്യ ചേതനയെ തട്ടി ഉണര്‍ത്തുന്ന കാര്യമായിട്ടു കൂടി എന്തുകൊണ്ട് ജിഷ്ണുവിന് നീതി കിട്ടുന്നില്ല..? മനസാക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ , വലിയ വില കൊടുക്കേണ്ടി വരുമെന്ന ഭയമാണോ വേണ്ടപ്പെട്ടവര്‍ക്ക്..? ഇവിടെ ഒരു 'അമ്മ' ആണ് കൈ നീട്ടുന്നത്. നീതി നടപ്പിലാക്കാന്‍ വേണ്ടി ..

യുക്തിയും ബുദ്ധിയും അവരില്‍ ഉണരില്ല..നഷ്ടപ്പെട്ട മകന്റെ മുഖമല്ലാതെ മറ്റൊന്നും അവര്‍ക്കു പ്രശ്‌നമാകില്ല..മകന്‍ നഷ്ടമായി കഴിഞ്ഞു..അതിലും വലുത് ഇനി വരാനില്ല. സ്വാര്‍ത്ഥ ലാഭത്തിനായി  കരുക്കള്‍ നീക്കുന്ന  എല്ലാവര്‍ക്കും ചിന്തിക്കാം. താനും ഒരു അമ്മയില്‍ നിന്നാണ് ഉണ്ടായതെന്ന്. നാളെ മറ്റൊരാള്‍ക്ക് ഈ അവസ്ഥ വരരുത്.  നിയമത്തിനു ചുറ്റിലും ചൂഴ്ന്നു നില്‍ക്കുന്ന അന്ധതയുടെ കനത്ത മതിലുകള്‍ പിഴുതെറിയേണ്ട സമയം കഴിഞ്ഞു. നട്ടെല്ലില്ലാത്ത നിയമസംവിധാനങ്ങള്‍ അഴിച്ചു പണിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു..!

അഡ്വ. ലീലാവതി 

ഞാന്‍ വക്കീലായി ജോലിയില്‍ പ്രവേശിക്കുന്നത് 1959ല്‍ ആണ്. അന്ന് സ്ത്രീ സുരക്ഷയ്ക്ക് നിയമങ്ങളൊന്നുമില്ല.  ഇന്നത്തെപ്പോലെ അതിക്രമങ്ങളും ഇല്ല.പണ്ടൊക്കെ സ്ത്രീയെ അബലകളായിട്ടാണ് ചിത്രീകരിച്ചത്. പക്ഷേ സ്ത്രീയില്ലാതെ ഒന്നും നടക്കുകയുമില്ലായിരുന്നു.  ആരും നിഷ്‌കരുണം ഉപദ്രവിക്കാന്‍ ഒരുമ്പെടാറില്ലായിരുന്നു.

ഇന്ന് ആളുകള്‍ക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷേ മൃഗീയ ചിന്താഗതിയായിപ്പോയി. നിയമം ഉണ്ടെങ്കിലും നടപ്പിലാക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മയാണ് ഇത്തരം കേസുകളില്‍ കാണുന്നത്.  അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സംഘടിക്കാതെ നിവൃത്തിയില്ല.