പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികളെ അവരുടെ വീട്ടിലും പെണ്‍കുട്ടികളുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച നാലരയോടെയാണ് രണ്ടുതവണയായി പ്രതികളെ എത്തിച്ചത്. പ്രദീപിനുനേരെ നാട്ടുകാര്‍ കൈയേറ്റത്തിന് ശ്രമിച്ചപ്പോള്‍ പോലീസ് അവരെ വിരട്ടിമാറ്റി.

rape
പ്രതീകാത്മക ചിത്രം

കനത്ത സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്നു പ്രതികളെ കൊണ്ടുവന്നത്. പ്രതി വി. മധുവിനെ ആദ്യം കല്ലങ്കാട്ടെ വീട്ടിലെത്തിച്ചു. പിന്നീട് പ്രദീപ് കുമാറിനെയും കൊണ്ട്‌  ശെല്‍വപുരത്തെ വീട്ടിലെത്തി. മരിച്ച പെണ്‍കുട്ടികളുടെ വീടിന് തൊട്ടുപിറകിലാണ് പ്രദീപിന്റെ വീട്.

ട്യൂഷനും മറ്റുമായി വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടികളെ പ്രദീപ് പീഡിപ്പിച്ചിരുന്നതായാണ് പോലീസിനു ലഭിച്ച മൊഴി. പ്രദീപിനെ വീട്ടില്‍നിന്ന് തിരിച്ചിറക്കുമ്പോഴാണ് നാട്ടുകാര്‍ കൈയേറ്റത്തിന് ശ്രമിച്ചത്. സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങിയതോടെ പോലീസ് പ്രതികളെ വിരട്ടിമാറ്റി. പ്രതിയെ ഉടന്‍ പോലീസ് വാഹനത്തിലെത്തിച്ചു.

ഇതിനിടെ പെണ്‍കുട്ടികളുടെ ഉറ്റ ബന്ധുക്കളെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കളും നാട്ടുകാരുമെത്തി. കുട്ടികളുടെ മരണത്തിലേക്കുന്നയിച്ച എല്ലാവരെയും കണ്ടെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പെണ്‍കട്ടികളുടെ അമ്മയുടെ ബന്ധുക്കളാണ് അറസ്റ്റിലായ എം. മധുവും വി. മധുവും.

പോലീസ് എല്ലാം അന്വേഷിക്കുമെന്നുപറഞ്ഞ് രംഗം ശാന്തമാക്കി. വീടിന് പരിസരത്തുണ്ടായിരുന്നവരും മാധ്യമ പ്രവര്‍ത്തകരും പോയെന്ന് ഉറപ്പാക്കി അരമണിക്കൂറിനുശേഷമാണ് കുട്ടിമധു എന്ന എം. മധുവിനെയും ഷിബുവിനെയും തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇവരെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു വര്‍ഷങ്ങളായി പെണ്‍കുട്ടികളുടെ വീട്ടില്‍ത്തന്നെയാണ് താമസിക്കുന്നത്.

ഡിവൈ.എസ്.പി. എം.ജെ. സോജന്‍, സി.ഐ. പ്രേമാനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൊണ്ടുവന്നത്. നാലുദിവസമാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. കസബ പോലീസ്സ്‌റ്റേഷനിലാണ് അന്വേഷണസംഘം നാല് പ്രതികളെയും ചോദ്യംചെയ്യുന്നത്. പ്രതികളുടെയും മരിച്ച രണ്ടാമത്തെ കുട്ടിയുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.