കായംകുളം: ബൈക്കില്‍ പോയ ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചു. പരിക്കേറ്റ ആറാട്ടുപുഴ തൈശ്ശേരില്‍ ഷെമീറിന്റെ ഭാര്യ ഫൗസിയ (23)യെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണമ്പള്ളിഭാഗം ഇല്ലിക്കുളത്ത് തെക്കതില്‍ ഷെഫീക്ക് (27), ഷെഹിദാര്‍ പള്ളിയ്ക്ക് സമീപം പ്ലാമൂട്ടില്‍ സലിം (33)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ കായംകുളം-മുതുകുളം റോഡിലാണ് സംഭവം. 

കായംകുളത്ത് വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരായ ഷെമീറും സഹോദരന്‍ ഹാഷിമും കടയടച്ചശേഷം ബന്ധുവീട്ടിലായിരുന്ന ഭാര്യമാരേയും കൂട്ടി രണ്ട് ബൈക്കുകളില്‍ മടങ്ങുകയായിരുന്നു.

ഒ.എന്‍.കെ. ജങ്ഷന് പടിഞ്ഞാറ് കരുവില്‍ പീടികമുക്കില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം ഹാഷിമിനേയും ഭാര്യ അന്‍സിയായേയും തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തു. ഭാര്യാഭര്‍ത്താക്കന്മാരാണെന്നതിന് തെളിവ് നല്‍കണമെന്നായിരുന്നു ആവശ്യം.

ഇതേച്ചൊല്ലി തര്‍ക്കം നടക്കുമ്പോഴാണ് ഷെമീറും ഭാര്യ ഫൗസിയയും ബൈക്കിലെത്തുന്നത്. യുവാക്കളുടെ നടപടിയെ ഷെമീറും എതിര്‍ത്തു.

ബഹളംകേട്ട് പരിസരവാസികളെത്തിയതിനെ തുടര്‍ന്ന് യുവാക്കള്‍ പിന്മാറി. തുടര്‍ന്ന് ദമ്പതിമാര്‍ ബൈക്കുകളില്‍ യാത്രതുടര്‍ന്നു. പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ പുളിമുക്ക് ജങ്ഷനില്‍ വെച്ച് ഷെമീറിന്റെ ബൈക്ക് തടഞ്ഞു.

ഇതിനെ ചോദ്യംചെയ്തപ്പോള്‍ കൈയേറ്റം ചെയ്യുകയും തടയാന്‍ ശ്രമിച്ച ഫൗസിയയെ പിടിച്ചു തള്ളുകയും ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഫൗസിയയ്ക്ക് പരിക്കേറ്റത്.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവെക്കുകയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.