മൂലമറ്റം: പരസ്യചിത്രീകരണം കഴിഞ്ഞ് മടങ്ങും വഴി ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ തണ്ണീര്‍മുക്കം മുഹമ്മയ്ക്ക് സമീപം തോട്ടുങ്കല്‍ പരേതനായ മണിയുടെ മകന്‍ എം.ഷൈജു (40) വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Accidentതളിക്കുളം സ്വദേശി മൂലയില്‍വീട്ടില്‍ മഹേഷ് (29), ചെങ്ങമനാട് വെളിയത്ത് വീട്ടില്‍ ശരത്ത് (27), വാഹന ഡ്രൈവര്‍ ചെങ്ങമനാട് പരപ്പന്‍തുകിലില്‍ വീട്ടില്‍ സുഭാഷ് (33), മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഒഴുകയില്‍വീട്ടില്‍ ബൈജു (38), പുന്നപ്ര കളത്തില്‍വീട്ടില്‍ ബോബി എന്ന് വിളിക്കുന്ന ജോണ്‍ മാത്യു(33) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ജോണ്‍, ബൈജു എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. മറ്റുള്ളവര്‍ക്കും സാരമായ പരിക്കുണ്ട്.

തിങ്കളാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടേകാലോടെ മൂലമറ്റം എടാടിന് സമീപം പെരിങ്ങാടാണ് അപകടം. വാഗമണില്‍ സണ്‍ഗ്ലാസിന്റെ പരസ്യചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്ന എറണാകുളം മദര്‍ലാന്‍ഡ് സിനി യൂണിറ്റിലെ ലൈറ്റ് അസിസ്റ്റന്റ് ടെക്നീഷന്‍മാരാണ് അപകടത്തില്‍പ്പെട്ടത്.

കുത്തനെയുള്ള ഇറക്കത്തില്‍ എടാട് പെരിങ്ങാടിന് സമീപത്ത് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. സമീപത്തെ പാറയില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍നിന്ന് അറുപതടിയോളം താഴെ പാറക്കെട്ടില്‍ വാഹനം തടഞ്ഞുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം താഴേക്ക് പതിക്കുന്നതിനിടയില്‍ തെറിച്ചുവീണ ഷൈജുവാണ് മരിച്ചത്. മറ്റുള്ളവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാട്ടുചെടികള്‍ നിറഞ്ഞതും ഒറ്റപ്പെട്ടതുമായ പ്രദേശമായതിനാല്‍ അപകടവിവരം പുറത്താരുമറിഞ്ഞിരുന്നില്ല. ഒരാളൊഴികെയുള്ളവര്‍ ഏറെ പരിശ്രമിച്ച് പുറത്തിറങ്ങിയെങ്കിലും കൊക്കയില്‍നിന്ന് കയറാനായില്ല. ഇതേ തുടര്‍ന്ന് പരിക്കേറ്റ് കുടുങ്ങിക്കിടന്നവര്‍ തന്നെ അവരുടെ മൊബൈലില്‍നിന്ന് 100ലേക്കും 101ലേക്കും വിളിക്കുകയായിരുന്നു.

എന്നാല്‍, സന്ദേശം ലഭിച്ച കാഞ്ഞാര്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥിരം അപകടമേഖലയായ കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് പോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് മണിയോടെ എടാട് പെരിങ്ങാടിന് സമീപം അപകടത്തില്‍പ്പെട്ട വാഹനം കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പോലീസും കയറില്‍ തൂങ്ങിയിറങ്ങി വടം ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനം സമീപത്തുള്ള മരത്തില്‍ കെട്ടി നിര്‍ത്തി. ഇതിനുശേഷമാണ് ഉള്ളില്‍ കുടുങ്ങിയയാളെ പുറത്തിറക്കിയത്.

ഷൈജുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷൈജുവിനുമേല്‍ പാറക്കഷണങ്ങള്‍ വീണ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സ് സംഘം കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ സാഹസികമായാണ് റോഡിലെത്തിച്ചത്.

പരിക്കേറ്റവരെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ തൊടുപുഴയിലെ ആസ്പത്രിയിലെത്തിച്ചു. മൂലമറ്റം ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ശശീന്ദ്രബാബു, കാഞ്ഞാര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വി.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അഡീഷണല്‍ എസ്.ഐ.നാസ്സര്‍ പി.എസ്സിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ഷൈജുവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അരുന്ധതിയാണ് മരിച്ച ഷൈജുവിന്റെ അമ്മ. ഭാര്യ: ആരതി. മക്കള്‍: അഭിജിത്ത് (ഒന്നാം ക്ലാസ്, മുഹമ്മ സി.എം.എസ്.എല്‍.പി.സ്‌കൂള്‍), അക്ഷര (രണ്ട് വയസ്). ശവസംസ്‌കാരം നടത്തി.