തിരുവനന്തപുരം: ഉന്നതരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായുള്ള ആക്ഷേപങ്ങള്‍ക്ക് പുതുമയില്ല. അത്തരം ആരോപണങ്ങള്‍ സര്‍ക്കാരും പോലീസും നിഷേധിക്കുകയാണ് പതിവ്. മുഖ്യമന്ത്രിയുള്‍പ്പെടെ 27 പേരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി നിയമസഭയില്‍ കഴിഞ്ഞദിവസം ആരോപണമുയര്‍ന്നിരുന്നു. ഇതും പോലീസ് നിഷേധിച്ചു. എന്നാല്‍, അനധികൃതമായി പലരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നു.

നിയമം ഇങ്ങനെ  ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ 5(2) വകുപ്പും 2000ലെ വിവരസാങ്കേതികതാ നിയമത്തിലെ 69ാം വകുപ്പും പോലീസിന് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വലിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും മാത്രമാണിത്.

ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം. ഒരു ഫോണ്‍ ചോര്‍ത്താന്‍ രണ്ടുമാസം വരെയാണ് അനുമതി നല്‍കുന്നത്. കൂടുതല്‍ കാലത്തേക്ക് ചോര്‍ത്തണമെങ്കില്‍ വീണ്ടും അനുമതി വാങ്ങണം. ചോര്‍ത്തുന്ന നമ്പറുകളുടെ പട്ടിക മൂന്നു മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരുടെ സമിതി അവലോകനം ചെയ്യണം. ചോര്‍ത്തിയ വിവരങ്ങള്‍ രണ്ടുമാസത്തിനകം നശിപ്പിച്ചുകളയണമെന്നും വ്യവസ്ഥയുണ്ട്.

ഐ.ജി. പദവിയിലുള്ളവര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ ചോര്‍ത്താം. ഏഴു ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണമെന്ന് മാത്രം.

സൈബര്‍ ഡോം

എട്ടു സര്‍വീസ് ദാതാക്കളാണു കേരളത്തില്‍ മൊബൈല്‍ ഫോണ്‍ സൗകര്യം നല്‍കുന്നത്. ഫോണ്‍ ചോര്‍ത്തേണ്ട വ്യക്തിയുടെ നമ്പറില്‍ത്തന്നെയുള്ള മറ്റൊരു സിംകാര്‍ഡുകൂടി സേവനദാതാക്കള്‍ ഇന്റലിജന്‍സ് അധികൃതര്‍ക്ക് നല്‍കാറുണ്ട്. റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണം പോലീസ് അധികാരികള്‍ മൊബൈല്‍ സേവനദാതാക്കളില്‍നിന്ന് സ്വീകരിക്കുന്ന രീതിയുമുണ്ട്. പോലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗമായ സൈബര്‍ ഡോമില്‍ ഫോണ്‍ ചോര്‍ത്തുന്നതിനും ഇമെയിലുകള്‍ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്. അബ്കാരിലഹരിമരുന്നു കേസുകളുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പും ഫോണ്‍ ചോര്‍ത്തുന്നു.

ഒരേസമയം അനേകം ഫോണുകള്‍ ചോര്‍ത്താന്‍കഴിയുന്ന സംവിധാനം പോലീസ് തിരുവനന്തപുരം പേരൂര്‍ക്കട മണ്ണാമ്മൂലയിലെ വാടകക്കെട്ടിടത്തില്‍ സ്ഥാപിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഈ സംവിധാനം വേണ്ടെന്നുവെച്ചെങ്കിലും ഇപ്പോഴും ഈ ഉപകരണങ്ങള്‍ പോലീസിന്റെ കൈവശമുണ്ടെന്നാണ് സൂചന.

ഫോണ്‍ ചോര്‍ത്താന്‍ സ്വകാര്യസ്ഥാപനങ്ങളും

വിദേശനിര്‍മിത അത്യാധുനിക ഉപകരണങ്ങള്‍ വഴി കേരളത്തിലെ ചില സ്വകാര്യസ്ഥാപനങ്ങള്‍ ഫോണ്‍ ചോര്‍ത്തുന്നതായുള്ള സംശയം പോലീസിനുണ്ട്. ഇത്തരം സംവിധാനങ്ങള്‍ നിരോധിച്ച് 2011 മെയ് മൂന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചോര്‍ത്തലിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

മാവോവാദികള്‍, മതതീവ്രവാദികള്‍

ആഭ്യന്തരസെക്രട്ടറിയുടെ അനുമതി പ്രകാരം നൂറോളം പേരുടെ ഫോണുകള്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. മാവോവാദിസംഘങ്ങളുമായി ബന്ധമുള്ളവരുടെയും ഭീകരസംഘടനയായ ഐ.എസുമായി അനുഭാവമുണ്ടെന്ന് സംശയിക്കുന്നവരുടെയും ഫോണുകള്‍ ഇതില്‍പ്പെടും.

വിവാദങ്ങള്‍ അന്നും ഇന്നും

* പോലീസ് നിയമവിരുദ്ധമായി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണം ഇതുവരെയും എങ്ങുമെത്തിയില്ല.

*കോട്ടയത്തെ ഒരു ഉന്നത സി.പി.എം. നേതാവ് തന്റെ ഫോണ്‍ ചോര്‍ത്തിയതായി ജില്ലാ കമ്മിറ്റി അംഗത്തിന്റെ ആരോപണം. അംഗത്തിന്റെ പാര്‍ട്ടിവിരുദ്ധബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ചോര്‍ത്തല്‍ നടത്തിയതെന്നായിരുന്നു വിശദീകരണം.

* കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആക്ഷേപമുയര്‍ന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചെങ്കിലും സംശയങ്ങള്‍ നീക്കാന്‍ സര്‍ക്കാരിനായില്ല. ഇന്റലിജന്‍സ് അധികൃതരായിരുന്നു അന്ന് പ്രതിസ്ഥാനത്ത്.

* ടി.വി. രാജേഷ് എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണമുയര്‍ന്നതും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത്. രാജേഷിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും എന്നാല്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറയാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.